വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന 4 വയസ്സുകാരിയെ തെരുവുനായ ആക്രമിച്ചു; ഗുരുതര പരിക്ക്
തിരുവനന്തപുരം: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന 4 വയസ്സുകാരിയെ തെരുവുനായ ആക്രമിച്ചു. മാമ്പള്ളി കൃപാനഗറിൽ റീജൻ - സരിത ദമ്പതികളുടെ മകൾ റോസ്‌ലിയെ ആണ് തെരുവുനായ ആക്രമിച്ചത്. കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ സമീപവാസികളാണ് രക്ഷിച്ചത്.
ഗുരുതരമായി പരിക്കേറ്റ കുട്ടിയെ തിരുവനനന്തപുരം മെഡിക്കല് കോളേജിലേക്ക് മാറ്റി. രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം.. കുട്ടി വീട്ടുമുറ്റത്ത് കളിച്ചുകാെണ്ടിരിക്കുമ്പോൾ ഓടിയെത്തിയ നായ ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ കവിളിലും ചുണ്ടിലും നെറ്റിയിലും അടക്കം സാരമായ പരിക്കുണ്ട്.

അതേസമയം, സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമായി തുടരുകയാണ്. തിരുവനന്തപുരത്ത് മണപ്പുറം നാഗമണ്ഡലം ഭാഗത്ത് 15 പേരെ തെരുവ് നായ ആക്രമിച്ചിരുന്നു. വീട്ടിനകത്ത് ഉണ്ടായിരുന്ന 15കാരൻ ഉൾപ്പെട്ടെ എട്ടുപേരേയും വഴിയാത്രക്കാരായ നാല് പേരേയും ബൈക്കുകളിൽ പോവുകയായിരുന്ന മൂന്ന് പേരേയും ആണ് കഴിഞ്ഞ ദിവസം തെരുവ് നായ ആക്രമിച്ചത്.
അതേസമയം മലപ്പുറത്ത് എട്ട് വയസ്സുകാരന് നേരെ തെരുവ് നായ ആക്രമണം നടന്നിരുന്നു. മലപ്പുറം ജില്ലയിലെ മമ്പാട് ആണ് തെരുവുനായ് ആക്രമണത്തിൽ കുട്ടിക്ക് പരിക്കേറ്റത്. മാമ്പാട് പാലപറമ്പിലെ വീടിന്റെ മുറ്റത്തെ വെച്ചായിരുന്നു തെരുവ് നായ ആക്രമിച്ചത്. അഞ്ചോളം തെരുവ് നായ്ക്കൾ ചേർന്നാണ് ആക്രമിച്ചത്.
അതുപോലെ പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ സ്കൂൾ വിട്ട് അമ്മയ്ക്കൊപ്പം മടങ്ങുകയായിരുന്ന പ്ലസ്ടു വിദ്യാർത്ഥിനെ തെരുവ് നായ ആക്രമിച്ചിരുന്നു.
തിരുവല്ല കാവുംഭാഗം ദേവസ്വം ബോർഡ് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിനിയായ പെരിങ്ങര വൃന്ദാവനത്തിൽ സഞ്ജീവിന്റെ മകൾ കൃഷ്ണപ്രിയക്കാണ് നായയുടെ കടിയേറ്റത്. സ്കൂട്ടറിന്റെ പിന്നിൽ ഇരുന്ന കൃഷ്ണപ്രിയയെ പിന്നിലൂടെ പാഞ്ഞു വന്ന നായ കാലിൽ കടിക്കുകയായിരുന്നു.
കഴിഞ്ഞ മാസം കണ്ണൂർ മുഴിപ്പിലങ്ങാട് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന 9 വയസ്സുകാരിയെ തെരുവ് നായ്ക്കൾ വളഞ്ഞിട്ട് ആക്രമിച്ചിരുന്നു, പാച്ചാക്കരയിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ ജാൻവിക്കാണ് തെരുവ് നായയുടെ കടിയേറ്റത്. കുഞ്ഞിന്റെ തുടയിലും കയ്യിലും ആഴത്തിൽ മുറിവേറ്റിരുന്നു.
മൂന്ന് നായ്ക്കളാണ് കുട്ടിയെ ആക്രമിച്ചത്. കുട്ടിച്ച് കടിച്ചുവലിച്ച് കൊണ്ട് പോകാനും നായക്കൾ ശ്രമിച്ചിരുന്നു. അതേസമയം കണ്ണൂർ ജില്ലയിൽ തന്നെ സംസാര ശേഷി ഇല്ലാത്ത പതിനൊന്ന് വയസുകാരനെ തെരുവ് നായ്ക്കൾ കടിച്ച് കൊലപ്പെടുത്തിയിരുന്നു.
മുഴിപ്പിലങ്ങാട് കെട്ടിനകം ബൈത്തുൽ റഹ്മയിൽ നൗഷാദ് - നുസീഫ ദമ്പതികളുടെ മകൻ നിഹാൽ നൗഷാദാണ് തെരുവ് നായ്ക്കളുടെ കടിയേറ്റ് മരണപ്പെട്ടത്












Click it and Unblock the Notifications