അനാഥരായ മക്കളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കണം, നെയ്യാറ്റിൻകര സംഭവത്തിൽ രമേശ് ചെന്നിത്തല
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ജപ്തി നടപടിക്കിടെ ആത്മഹത്യയ്ക്ക് ശ്രമിച്ച് മരണപ്പെട്ട രാജൻ- അമ്പിളി ദമ്പതികളുടെ മക്കളെ സർക്കാർ ഏറ്റെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തർക്കഭൂമി ഒഴിപ്പിക്കാനുളള നീക്കത്തിനിടെ ദേഹത്ത് പെട്രോൾ ഒഴിച്ച രാജന്റെ കയ്യിലെ ലൈറ്റർ പോലീസ് തട്ടിമാറ്റാൻ ശ്രമിക്കുന്നതിനിടെ ദേഹത്തേക്ക് തീ പടരുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാജൻ ആദ്യവും പിന്നീട് അമ്പിളിയും മരണത്തിന് കീഴടങ്ങി. ഇതോടെ ഇവരുടെ രണ്ട് ആൺ മക്കൾ അനാഥരായിരിക്കുകയാണ്
സംഭവത്തിൽ രമേശ് ചെന്നിത്തലയുടെ പ്രതികരണം: ''കുടിയൊഴിപ്പിക്കുന്നതിനിടെ ആത്മഹത്യയ്ക്കു ശ്രമിച്ച ദമ്പതികൾ മരിച്ച സംഭവം മനസിനെ ഉലച്ചുകളഞ്ഞു. ഭർത്താവിനു പുറമെ ഇന്ന് ഭാര്യയും മരിച്ചു. കുറച്ചു കരുതലോടെ കൈകാര്യം ചെയ്തിരുന്നെങ്കിൽ ഈ ദുരന്തം ഒഴിവാക്കാമായിരുന്നു. നിയമങ്ങൾ നടപ്പിലാക്കാനുള്ളതു തന്നെയാണ്. പക്ഷേ സഹാനുഭൂതിയോടെ സാഹചര്യങ്ങളെ വിലയിരുത്തി വേണം ഓരോ വിഷയങ്ങളും കൈകാര്യം ചെയ്യേണ്ടത്.

കോവിഡ് സമയത്ത് തൊഴിലും വരുമാനവും ഇല്ലാതെ ദുരിതത്തിലാണ് ലക്ഷോപലക്ഷം ജനങ്ങൾ. ചോറ് ഉണ്ണാനിരുന്ന പിതാവിന്റെ ഷർട്ടിനു പിടിച്ചു വലിച്ച് വെളിയിലിറക്കി എത്രയും പെട്ടെന്ന് കുടിയൊഴിഞ്ഞു പോകണം എന്ന് ഉദ്യോഗസ്ഥർ പറഞ്ഞെന്നാണ് മകൻ രാഹുൽരാജ് മാധ്യമങ്ങളോട് പറഞ്ഞത്.
അര മണിക്കൂർ സാവകാശം ചോദിച്ചിട്ടും ഉദ്യോഗസ്ഥർ അത് നൽകിയില്ലെന്ന് മകൻ പറയുന്നു.
Recommended Video
കോവിഡ് മൂലവും മറ്റു പലകാരണങ്ങളായും ദുരിതജീവിതം നയിക്കുന്ന ലക്ഷോപലക്ഷം ജനങ്ങളുടെ പ്രതിനിധിയാണ് മരിച്ച രാജനും അമ്പിളിയും. ഇനിയൊരിക്കലും ഇത്തരം ഒരു ദുരന്തം ഉണ്ടാകാതിരിക്കാൻ സർക്കാർ തലത്തിൽ കർശന നിർദ്ദേശവും നടപടിയും ഉണ്ടാകണം. നെയ്യാറ്റിൻകരയിലെ സംഭവത്തിൽ വിശദമായ അന്വേഷണവും കുറ്റക്കാർക്കെതിരെ നടപടിയും വേണം. മാന്യമായും മനുഷ്യത്വപരമായും ജനങ്ങളോട് സർക്കാരും അതിന്റെ പ്രതിനിധികളും ഇടപെടണം. രാജനും അമ്പിളിക്കും ആദരാഞ്ജലികൾ. ആ കുടുംബത്തിന്റെ വേദനയോടൊപ്പം നിൽക്കുന്നു. അനാഥരായ മക്കളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കണം.












Click it and Unblock the Notifications