പോത്തൻകോട് കൊലപാതകം: മണിക്കൂറുകൾ കൊണ്ട് പ്രതിയെ പൊക്കി പോലീസ്, നിർണായകമായത് സിസിടിവി ദൃശ്യം
തിരുവനന്തപുരം: തിരുവനന്തപുരം കൊയ്തൂർക്കോണത്തെ വയോധികയുടെ കൊലപാതകത്തിൽ പ്രതി പോലീസ് പിടിയിൽ. പോക്സോ കേസിൽ ഉൾപ്പെടെ പ്രതിയായ പോത്തൻകോട് സ്വദേശി തൗഫീഖാണ് പോലീസിന്റെ പിടിയിലായത്. ഇയാളുടെ പക്കിൽ നിന്ന് തങ്കമണിയുടെ കമ്മൽ കണ്ടെത്തി. പ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.
സി സി ടി വി ദൃശ്യങ്ങൾ ഇയാളെ പിടികൂടുന്നതിൽ നിർണായകമായി. ഒറ്റയ്ക്ക് താമസച്ചിരുന്നു 67 കാരിയായ തങ്കമണിയുടെ മൃതദേഹം ഇന്ന് രാവിലെയാണ് വീടിന് തൊട്ടടുത്ത് നിന്ന് കണ്ടെത്തിയത്. മണിക്കൂറുകൾ കൊണ്ടാണ് പ്രതിയെ പോലീസ് പിടികൂടിയത്. ഇന്ന് രാവിലെ ഏഴ് മണിക്കാണ് തങ്കമണിയുടെ മൃതദേഹം തൊട്ടടുത്ത് താമസിക്കുന്ന ഇവരുടെ സഹോദരി വീട്ടുപരിസരത്ത് കണ്ടത്.

എല്ലാ ദിവസവും രാവിലെ പൂജയ്ക്കായി പൂക്കൾ പറിക്കാൻ പോകുന്ന ശീലം തങ്കമണിക്കുണ്ടായിരുന്നു. പുക്കൾ പറിച്ച് മടങ്ങവേയാണ് കൊലപാതകമെന്നാണ് നിഗമനം. മുഖത്ത് മുറിവുകൾ ഉണ്ടായിരുന്നു, ബ്ലൗസ് കീറിയ നിലയിലായിരുന്നു. ഉടുത്തിരുന്ന ലുങ്കി കൊണ്ട് മൃതദേഹം മൂടിയിരുന്നു. കമ്മലുകൾ നഷ്ടമായിരുന്നു.
സമീപത്ത് നിന്ന് ലഭിച്ച സി സി ടി വി ദൃശ്യങ്ങളിൽ നിന്നാണ് പോത്തൻകോട് സ്വദേശിയായ തൗഫീഖിലേക്ക് സംശയം എത്തുന്നത്. മേൽ വസ്ത്രമില്ലാത്ത ഇയാളുടെ ദൃശ്യങ്ങൾ സി സി ടിവി യിൽ നിന്ന് പോലീസിന് കിട്ടി. ഇതിന് പിന്നാലെയാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ഇയാളുടെ പക്കൽ നിന്ന് തങ്കമണിയുടെ കമ്മൽ പോലീസ് കണ്ടെത്തി. ഇയാൾക്കെതിരെ പോക്സോ, കവർച്ച കേസുകളുണ്ടെന്ന് പോലീസ് അറിയിച്ചു.
തിരുവനന്തപുരം രാജാജി നഗറിൽ നിന്ന് മോഷ്ടിച്ച ബൈക്കുമായാണ് തൗഫീഖ് ഇന്നലെ ഇവിടെ എത്തിയത്. കൊലയ്ക്ക് പിന്നിലെ ഉദ്ദേശം അടക്കം മനസ്സിലാക്കാൻ പോലീസ് വിശദമായി തൗഫീഖിനെ ചോദ്യം ചെയ്യുകയാണ്. തങ്കമണി താമസിച്ചിരുന്നത് ബന്ധുക്കളുടെ വീടിന് സമീത്ത് ആയിരുന്നു.












Click it and Unblock the Notifications