സിംഗിൾ ഡ്യൂട്ടിയിലൂടെ ദിവസ വരുമാനം 40,000 രൂപ വരെ വർധിച്ചതായി കെഎസ്ആർടിസി
തിരുവനന്തപുരം ഏറെ വിവാദങ്ങൾക്ക് കാരണം ആയ ഒന്നായിരുന്നു കെഎസ്ആർടിസിയിലെ സിംഗിൾ ഡ്യൂട്ടി. സിംഗിൾ ഡ്യൂട്ടി നടപ്പാക്കാനുള്ള നീക്കത്തിനെതിരെ രൂക്ഷമായ പ്രതിഷേധങ്ങൾ ഉയർന്നുവന്നിരുന്നു. എന്നാൽ സിംഗിൾ ഡ്യൂട്ടി നടപ്പാക്കുന്നതിൽ വിട്ടുവീഴ്ചയി ഇല്ലെന്നാണ് സർക്കാർ നിലപാടെടുത്തത്.
ഇപ്പോൾ സിംഗിൾ ഡ്യൂട്ടി നടപ്പാക്കിയ ഒരേ ഒരു ഡിപ്പോ ആയ പാറശാലയിൽ ദിവസ വരുമാനം 30,000 മുതൽ 40,000 രൂപ വരെ കൂടിയിട്ടുണ്ടെന്ന് കെഎസ്ആർടിസി ഹൈക്കോടതിയെ അറിയിച്ചു.

സിംഗിൾ ഡ്യൂട്ടി സംവിധാനം നടപ്പാക്കുന്നതിനെതിരെ തൊഴിലാളികൾ സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴാണ് ഇക്കാര്യം അറിയിച്ചത്. ഏതെല്ലാം ഡിപ്പോകളിൽ സിംഗിൾ ഡ്യൂട്ടി നടപ്പിലാക്കി, ഡ്യൂട്ടി പരിഷ്കരണം മൂലമുണ്ടായ നേട്ടങ്ങൾ എന്നിവയുടെ വിശദാംശങ്ങൾ അറിയിക്കാൻ ഹൈക്കോടതി സിംഗിൾ ബഞ്ച് കെഎസ്ആർടിസിക്കു നിർദേശം നൽകിയിരുന്നു.
സിംഗിൾ ഡ്യൂട്ടി സ്റ്റേ ചെയ്യണം എന്ന തൊഴിലാളി സംഘടനകളുടെ ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. നേരത്തെ യൂണിയനുകൾ അംഗീകരിച്ച സംവിധാനം നടപ്പാക്കുന്നതിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ല എന്ന് ആണ് ഈ വിഷയത്തിൽ സർക്കാർ സ്വീകരിച്ച നിലപാട്.
കേസ് പരിഗണിക്കുമ്പോൾ നിരോധിത സംഘടന പോപ്പുലർ ഫ്രണ്ട് നടത്തിയ മിന്നൽ ഹർത്താലിനിടെയുണ്ടായ ആക്രമണങ്ങളിൽ എത്ര കെഎസ്ആർടിസി ജീവനക്കാർക്ക് പരുക്കു പറ്റി? ജീവനക്കാരുടെ ചികിത്സാ ചെലവു വഹിച്ചതെങ്ങനെ തുടങ്ങിയ വിവരങ്ങൾ കൈമാറാൻ കോടതി നിർദേശിച്ചു.
കെഎസ്ആർടിസി സിംഗിൾ ഡ്യൂട്ടി ഒക്ടോബർ ഒന്ന് മുതൽ ആണ് പ്രാബല്യത്തിൽ വന്നത്. ചർച്ചയിൽ തൊഴിലാളി സംഘടനകളുടെ അഭിപ്രായം കൂടി കേട്ട ശേഷമായിരുന്നു പാറശാല ഡിപ്പോയിൽ മാത്രം സിംഗിൾ ഡ്യൂട്ടി നടപ്പിലാക്കാൻ തീരുമാനിച്ചത്. സിംഗിൾ ഡ്യൂട്ടിക്കെതിരെ ഐഎൻടിയുസി നേതൃത്വം നൽകുന്ന ടിഡിഎഫ് പണിമുടക്ക് പ്രഖ്യാപിച്ചിരുന്നെങ്കിലും പിൻവലിച്ചിരുന്നു. നിയമവിരുദ്ധമായ ഡ്യൂട്ടികൾ പരിശോധിക്കാമെന്ന് മാനേജ്മെന്റ് സമ്മതിച്ചതിന്റെ അടിസ്ഥാനത്തിലാണ് പണിമുടക്ക് പിൻവലിച്ചത്.
8 ഡിപ്പോകളിൽ സിംഗിൾ ഡ്യൂട്ടി നടപ്പിലാക്കാൻ നേരത്തെ തീരുമാനമെടുത്തിരുന്നെങ്കിലും തയ്യാറാക്കിയ ഷെഡ്യൂളുകളിലെ അപാകതകൾ യൂണിയനുകൾ ചൂണ്ടിക്കാട്ടിയതോടെയാണ് തീരുമാനം മാറ്റി. 8 മണിക്കൂറിൽ അധികം വരുന്ന തൊഴിൽ സമയത്തിന് രണ്ട് മണിക്കൂർ വരെ അടിസ്ഥാന ശമ്പളത്തിനും ഡിഎയ്ക്കും ആനുപാതികമായ ഇരട്ടി വേതനം നൽകുമെന്നാണ് മാനേജ്‌മെന്റ് പറയുന്നത്.












Click it and Unblock the Notifications