മിനി ലോറി ഡ്രൈവറെ വെട്ടി പരിക്കേല്പിച്ച കേസ്: അഞ്ചംഗ സംഘത്തിലെ രണ്ടുപേർ കൂടി പൊലീസ് പിടിയിലായി
വെള്ളറട: മുൻവൈരാഗ്യത്തിന്റെ പേരിൽ മിനി ലോറി ഡ്രൈവറെ വെട്ടി പരിക്കേല്പിച്ച അഞ്ചംഗ സംഘത്തിലെ രണ്ടുപേർകൂടി പൊലീസിന്റെ പിടിയലായി. ഇതോടെ ഈ കേസിലെ എല്ലാ പ്രതികളും പൊലീസ് പിടികൂടി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഒറ്റശേഖരമംഗലം വില്ലേജിൽ ആറ്റൂർ പ്ളാംപഴിഞ്ഞി പ്രശാന്ത് വിലാസത്തിൽ വിഷ്ണു പ്രശാന്ത് (29 ) ആറ്റൂർ പ്ളാംപഴിഞ്ഞി വലിയ മണ്ണടി തോട്ടത്തിൽ ലതിക വിലാസത്തിൽ ഷാനു കൃഷ്ണൻ (28 ) എന്നിവരാണ് പിടിയിലായത്.
നേരത്തേ മൂന്നു പേർകൂടെ പിടിയിലായിരുന്നു. വെള്ളറട ചൂണ്ടിക്കൽ ശാന്ത്രതലയ്ക്കൽ പുത്തൻവീട്ടിൽ അഖിൽ (22), വെള്ളറട ശ്രീനിവിലാസത്തിൽ സുധീഷ് സുനിൽ (18), പനച്ചമൂട് സൗഭാഗ്യ കല്യാണ മണ്ഡപത്തിനു സമീപമുള്ള പനിനേഴുകാരനായ യുവാവ് എന്നിവരാണ് നേരത്തേ പിടിയിലായത്. പിടിയിലായ അഞ്ചുപേരെയും നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി. കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

ഇക്കഴിഞ്ഞ 4നാണ് സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ ഡ്രൈവർ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വലിയവഴിയിൽ റോഡ് പണിക്ക് ലോറിയിൽ വെള്ളവുമായി എത്തിയ വാഴിച്ചൽ കുന്തളക്കോട് പെരുന്തോട്ടുകോണം വീട്ടിൽ വിജയകുമാറിനാണ് (46) വെട്ടേറ്റത്. ആര്യങ്കോട് എസ്.ഐ സൈജു, എ. എസ്. ഐ മാരായ അനിൽകുമാർ, പ്രസാദ്, ശശികുമാർ, ജിജു, രതീഷ്, പ്രദീപ്, ഷിബു, ബിജു എന്നിവർ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.












Click it and Unblock the Notifications