കോവളത്തുകാര്‍ക്ക് അമ്പരപ്പ്; കടല്‍തിരമാലകള്‍ക്ക് പച്ചനിറം, മീനുകള്‍ക്ക് കൂട്ടത്തോടെ നാശം?
വിഴിഞ്ഞം: തിരുവനന്തപുരം ജില്ലയിലെ തീരക്കടലില്‍ പകല്‍ പച്ച നിറത്തിലും രാത്രിയില്‍ നീലയും ചുവപ്പും ഓറഞ്ചും നിറത്തിലും തിളങ്ങുന്നു. ആല്‍ഗകളുടെ സാന്നിദ്ധ്യമാണ് ഇതിന് കാരണം. കടലിലെ മീനുകളെ നശിപ്പിക്കാന്‍ സാധിക്കുന്ന നോക്ടി ലൂക്ക ആല്‍ഗകളുടെ സാന്നിദ്ധ്യമുണ്ടെന്നാണ് ശാസ്ത്രഞ്ജര്‍ വ്യക്തമാക്കുന്നത്. കോവളം സമുദ്ര ബീച്ചിന് സമീപം ശനിയാഴ്ച രാത്രി വൈകിയാണ് ഇവയുടെ വന്‍ സാന്നിദ്ധ്യം കണ്ടെത്തിയത്.

നോക്ടി ലൂക്ക ആല്‍ഗകളുടെ സാന്നിദ്ധ്യം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജില്ലയിലെ തീരങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഫ്‌ളൂറസെന്റ് നിറത്തിലുള്ള പച്ച വെളിച്ചം പോലെയായിരുന്നു തിരമാലകള്‍ തിളങ്ങിയത്. കോവളം ലൈറ്റ് ഹൗസ് ബീച്ച്, അടിമലത്തുറ എന്നിവിടങ്ങളിലെ തീരക്കടലാണ് കഴിഞ്ഞ ദിവസം പച്ചനിറത്തില്‍ കാണപ്പെട്ടത്.

രാത്രിയില്‍ ചില സമയങ്ങളില്‍ നീലയും ചിലപ്പോള്‍ ചുവപ്പ്, ഓറഞ്ച് നിറത്തിലും ഇവ കാണപ്പെടുന്നു. ആല്‍ഗാ ബ്ലൂം എന്ന പ്രതിഭാസമാണ് ഇതിന് കാരണമെന്നാണ് വിദഗ്ദര്‍ പറയുന്നത്. കഴിഞ്ഞ മൂന്ന് ദിവസങ്ങള്‍ മുമ്പ് കോവളം വെട്ടുകാട് അടക്കമുള്ള തീരങ്ങളിലും ഇവയുടെ സാന്നിദ്ധ്യം വലിയ രീതിയില്‍ കണ്ടെത്തിയിരുന്നു.

കടലിലെ മത്സ്യസമ്പത്തിനെ കാര്യമായ രീതിയില്‍ ബാധിക്കുന്ന പ്രതിഭാസമാണിത്. എന്നാല്‍ ഫിഷറിസ് മേഖലയില്‍ നിന്നും ആരും ഇവിടേക്ക് തിരിഞ്ഞുനോകിയിട്ടില്ലെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. നൈട്രജന്റെയും ഫോസ്ഫറിന്റെയും അളവ് വെള്ളത്തില്‍ കൂടുമ്പോള്‍ ആല്‍ഗകള്‍ക്ക് പെട്ടെന്ന് വളരാന്‍ സാധിക്കും.

ഇവ തിരമാലകളില്‍പ്പെടും. ഇതാണ് തിരയടിക്കുമ്പോഴുള്ള പച്ചനിറത്തിനുള്ള പ്രധാന കാരണം. കടലില്‍ നിന്ന് വെള്ളം ശേഖരിച്ച് പരിശോധിച്ചപ്പോള്‍ നോക്ടി ലൂക്ക ആല്‍ഗകളുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നതായി വിദഗ്ദര്‍ അറിയിച്ചു. ഇവ അധികമായി കാണുന്ന സ്ഥലങ്ങളില്‍ ഓക്‌സിജന്റെ അളവ് പെട്ടെന്ന് കുറയും. ഇതോടെ ഈ ഭാഗത്ത് ഉള്‍പ്പട്ട ജന്തുജാലങ്ങള്‍ പെട്ടെന്ന് ചത്തുപോകും.












Click it and Unblock the Notifications