ഫേസ്ബുക്കിലെ 'വൈറൽ അമ്മൂമ്മ'യ്ക്ക് വിട, കരഞ്ഞ് ICUവിന് മുന്നിൽ കാത്തിരുന്നുവെന്ന് കൊച്ചുമകൻ!
തിരുവനന്തപുരം: സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരമായ അമ്മൂമ്മ അന്തരിച്ചു. തിരുവനന്തപുരം ജില്ലയിലെ വെമ്പായം മദപുരം സ്വദേശിനിയായ രാധമ്മയാണ് അന്തരിച്ചത്. കൊച്ചുമകന്‍ വിഷ്ണുവിനോടൊപ്പമുളള വീഡിയോ ഫേസ്ബുക്കില്‍ വൈറലായതോടെ രാധമ്മയ്ക്ക് നിറയെ ആരാധകരെ ലഭിച്ചിരുന്നു. 91 വയസ്സുകാരിയായ രാധമ്മ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്തരിച്ചത്.
രാധമ്മയുടെ മരണ വിവരം കൊച്ചുമകന്‍ വിഷ്ണുവാണ് ഫേസ്ബുക്ക് വഴി അറിയിച്ചത്. ''ഒരാഴ്ച്ച പ്രതീക്ഷയോടെ ICU ന്റെ മുന്നിൽ കാത്തിരുന്നു.. കരഞ്ഞിട്ടുണ്ട് തിരിച്ച് കിട്ടാൻ.. ഒരുപാട് എഴുതാനുണ്ട്... ഇപ്പോൾ ഒന്നിനും പറ്റുന്നില്ല. അമ്മുമ്മ മരിച്ചു..'' എന്ന് വിഷ്ണു ഫേസ്ബുക്കില്‍ കുറിച്ചു. ഇക്കഴിഞ്ഞ വിഷുവിന് അമ്മൂമ്മയ്‌ക്കൊപ്പം വിഷ്ണു ഒരു വീഡിയോ ചിത്രീകരിച്ചിരുന്നു. മഹാഭാരതത്തെയും രാമായണത്തെയും കുറിച്ച് അമ്മൂമ്മയും കൊച്ചുമകനും നടത്തുന്ന രസകരമായ സംഭാഷണമായിരുന്നു ഈ വീഡിയോ. ഈ വീഡിയോ സോഷ്യല്‍ മീഡിയ അങ്ങേറ്റെടുത്തു. ഇതോടെയാണ് രാധമ്മയും കൊച്ചുമകനും സോഷ്യല്‍ മീഡിയയിലെ താരങ്ങളായി മാറിയത്.

ഇത് കൂടാതെ അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ബാക്ക് ഗ്രൗണ്ട് സ്‌കോര്‍ ഉപയോഗിച്ചുളള ഒരു രസകരമായ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പ്രായം 90 കടന്നുവെങ്കിലും ചുറുചുറുക്കോടെ ഓടി നടന്നിരുന്ന രാധമ്മയ്ക്ക് കഴിഞ്ഞ വ്യാഴാഴ്ചയാണ് വീട്ടില്‍ വെച്ച് നെഞ്ച് വേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് രാധമ്മയെ കന്യാകുളങ്ങരയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇവിടെ വെച്ച് ഇസിജി പരിശോധനയില്‍ വാരിയേഷന്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് രാധമ്മയെ ഡോക്ടര്‍മാര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് അയച്ചു. ഇവിടെ നടത്തിയ പരിശോധനയിലാണ് ഹൃദയാഘാതമാണെന്ന് വ്യക്തമായത്. ചികിത്സയ്ക്കിടെ രാധമ്മയുടെ ആരോഗ്യനില വഷളാവുകയായിരുന്നു. ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രാധമ്മയെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് വ്യാഴാഴ്ച ഉച്ചയ്ക്ക് മരണം സ്ഥിരീകരിക്കുകയായിരുന്നു. രാധമ്മയുടെ മരണത്തില്‍ സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് ദുഖം രേഖപ്പെടുത്തുന്നത്.












Click it and Unblock the Notifications