ക്ഷേത്രത്തിലെ കാണിക്കപ്പെട്ടി കവർന്ന മോഷ്ടാക്കൾ ബൈക്ക് മോഷ്ടിച്ച് കടന്നു
വർക്കല: ചെറുന്നിയൂർ പുത്തൻകടവ് ഗുരുശംഭു ദേവക്ഷേത്രത്തിലെ കാണിക്കപ്പെട്ടി കവർന്ന മോഷ്ടാക്കൾ വീടിന്റെ കാർഷെഡിൽ നിന്നും മോട്ടോർ ബൈക്ക് മോഷ്ടിച്ച് കടന്നു. വെളളിയാഴ്ച വെളുപ്പിന് ക്ഷേത്രത്തിലെ നിത്യപൂജയ്ക്കെത്തിയ പൂജാരി ക്ഷേത്രമുറ്റത്ത് അപരിചിതരായ രണ്ട്പേർ നിൽക്കുന്നത് കണ്ടു. മുറി തുറന്ന് ടോർച്ചെടുത്ത് അടിച്ചു നോക്കിയപ്പോൾ അവിടെ മറഞ്ഞ് നിന്നിരുന്ന രണ്ട്പേരും ഇറങ്ങിഓടി. പൂജാരി പിറകെ ഓടിയെങ്കിലും പിടികൂടാനായില്ല.
മടങ്ങി വന്ന് പരിശോധിച്ചപ്പോൾ കാണിക്കപ്പെട്ടി കവർന്നതായി കണ്ടു. ക്ഷേത്രത്തിനു സമീപം ഒരു പഴയ ബൈക്കുമുണ്ടായിരുന്നു. പൊലീസെത്തി നടത്തിയ പരിശോധനയിൽ കാണിക്കപ്പെട്ടി പൊട്ടിച്ച് അതിനകത്തുണ്ടായിരുന്ന പണംകവർന്ന നിലയിൽ പരിസരത്തു നിന്നും കണ്ടുകിട്ടി. രണ്ട് വെട്ടുകത്തികൾ ഒരു സിഡി പ്ലെയർ, റിമോട്ട്, ഇരുമ്പ്കമ്പി എന്നിവയും കണ്ടെടുത്തു.

ക്ഷേത്രിൽ നിന്നും കടന്ന മോഷ്ടാക്കൾ പൊതു പ്രവർത്തകനായ പുത്തൻകടവ് കൊല്ലംവിളാകം വീട്ടിൽ റോബിൻകൃഷ്ണന്റെ കാർഷെഡിൽ നിന്നും കെ.എൽ 16 ജി 5616 രജിസ്ട്രേഷൻ നമ്പരിലുളള ഹീറോഹോണ്ട സ്പ്ലെണ്ടർ മോട്ടോർ ബൈക്കും മോഷ്ടിച്ചാണ് കടന്നത്. കഴിഞ്ഞ കുറെ നാളായി ഈ പ്രദേശം സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ട കേന്ദ്രമായി മാറിയിരിക്കുകയാണ്. കഴിഞ്ഞയാഴ്ച മീൻവളർത്തൽ കേന്ദ്രത്തിലെ മീനിന് മുഴുവൻ വിഷം കലർത്തി നശിപ്പിച്ചു.












Click it and Unblock the Notifications