ശ്രീനാരായണീയ ക്ഷേത്രങ്ങളിൽ പുരുഷന്മാർക്ക് ഷർട്ട് ധരിച്ചു പ്രവേശിക്കാം
ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന യോഗം ഇക്കാര്യത്തിൽ ഐകകണ്ഠ്യേന പ്രമേയം പാസാക്കി

തിരുവനന്തപുരം: നിർണായക തീരുമാനവുമായി ട്രസ്റ്റ് യോഗം ശ്രീനാരായണീയ ക്ഷേത്രങ്ങളിൽ പുരുഷന്മാർക്ക് ഷർട്ട് ധരിച്ചു പ്രവേശിക്കാം. ധർമസംഘം ട്രസ്റ്റ് യോഗത്തിൽ ആണ് ഇക്കാര്യം തീരുമാനമായത്. ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന യോഗം ഇക്കാര്യത്തിൽ ഐകകണ്ഠ്യേന പ്രമേയം പാസാക്കി.
ക്ഷേത്രഭാരവാഹികളും വൈദികന്മാരും ശിവഗിരി മഠത്തിന്റെ തീരുമാനം നടപ്പാക്കണം എന്ന് മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ എന്നിവർ വാർത്തക്കുറിപ്പിൽ പറഞ്ഞു.
ശിവഗിരിയിലെ അവസാന മഠാധിപതിയും ഗുരുശിഷ്യനുമായ സ്വാമി ശങ്കരാനന്ദ ഗുരു പ്രസ്ഥാനത്തിലെ മഹാക്ഷേത്രങ്ങളിൽ ഒന്നായ കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്രത്തിൽ ഷർട്ടിട്ട് പ്രവേശനം അനുവദിച്ച് മാതൃക കാട്ടിയിട്ടുണ്ട്. ആചാരാനുഷ്ഠാനങ്ങളിൽ കാലോചിതമായ പരിഷ്കാരങ്ങൾ ഗുരുദേവൻ വരുത്തിയിരുന്നു. അതിന്റെ പിന്തുടർച്ച എന്ന നിലയിലാണ്, ക്ഷേത്രങ്ങളിൽ ഷർട്ടിട്ടു പ്രവേശിക്കാമെന്ന തീരുമാനം ഇപ്പോൾ ഉണ്ടായത്..
ഗുരുവും ശിഷ്യപരമ്പരയും നടത്തിയിട്ടുള്ള ക്ഷേത്രങ്ങളുടെ തന്ത്രാവകാശം തലസ്ഥാനമായ ശിവഗിരി മഠത്തിൽ നിക്ഷിപ്തമാണെന്നും ഈ ക്ഷേത്രങ്ങൾ അതു പ്രകാരമുള്ള ആചാരാനുഷ്ഠാനങ്ങൾ ശിവഗിരി മഠവുമായി ബന്ധപ്പെട്ട് നടത്തണമെന്നും സന്യാസി സംഘം തീരുമാനം എടുത്തു..












Click it and Unblock the Notifications