Get Updates
Get notified of breaking news, exclusive insights, and must-see stories!

ചലച്ചിത്ര പുരസ്‌കാര മാമാങ്കത്തിനൊരുങ്ങി തലസ്ഥാനം; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, മുഖ്യമന്ത്രി സമ്മാനിക്കും

തിരുവനന്തപുരം: 2021ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളുടെ സമര്‍പ്പണച്ചടങ്ങ് സംഘടിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നാളെ വൈകിട്ട് ആറുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങിന്റെ ഉദ്ഘാടനവും പുരസ്‌കാര സമര്‍പ്പണവും നിര്‍വഹിക്കും. സഹകരണ, രജിസ്‌ട്രേഷന്‍, സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ അധ്യക്ഷത വഹിക്കും.

കേരള സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്രബഹുമതിയായ ജെ സി ഡാനിയേല്‍ അവാര്‍ഡ് സംവിധായകന്‍ കെ.പി കുമാരന് മുഖ്യമന്ത്രി സമ്മാനിക്കും. ടെലിവിഷന്‍ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പ്രഥമ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ശശികുമാര്‍ മുഖ്യമന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങും.

pinarayi

മികച്ച നടനുള്ള അവാര്‍ഡ് പങ്കിട്ട ബിജു മേനോന്‍, ജോജു ജോര്‍ജ്, നടി രേവതി, സംവിധായകന്‍ ദിലീഷ് പോത്തന്‍, മികച്ച ചിത്രത്തിന്റെ സംവിധായകന്‍ കൃഷാന്ദ് ആര്‍.കെ, ജനപ്രീതി നേടിയ ചിത്രത്തിന്റെ സംവിധായകന്‍ വിനീത് ശ്രീനിവാസന്‍, അവലംബിത തിരക്കഥയ്ക്ക് അംഗീകാരം നേടിയ ശ്യാംപുഷ്‌കരന്‍, എഡിറ്റര്‍ മഹേഷ് നാരായണന്‍, ഛായാഗ്രാഹകന്‍ മധു നീലകണ്ഠന്‍, ഗാനരചയിതാവ് ബി.കെ ഹരിനാരായണന്‍ തുടങ്ങി 50 പേര്‍ മുഖ്യമന്ത്രിയില്‍നിന്ന് അവാര്‍ഡുകള്‍ ഏറ്റുവാങ്ങും. പുരസ്‌കാര സമര്‍പ്പണച്ചടങ്ങിനുശേഷം വിവിധ സംഗീതധാരകളെ കോര്‍ത്തിണക്കിക്കൊണ്ടുള്ള 'സൗണ്ട് ഓഫ് മ്യൂസിക്' എന്ന സംഗീതപരിപാടി ഉണ്ടായിരിക്കും.

2021ലെ ചലച്ചിത്ര അവാര്‍ഡിന്റെ വിശദാംശങ്ങളടങ്ങിയ പുസ്തകം പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജുവിന് നല്‍കി പ്രകാശനം ചെയ്യും. മലയാള സിനിമ : നാള്‍വഴികള്‍ എന്ന റഫറന്‍സ് ഗ്രന്ഥത്തിന്റെ രണ്ടാം വോള്യത്തിന്റെ പ്രകാശനം ഭക്ഷ്യ, സിവില്‍ സപൈ്‌ളസ് വകുപ്പ് മന്ത്രി അഡ്വ.ജി.ആര്‍ അനില്‍ അഡ്വ.വി.കെ പ്രശാന്ത് എം.എല്‍.എക്കു നല്‍കിക്കൊണ്ട് നിര്‍വഹിക്കും. മേയര്‍ ആര്യാ രാജേന്ദ്രന്‍, ശശി തരൂര്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ് കുമാര്‍, കെ.എസ്.എഫ്.ഡി.സി ചെയര്‍മാന്‍ ഷാജി എന്‍.കരുണ്‍, സാംസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് ഐ.എ.എസ്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്, വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, സെക്രട്ടറി സി.അജോയ് തുടങ്ങിയവര്‍ പങ്കെടുക്കും.

പുരസ്‌കാര സമര്‍പ്പണച്ചടങ്ങിനുശേഷം ബിജിബാല്‍ നയിക്കുന്ന സൗണ്ട് ഓഫ് മ്യൂസിക് എന്ന സംഗീത പരിപാടിയില്‍ ഗായത്രി, നജിം അര്‍ഷാദ്, 2021ലെ മികച്ച പിന്നണി ഗായകനുള്ള അവാര്‍ഡ് നേടിയ പ്രദീപ് കുമാര്‍, സംഗീത സംവിധായകനുള്ള പുരസ്‌കാരം നേടിയ ഹിഷാം അബ്ദുല്‍ വഹാബ്, ജനപ്രീതി നേടിയ ചിത്രത്തിന്റെ സംവിധായകനും പിന്നണി ഗായകനുമായ വിനീത് ശ്രീനിവാസന്‍, രാജലക്ഷ്മി, സൂരജ് സന്തോഷ്, സംഗീതാ ശ്രീകാന്ത്, രൂപ രേവതി, സൗമ്യ രാമകൃഷ്ണന്‍ തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിക്കും.

ചലച്ചിത്ര വിഭാഗം ജൂറി ചെയര്‍മാന്‍ സയ്യിദ് മിര്‍സ, രചനാ വിഭാഗം ജൂറി ചെയര്‍മാന്‍ വി.കെ ജോസഫ്, ചലച്ചിത്ര അവാര്‍ഡ് ജൂറി അംഗങ്ങളായ സുന്ദര്‍ദാസ്, ഫൗസിയ ഫാത്തിമ, ബൈജു ചന്ദ്രന്‍, ജിസ്സി മൈക്കിള്‍, വേണുഗോപാല്‍, വി.ആര്‍.സുധീഷ്, രചനാവിഭാഗം ജൂറി അംഗമായ ഡോ.അജു കെ.നാരായണന്‍, ടെലിവിഷന്‍ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ജൂറി അംഗവും മാധ്യമപ്രവര്‍ത്തകനുമായ വെങ്കിടേഷ് രാമകൃഷ്ണന്‍ എന്നിവരും ചലച്ചിത്രപ്രവര്‍ത്തകരും സാംസ്‌കാരിക രംഗത്തെ പ്രമുഖരും ചടങ്ങില്‍ സംബന്ധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+