വീണ്ടും മരണം; ചെള്ളുപനി ബാധിച്ച് 7ാം ക്ലാസുകാരന്‍ മരിച്ചു
തിരുവനന്തപുരം∙ ചെള്ള് പനി ബാധിച്ച് ഏഴാം ക്ലാസ് വിദ്യാർഥി മരിച്ചു. കിളിമാനൂർ ഗവ.എച്ച്.എസ്.എസിലെ വിദ്യാർഥി സിദ്ധാർഥ് (11) ആണ് മരിച്ചത്. ചൂട്ടയിൽ കാവുവിളാകത്ത് വീട്ടിൽ രതീഷ്-ശുഭ ദമ്പതികളുടെ മകൻ ആണ്. നാലു ദിവസം മുമ്പാണ് പനി ബാധിച്ചത്. തുടർന്ന് അടുത്തുള്ള പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെത്തിച്ചു ചികിൽസ നൽകി. ഇവിടെനിന്ന് പിന്നീട് എസ്എടി ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ചികിൽസയ്ക്കിടെ മരിച്ചു. തിരുവനന്തപുരത്ത് അടുത്തിടെ പത്താം ക്ലാസ് വിദ്യാർഥിനി അശ്വതി ഉൾപ്പെടെ രണ്ട് പേർ ചെള്ള് പനി ബാധിച്ച് മരിച്ചിരുന്നു.

ഓറിയൻഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന പകർച്ചവ്യാധിയാണ് ചെള്ളു പനി അഥവാ സ്‌ക്രബ് ടൈഫസ്. പ്രധാനമായും എലി, അണ്ണാൻ, മുയൽ തുടങ്ങിയ കരണ്ടു തിന്നുന്ന ജീവികളിൽ ഈ രോഗാണുക്കൾ കാണപ്പെടുന്നത്. എന്നാൽ മൃഗങ്ങളിൽ ഇത് രോഗമുണ്ടാക്കുന്നില്ല. ചെറു പ്രാണികളായ മൈറ്റുകളുടെ ലാർവ ദശയായ ചിഗ്ഗർ മൈറ്റുകൾ വഴിയാണ് മൃഗങ്ങളിൽ നിന്നു മനുഷ്യരിലേക്കു രോഗം പകരുന്നത്.
പതിനഞ്ചാമത് രാഷ്ട്രപതിയെ കാത്ത് രാജ്യം..വോട്ടെടുപ്പ് ചിത്രങ്ങള്‍ കാണാം..
ചിഗ്ഗർ മൈറ്റ് കടിച്ച് 10 മുതൽ 12 ദിവസം കഴിയുമ്പോഴാണ് രോഗ ലക്ഷണങ്ങൾ കാണാറുള്ളത്. ചിഗ്ഗർ കടിച്ച ഭാഗം തുടക്കത്തിൽ ഒരു ചെറിയ ചുവന്ന തടിച്ച പാടായി കാണുകയും പിന്നീട് കറുത്ത വ്രണമായി (എസ്‌കാർ) മാറുകയും ചെയ്യുന്നു. കക്ഷം, കാലിന്റെ ഒടി, ജനനേന്ദ്രിയങ്ങൾ, കഴുത്ത് തുടങ്ങിയ ശരീര ഭാഗങ്ങളിൽ ആണ് സാധാരണയായി പാടുകൾ കാണാറ്. വിറയലോടുകൂടിയ പനി, തലവേദന, കണ്ണ് ചുവക്കൽ, കഴലവീക്കം, പേശീവേദന, വരണ്ട ചുമ എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങൾ. ചുരുക്കം ചിലരിൽ തലച്ചോറിനെയും ഹൃദയത്തേയും ബാധിക്കുന്ന തരത്തിലുള്ള സങ്കീർണതകളുണ്ടാകാറുണ്ട്.












Click it and Unblock the Notifications