രാത്രി പത്തര മണിക്ക് വീണ ജോര്‍ജ് മെഡിക്കല്‍ കോളേജില്‍; അപ്രതീക്ഷിത സന്ദര്‍ശനം; മാതൃകയെന്ന് സോഷ്യല്‍ മീഡിയ
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം രാത്രിയില്‍ എങ്ങനെയാണെന്ന് വിലയിരുത്തുന്നതിന് വേണ്ടിയാണ് ആരോഗ്യമന്ത്രിയുടെ നീക്കം. രാത്രി 10.30ന് ശേഷം മന്ത്രി നേരിട്ടെത്തുകയായിരുന്നു. തുടര്‍ന്ന് മൂന്ന് മണിക്കൂറോളം മെഡിക്കല്‍ കോളേജില്‍ ചെലവഴിച്ചാണ് മടങ്ങിയത്. ഇതിന്റെ ദൃശ്യങ്ങള്‍ മന്ത്രി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.
ആശുപത്രിയിലെത്തിയ രോഗികളുമായും കൂട്ടിരിപ്പുകാരുമായും അവരുടെ ബന്ധുക്കളുമായും ആശയവിനിമയം നടത്തി. ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യ പ്രവര്‍ത്തകരുമായും സംസാരിച്ചു. ഡ്യൂട്ടി ലിസ്റ്റും അതനുസരിച്ച് ഡ്യൂട്ടി സമയത്ത് ജീവനക്കാര്‍ ഉണ്ടോയെന്നും പരിശോധിച്ചു. ഡ്യൂട്ടിയിലുള്ള സമയത്ത് സീനിയര്‍ ഡോക്ടര്‍മാരുള്‍പ്പെടെയുള്ള ജീവനക്കാര്‍ അവിടെത്തന്നെയുണ്ടാകേണ്ടതാണ്. രോഗികള്‍ക്ക് ചികിത്സയും പരിചരണവും ഉറപ്പ് വരുത്തണം. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിനോട് ഇത് നിരന്തരം നിരീക്ഷിക്കാനും റിപ്പോര്‍ട്ട് നല്‍കാനും മന്ത്രി ആവശ്യപ്പെട്ടു.

ആദ്യം പഴയ അത്യാഹിത വിഭാഗമാണ് മന്ത്രി സന്ദര്‍ശിച്ചത്, തുടര്‍ന്ന് ഒബ്സര്‍വേഷന്‍ റൂമുകള്‍, വാര്‍ഡുകള്‍, പുതിയ അത്യാഹിത വിഭാഗം എന്നിവ സന്ദര്‍ശിച്ചു. രോഗികളുടേയും ജീവനക്കാരുടേയും സൗകര്യങ്ങളും അസൗകര്യങ്ങളും നേരിട്ട് വിലയിരുത്തി. മെച്ചപ്പെടുത്തേണ്ട കാര്യങ്ങളില്‍ മന്ത്രി നിര്‍ദേശം നല്‍കി. പഴയ അത്യാഹിത വിഭാഗത്തിലെ സ്ഥലപരിമിതി പലരും പറഞ്ഞു. കോവിഡ് കുറഞ്ഞ് വരുന്നതിനാല്‍ അത്യാഹിത വിഭാഗം പുതിയ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റാനുള്ള നടപടികള്‍ ത്വരിതപ്പെടുത്താനും മന്ത്രി നിര്‍ദേശം നല്‍കി.
പുതിയ മേക്കോവറില്‍ വീണ്ടും ഞെട്ടിച്ച് ഗോപിക; പൊളി ലുക്കിലാണെന്ന് ആരാധകര്‍
അതേസമയം, മന്ത്രിയുടെ അപ്രതീക്ഷിത സന്ദര്‍ശനത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നിരവധി പേര്‍ മന്ത്രിയുടെ നീക്കത്തെ പിന്തുണച്ച് രംഗത്തെത്തി. സന്ദര്‍ശനം മാതൃകയാണെന്നും എല്ലാ ജില്ലകളിലെയും ആശുപത്രികള്‍ ഇതു പോലെ സന്ദര്‍ശിക്കാന്‍ കഴിഞ്ഞാല്‍ അതുണ്ടാക്കുന്ന മാറ്റം ചെറുതാവില്ലെന്ന് ചിലര്‍ വീഡിയോയ്ക്ക് താഴെ കമന്റായി കുറിക്കുന്നു. കേരളത്തിലെ മറ്റ് ജില്ലകളിലെ മെഡിക്കല്‍ കോളേജുകളിലും ഇത്തരം സന്ദര്‍ശനം നടത്തണമെന്ന് ചിലര്‍ ആവശ്യപ്പെടുന്നുണ്ട്. ആലപ്പുഴ മെഡിക്കല്‍ കോളേജ്, കോട്ടയം മെഡിക്കല്‍ കോളേജ് എന്നിവ അപ്രതീക്ഷിതമായി സന്ദര്‍ശനം നടത്തണമെന്നാണ് പലരും ആവശ്യപ്പെടുന്നത്.












Click it and Unblock the Notifications