ഇന്ധനവിലയില്‍ പ്രതിഷേധം കനക്കുന്നു; സൈക്കിള്‍ ചവിട്ടി യുഡിഎഫ് എംഎല്‍എമാര്‍ നിയമസഭയിലേക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില കുറയ്ക്കുന്നില്ലെന്ന് ആരോപിച്ച് പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. ഇന്ധന വില ഇന്ന് നിയമ സഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിക്കാന്‍ നോട്ടീസ് നല്‍കിയതിന് പിന്നാലെ പ്രതിപക്ഷ എംഎല്‍എമാര്‍ സഭയിലേക്ക് എത്തിത് സൈക്കിളില്‍. ഇന്ധന വില കുറക്കാന്‍ സംസ്ഥാനവും തയ്യാറാവുക.
അധിക നികുതിയില്‍ ഇളവ് വരുത്തി ജനങ്ങള്‍ക്ക് ആശ്വാസം പകരുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് പ്രതിഷേധം. പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ യുഡിഎഫ് എംഎല്‍എമാര്‍ ഹോസ്റ്റലില്‍ നിന്നും നിയമസഭയിലേക്ക് സൈക്കിള്‍ ചവിട്ടി എത്തുകയായിരുന്നു.

കഴിഞ്ഞ ദിവസം കോവളം എംഎല്‍എ എം വിന്‍സെന്റ് സൈക്കിളില്‍ നിയമസഭയിലെത്തി പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുഡിഎഫ് എംഎല്‍എമാരുടെ പ്രതിഷേധം. എംഎല്‍എ ഹോസ്റ്റലില്‍ നിന്നും നിയമ സഭവരെയായിരുന്നു സൈക്കിള്‍ യാത്ര.
പെട്രോള്‍ വില കുറക്കാന്‍ ഒരു നടപടിയും സ്വീകരിക്കതെ കേവലം അധര വ്യായാമം നടത്തുന്ന സംസ്ഥാന സര്‍ക്കാരിനേയും ഇടത് പാര്‍ട്ടികളേയും തുറന്ന് കാണിക്കാന്‍ നമുക്ക് കഴിയണമെന്ന് മാത്യുകുഴല്‍ നാടന്‍ എംഎല്‍എ സമരത്തിന് ശേഷം ഫേസ്ബുക്കില്‍ കുറിച്ചു.
ഇന്ധന നികുതി ഭീകരത അവസാനിപ്പിക്കണമെന്ന് ഷാഫി പറമ്പില്‍ എംഎല്‍എയും ഫേസ്ബുക്കില്‍ കുറിച്ചു. ഇപ്പോഴും ഒരു ലിറ്റര്‍ പെട്രോളിന് 52 രൂപയിലധികം നികുതി കൊടുക്കേണ്ടി വരുന്നുണ്ട്. 27.90 കേന്ദ്രവും 24.3 സംസ്ഥാനവും ജനങ്ങളില്‍ നിന്ന് ഈടാക്കുകയാണ്. ഡീസല്‍ നികുതിയും ന്യായീകരിക്കാവുന്നതല്ല. സഭയ്ക്കകത്തും പുറത്തും പ്രതിഷേധം- ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ വ്യക്തമാക്കി.












Click it and Unblock the Notifications