തിരഞ്ഞെടുപ്പ് വിജയം കണ്ട് സിപിഎം നെഗളിക്കേണ്ടെന്ന് ചെന്നിത്തല; 2015നേക്കാൾ മികച്ചതെന്ന് മുല്ലപ്പള്ളി
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ ജനവിധി കോൺഗ്രസിന് എതിരല്ലെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. കേരളത്തിൽ കോൺഗ്രസിന്റെ അടിത്തറയ്ക്ക് ഒന്നും സംഭവിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് മുന്നേറ്റമുണ്ടാക്കിയ സാഹചര്യത്തിലാണ് കോൺഗ്രസിന്റെ പ്രതികരണവും പുറത്തുവരുന്നത്. അതേസമയം 2015ലെ തിരഞ്ഞടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ യുഡിഎഫിന് മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

മികച്ച പ്രകടനം
'തിരഞ്ഞെടുപ്പ് ഫലം കോൺഗ്രസിനും യുഡിഎഫിനും എതിരാണെന്നുള്ള ആരോപണം ശരിയല്ലെന്നും അത് പറയാനുള്ള കാരണങ്ങളും ചെന്നിത്തല ചൂണ്ടിക്കാണിക്കുന്നു. 2015ലെ തദ്ദേശതിരഞ്ഞെടുപ്പിലെ ഫലവുമായി താരമത്യം ചെയ്യുമ്പോൾ ഗ്രാമപഞ്ചാത്തുകളിലും മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും യുഡിഎഫിന് മികച്ച പ്രകടനം തന്നെ കാഴ്ചവെക്കാൻ സാധിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്തുകളിൽ 2015ൽ 365 പഞ്ചായത്തുകളാണ് യുഡിഎഫിന് ലഭിച്ചത്. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ അതിൽ നിന്ന് ഏറെ മുന്നോട്ടുപോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അന്തിമഫലത്തിനായി
തദ്ദേശ തിരഞ്ഞെടുപ്പിൽ കോർപ്പറേഷനുകളിലും യുഡിഎഫിന് മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിച്ചുവെന്നും അന്തിമ ഫലം കാത്തിരിക്കുകയാണെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു. ഈ തിരഞ്ഞെടുപ്പിനെ ഗൌരവത്തോടെയാണ് നോക്കിക്കാണുന്നതെന്നും നാളെ യുഡിഎഫിന്റെ രാഷ്ട്രീയകാര്യ സമിതി യോഗം ചേരുമെന്നും ഇക്കാര്യങ്ങൾ പരിശോധിക്കുമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.

ആഹ്ലാദിക്കാനില്ലെന്ന്
ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രകടനമാണ് ഉണ്ടായിട്ടുള്ളത്. സിപിഎമ്മിനും എൽഡിഎഫിനും അമിതമായി ആഹ്ലാദിക്കാൻ ഒന്നും തന്നെയില്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ പ്രകടനത്തിന് പിന്നാലെ വിജയം അംഗീകരിക്കുന്നുവെന്നും യുഡിഎഫിന് സംഘടനാ ദൌർബല്യമുണ്ടെന്നുമാണ് കെ സുധാകരന്റെ പ്രതികരണം. 377ലധികം പഞ്ചായത്തുകളിലാണ് യുഡിഎഫ് മുന്നേറ്റമുള്ളത്.

നെഗളിക്കാനില്ല
തദ്ദേശതിരഞ്ഞെടുപ്പിന്റെ ഫലം കണ്ട് സിപിഎം നെഗളിക്കേണ്ടെന്നാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. ഈ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നതോടെ യുഡിഎഫിന്റെ അടിത്തറയ്ക്ക് കോട്ടം സംഭവിച്ചിട്ടില്ലെന്നും ജില്ലാ പഞ്ചായത്തുകളിൽ മാത്രമാണ് പ്രതീക്ഷിച്ച രീതിയിൽ വിജയം കൈവരിക്കാൻ കഴിയാത്തതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. അതേ സമയം തിരഞ്ഞെടുപ്പിലെ പ്രകടനത്തിൽ സംഭവിച്ച പാളിച്ചകൾ യുഡിഎഫ് പരിശോധിക്കും. തിരുവനന്തപുരം കോർപ്പറേഷനിൽ സീറ്റുകൾ കുറഞ്ഞത് പ്രത്യേകം പരിശോധിക്കും. സർക്കാർ വിരുദ്ധ വികാരം പൂർണ്ണമായി പ്രതിഫലിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications