മെഡിക്കല്‍ കോളേജിലെ സെക്യൂരിറ്റി മര്‍ദ്ദനം: ആവശ്യമെങ്കില്‍ ഏജന്‍സിയുമായുള്ള കരാര്‍ റദ്ദാക്കാന്‍ നിര്‍ദേശം
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗികളുടെ കൂട്ടിരിപ്പുകാരെ സെക്യൂരിറ്റി ജീവനക്കാര്‍ മര്‍ദിച്ച സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആശുപത്രി സൂപ്രണ്ടിന് നിര്‍ദേശം നല്‍കി. സംഭവവുമായി ബന്ധപ്പെട്ടുള്ള സെക്യൂരിറ്റി ജീവനക്കാരെ ഏജന്‍സി സസ്പെന്‍ഡ് ചെയ്തിരുന്നു. ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുമുണ്ട്. ഇതുകൂടാതെ സെക്യൂരിറ്റി ജീവനക്കാരെ നല്‍കിയ ഏജന്‍സിക്ക് അടിയന്തരമായി നോട്ടീസയച്ച് ആവശ്യമെങ്കില്‍ ഈ ഏജന്‍സിയുമായുള്ള കരാര്‍ റദ്ദാക്കാനും മന്ത്രി നിര്‍ദേശം നല്‍കി.
മെഡിക്കല്‍ കോളേജിലെ സെക്യൂരിറ്റി ഓഫീസറുടെ കീഴിലല്ലായിരുന്നു ഈ സെക്യൂരിറ്റി ജീവനക്കാര്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇനിമുതല്‍ എല്ലാ സെക്യൂരിറ്റി ജീവനക്കാരും ഇവരുടെ റിപ്പോര്‍ട്ടിംഗും ദൈനംദിന പ്രവര്‍ത്തനങ്ങളുമെല്ലാം മെഡിക്കല്‍ കോളേജിലെ സെക്യൂരിറ്റി ഓഫീസറുടെ കീഴില്‍ നടത്തണമെന്നും നിര്‍ദേശം നല്‍കി. ഇതോടൊപ്പം ഈ സെക്യൂരിറ്റി ജീവനക്കാര്‍ക്ക് പരിശീലനം നല്‍കാനും മന്ത്രി നിര്‍ദേശിച്ചു.

അതേസമയം, തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ രോഗിയുടെ കൂട്ടിരിപ്പുകാരനെ സുരക്ഷാ ജീവനക്കാര്‍ വളഞ്ഞിട്ട് തല്ലിയ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറും സിറ്റി പോലീസ് കമ്മീഷണറും അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ആവശ്യപ്പെട്ടു.
ചിറയിന്‍കീഴ് കീഴ്വിലും സ്വദേശി അരുണ്‍ദേവിനാണ് (28) മര്‍ദ്ദനമേറ്റത്. തര്‍ക്കത്തിനൊടുവില്‍ അരുണിനെ പിടിച്ച് വലിച്ച് വിശ്രമമുറിയുടെ സമീപത്ത് എത്തിച്ച് ജീവനക്കാര്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തിന്റെ മര്‍ദ്ദനദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചു. പഴയ മോര്‍ച്ചറിക്ക് എതിര്‍വശം 17, 18, 19 വാര്‍ഡുകളിലേക്കുള്ള പ്രവേശന ഗേറ്റില്‍ കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. 17- ാം വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന അമ്മൂമ്മക്ക് 2 ദിവസമായി അരുണ്‍ കൂട്ടിരിക്കുകയായിരുന്നു. ഇക്കോ ടെസ്റ്റിന്റെ ഫലം വാങ്ങി വരുമ്പോഴാണ് സുരക്ഷാ ജീവനക്കാര്‍ തടഞ്ഞത്. പ്രവേശന പാസ് കാണിച്ചിട്ടും കടത്തിവിട്ടില്ല. ഇത് ചോദ്യം ചെയ്ചപ്പോള്‍ സുരക്ഷാ ജീവനക്കാര്‍ അസഭ്യം വിളിച്ചു. ഒടുവില്‍ സി ഐ ഇടപെട്ട് രക്ഷിച്ചു. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് സുരക്ഷാ ജീവനക്കാരും കൂട്ടിരുപ്പുകാരും തമ്മില്‍ പ്രശ്‌നമുണ്ടാകുന്നതെന്ന് പരാതിയുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് കമ്മീഷന്‍ ആവശ്യപ്പട്ടു. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. പൊതു പ്രവര്‍ത്തകനായ ജോസ് വൈ ദാസും പരാതി നല്‍കി.












Click it and Unblock the Notifications