നഗരസഭയിൽ അടച്ച നികുതി നഷ്ടപെട്ടെന്ന പ്രചരണം സത്യവിരുദ്ധം: മേയര്‍ ആര്യ രാജേന്ദ്രന്‍
തിരുവനന്തപുരം: നഗരസഭയിൽ ഒടുക്കിയ നികുതി നഷ്ടപെട്ടെന്ന പ്രചരണം സത്യവിരുദ്ധമെന്ന് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രന്‍. നഗരസഭയിൽ ജനങ്ങൾ ഒടുക്കിയ വീട്ടുകരം നഷ്ടപ്പെട്ടന്ന തരത്തിൽ ചില മാധ്യമങ്ങളും രാഷ്ട്രീയ പാർട്ടികളും നടത്തുന്ന പ്രചരണം സത്യവിരുദ്ധമാണ്. യഥാർത്ഥ വസ്തുത സംബന്ധിച്ച് പത്രസമ്മേളനം വിളിച്ചു തന്നെ എല്ലാ മാധ്യമങ്ങളോടും വിശദീകരിച്ചിരുന്നു. ഇന്നലെ നടന്ന നഗരസഭയുടെ പ്രത്യേക കൗൺസിൽ യോഗത്തിലും ഇക്കാര്യത്തിൽ നഗരസഭയെടുത്ത മുഴുവൻ നടപടികളും പ്രതിപാദിച്ചിരുന്നു.
യഥാർത്ഥത്തിൽ ജനങ്ങൾ ഒടുക്കിയ നികുതി നഗരസഭാ കണക്കുകളിൽ രേഖപ്പെടുത്താത്തതായ പ്രശ്നങ്ങൾ ഇല്ല. എന്നാൽ വരവ് വന്ന തുക സെക്രട്ടറിയുടെ പേരിലുള്ള നഗരസഭാ അക്കൗണ്ടിൽ ഒടുക്കുന്നതിന് ചുമതലപ്പെട്ടവർ വീഴ്ചവരുത്തി എന്ന പ്രശ്നമാണ് നിലവിലുള്ളതെന്നും മേയര്‍ പ്രസ്താവനയിലൂടെ വിശദീകരിച്ചു.2021 ജൂലൈ 6-ന് ശ്രീകാര്യത്ത് പണാപഹരണം ശ്രദ്ധയിൽപ്പെട്ട അന്നുതന്നെ വീഴ്ചവരുത്തിയ ജീവനക്കാർക്കെതിരെ നടപടിയെടുത്തു എന്ന് മാത്രമല്ല ആ വിവരം അന്ന് തന്നെ പത്രമാധ്യമങ്ങളെ വാർത്താകുറിപ്പിലൂടെ അറിയിക്കുകയും ചെയ്തിരുന്നു. നേമം സോണലിലും, ആറ്റിപ്ര സോണലിലും പണാപഹരണം നടന്നതായി 2021 സെപ്റ്റംബർ 22ന് റിപ്പോർട്ട് ലഭിക്കുകയും, അന്നുതന്നെ കുറ്റക്കാരനെന്ന് കണ്ടെത്തിയവരുടെ പേരിൽ നടപടി എടുക്കുകയും, ആ വിവരവും പത്രക്കുറിപ്പിലൂടെ മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തിരുന്നു.

നഗരസഭ തന്നെ അന്വേഷണം നടത്തുകയും, കുറ്റക്കാരുടെ പേരിൽ നടപടിയെടുക്കുകയും ചെയ്ത നിലവിലെ സംഭവവികാസങ്ങൾ മാധ്യമങ്ങൾ അറിഞ്ഞത് നഗരസഭ പത്രക്കുറിപ്പിലൂടെ ആണെന്നിരിക്കെ "നികുതിവെട്ടിപ്പ് സമ്മതിച്ച് മേയർ" എന്ന രീതിയിൽ ഒരു മാധ്യമത്തിൽ വന്ന വാർത്ത വസ്തുതകൾക്ക് നിരക്കാത്തതാണ്. നഗരസഭയിൽ പണാപഹരണം നടന്നുവെന്ന് 06.07.2021-ന് തന്നെ മാധ്യമങ്ങളെ അറിയിച്ചത് നഗരസഭാ വാർത്താകുറിപ്പിലൂടെ ആണെന്നിരിക്കെ ഇപ്പോൾ പുതുതായി മേയർ ഇക്കാര്യം സമ്മതിച്ചു എന്ന തരത്തിലെ വാർത്ത തെറ്റിദ്ധാരണ പരത്താനാണ്.
സുന്ദരീ... റെഡിൽ അതീവ സുന്ദരിയായി ഭാവനയുടെ ചിത്രങ്ങൾ, ഏറ്റെടുത്ത് ആരാധകർ
Recommended Video
നഗരസഭയിൽ നികുതി കൃത്യമായി ഒടുക്കിയ ഒരാളും വീണ്ടും അത്തരം നികുതി ഒടുക്കേണ്ട സാഹചര്യം നിലവിലില്ല. പണം അക്കൗണ്ടിൽ ഒടുക്കാത്തതിന് ചുമതലപ്പെട്ടവരുടെ പേരിൽ കർശന പൊലീസ് നടപടി ഉൾപ്പെടെ സ്വീകരിച്ചിട്ടുണ്ട്. സോഫ്റ്റ്‌വെയർ സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. വസ്തുതകൾ ഇതായിരിക്കെ നഗരസഭ സോണൽ ഓഫീസുകളിലെ പണാപഹരണവുമായി ബന്ധപ്പെട്ടുള്ള യഥാർത്ഥ വസ്തുതകൾ ജനങ്ങളിലേക്ക് എത്തിക്കാൻ മാധ്യമങ്ങൾ സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും മേയര്‍ ആര്യ രാജേന്ദ്രന്‍ അറിയിച്ചു.












Click it and Unblock the Notifications