ഷാരോണ്‍ യുവതിയുടെ കഴുത്തില്‍ താലികെട്ടി; ജാതകദോഷം മാറ്റാന്‍ കൊല; ദുരൂഹതയെന്ന് കുടുംബം
തിരുവനന്തപുരം: വിഷാംശം കലര്‍ന്ന ജ്യൂസ് കുടിച്ചതിനെ തുടര്‍ന്ന് യുവാവ് മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. ഷാരോണിനെ കൊല്ലുന്നതിന് വേണ്ടി യുവതി നടത്തിയ ആസൂത്രിതമായ കൊലപാതകമാണിതെന്നാണ് കുടുംബം ആരോപിക്കുന്നത്. ഈ മാസം 14ന് തമിഴ്‌നാട് രാമവര്‍മ്മന്‍ചിറയിലുള്ള കാമുകി വിളിച്ചതിനെ തുടര്‍ന്നാണ് ഷാരോണ്‍ അവരുടെ വീട്ടിലേക്ക് പോയതെന്ന് ഷാരോണിന്റെ ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്. അവിടെ നിന്ന് യുവതി നല്‍കിയ ജ്യൂസ് കുടിച്ചതിന് പിന്നാലെയാണ് ഷാരോണിന് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായതെന്ന് കുടുംബം ആരോപിക്കുന്നു.

യുവതിയുടെ ജാതകദോഷം മാറ്റുന്നതിന് വേണ്ടി നടത്തിയ ആസൂത്രിതമായ കൊലപാതകമാണിതെന്നാണ് കുടുംബം പറയുന്നത്. ഷാരോണും തമിഴ്‌നാട് സ്വദേശിനിയുമായ പെണ്‍കുട്ടിയും തമ്മില്‍ ഒരു വര്‍ഷത്തിലേറയായി പ്രണയത്തില്‍. ഇരുവരും നേരത്തെ വെട്ടുകാട് പള്ളിയില്‍ വച്ച് താലി കെട്ടിയെന്നും കുടുംബം പറയുന്നു. തുടര്‍ന്ന് സ്വന്തം വീടുകളിലാണ് ഇവര്‍ കഴിഞ്ഞിരുന്നത്. എന്നാല്‍ ഇക്കഴിഞ്ഞ പെബ്രുവരിയില്‍ ഒരു സൈനികനുമായി യുവതിയുടെ വിവാഹം ഉറപ്പിച്ചു.

ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ വിവാഹം നടത്താനായിരുന്നു പദ്ധതിയിട്ടത്. എന്നാല്‍ ജാതക പ്രകാരം നംവബറിന് മുമ്പ് വിവാഹം നടന്നാല്‍ ആദ്യ ഭര്‍ത്താവ് മരിക്കുമെന്നും ജാതക പ്രശ്‌നമുണ്ടെന്നും യുവതി ഷാരോണിനോട് പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് വിവാഹം മാറ്റിവച്ചതെന്ന് കുടുംബം ആരോപിക്കുന്നു. ഇതിന് ശേഷം യുവതിയുമായി ഷാരോണ്‍ അകന്നു.

എന്നാല്‍ യുവതിയുടെ ചില സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങള്‍ ഷാരോണിന്റെ കയ്യിലുണ്ടായിരുന്നു. ഇവ തിരിച്ചുനല്‍കണമെന്ന് യുവതി ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് റെക്കോഡ് ബുക്ക് നല്‍കാമെന്നും പറഞ്ഞ് യുവതി ഷാരോണിനെ വീണ്ടും വീട്ടിലേക്ക് ക്ഷണിച്ചത്. സൈനികനുമായുള്ള വിവാഹം കഴിക്കുന്നതിനോ, അല്ലെങ്കില്‍ ജാതക ദോഷം മാറ്റുന്നതിനോ വേണ്ടായാവാം ഷാരോണിന് ആസിഡ് കലര്‍ന്ന കഷായമോ, ജ്യൂസോ നല്‍കിയതെന്നും കുടുംബം ആരോപിക്കുന്നു.

അതേസമയം, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കാര്യമായി ഒന്നും കണ്ടെത്താനായില്ലെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ പൊലീസ് അന്വേഷണം അട്ടിമറിക്കുകയാണെന്ന് കുടുംബം ആരോപിക്കുന്നു. പൊലീസ് ആരെയോ ഭയക്കുന്നുണ്ടെന്നാണ് കുടുംബം പറയുന്നത്. ഷാരോണിന് വിഷാംശമുള്ള ഭക്ഷണം നല്‍കിയാകാമെന്ന് മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് പൊലീസാണ് ആദ്യം അന്വേഷണം നടത്തിയത്. ഇതിനെ തുടര്‍ന്നാണ് മജിസ്‌ട്രേറ്റെത്തി ഷാരോണിന്റെ മരണമൊഴി രേഖപ്പെടുത്തിയത്.

പാറശ്ശാല മൂര്യങ്കര ജെ പി ഹൗസില്‍ ജയരാജിന്റെ മകന്‍ ഷാരോണ്‍ രാജ് ( 23 ) ആണ് 25ന് മരിച്ചത്. നെയ്യൂര്‍ ക്രിസ്ത്യന്‍ കോളേജില്‍ അവാസന വര്‍ഷ ബി എസ് സി റേഡിയോളജി വിദ്യാര്‍ത്ഥിയാണ് ഷാരോണ്‍. 14ാം തീയതിയായിരുന്നു ഷാരാണ്‍ പെണ്‍ സുഹൃത്ത് നല്‍കിയ ജ്യൂസ് കുടിക്കുന്നത്.

വീടിന് പുറത്ത് വന്ന ഷാരോണ്‍ പെണ്‍കുട്ടി നല്‍കിയ പാനീയം കഴിച്ച ഉടന്‍ ഛര്‍ദ്ദില്‍ അനുഭവപ്പെട്ടതായി റെജിനോട് പറഞ്ഞു. പിന്നീട്, അവശനായതിനാല്‍ തന്നെ വീട്ടില്‍ എത്തിക്കാനും റെജിനോട് ആവശ്യപ്പെടുകയായിരുന്നു. വീട്ടില്‍ എത്തിയപ്പോഴേക്കും ഷാരോണ്‍ ഛര്‍ദ്ദിച്ച് അവശനിലയിലായിരുന്നു. തുടര്‍ന്ന് ഷാരോണിനെ ഉടന്‍ തന്നെ താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ പരിശോധനയില്‍ ഒന്നും കണ്ടെത്താത്തതിനെ തുടര്‍ന്ന് അന്നുതന്നെ വീട്ടിലേക്ക് പറഞ്ഞയക്കുകയായിരുന്നു.












Click it and Unblock the Notifications