'കിരീടം പാല'ത്തിന് പുതിയ മുഖം, ശിവൻകുട്ടിയുടെ ആശയത്തിന് കൈ കൊടുത്ത് റിയാസ്
തിരുവനന്തപുരം: മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ചിത്രമായ കിരീടത്തിലെ പ്രധാന രംഗങ്ങള്‍ ചിത്രീകരിച്ച വെള്ളായണി കായലിന് സമീപത്തുളള പാലം ടൂറിസ്റ്റ് കേന്ദ്രമാകുന്നു. നേമം മണ്ഡലത്തില്‍ ഉള്‍പ്പെട്ട ഈ പ്രദേശത്തിന്റെ ടൂറിസ്റ്റ് സാധ്യതകള്‍ ഇവിടുത്തെ എംഎല്‍എ കൂടിയായ മന്ത്രി വി ശിവന്‍ കുട്ടിയാണ് ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിന് മുന്നില്‍ അവതരിപ്പിച്ചത്. ഇതോടെ ഈ പാലം ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായി മാറുന്നതിലേക്കുളള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുകയാണ് ടൂറിസം വകുപ്പ്.
മന്ത്രി വി ശിവൻകുട്ടിയുടെ കുറിപ്പ് വായിക്കാം: '' കിരീടം ടൂറിസം പദ്ധതി ഉടൻ ആരംഭിക്കാൻ നടപടി. മന്ത്രി പി എ മുഹമ്മദ് റിയാസുമൊത്ത് നേമം മണ്ഡലത്തിൽ ഉള്ള പദ്ധതി പ്രദേശം സന്ദർശിച്ചു. പദ്ധതി സംബന്ധിച്ച നിർദേശം ടൂറിസം വകുപ്പ് അംഗീകരിക്കുകയാണെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. അതിമനോഹരമായ സ്ഥലമാണെന്നും വാട്ടർ ടൂറിസത്തിനും ഫാം ടൂറിസത്തിനും അനുയോജ്യമായ സ്ഥലമാണെന്നും മന്ത്രി വ്യക്തമാക്കി. തൊട്ടടുത്ത ദിവസം തന്നെ ടൂറിസം ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുമെന്ന് മന്ത്രി പറഞ്ഞു. മൂന്നു പതിറ്റാണ്ടുകൾക്ക് മുമ്പ് എ കെ ലോഹിതദാസിന്റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത് മോഹൻലാലും പാർവതിയും നയികാനായകന്മാരായി അഭിനയിച്ച ചിത്രമാണ് കിരീടം.

ചിത്രത്തിൽ സേതുമാധവൻ പിന്തിരിഞ്ഞു നടക്കുന്ന രംഗവും സേതുമാധവന്റെയും ദേവിയുടെയും പ്രണയ രംഗങ്ങളും അടുത്ത കൂട്ടുകാരൻ ആയ കേശുവുമായി സംസാരിക്കുമ്പോഴും ഒരു പാലം ഒരു മുഖ്യകഥാപാത്രം പോലെ സിനിമയോട് ചേർന്ന് നിൽക്കുന്നു. ഈ പാലം പിന്നീട് കിരീടം പാലം എന്നും തിലകൻ പാലം എന്നുമൊക്കെ അറിയപ്പെട്ടു. പ്രകൃതി രമണീയമാണ് ഈ ഭൂപ്രദേശം. വിവിധ ഇനം പക്ഷികൾ ഈ പ്രദേശത്ത് കണ്ടുവരുന്നു. കായലിനോട് ചേർന്ന് കുടുംബത്തോടെ വന്നിരിക്കാനുള്ള കേന്ദ്രങ്ങൾ, കായലിൽ ബോട്ടിങ്, കായൽ വിഭവങ്ങൾ രുചിക്കാനുള്ള സൗകര്യം എന്നിവയൊക്കെ ഒരുക്കി സഞ്ചാരികൾക്ക് മികച്ച ആസ്വാദനം ഉറപ്പുവരുത്തുന്ന പദ്ധതി ആകുമിത്''.
മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ പ്രതികരണം: '' മൂന്നു പതിറ്റാണ്ട് മുമ്പാണ് സിബി മലയിൽ സംവിധാനം ചെയ്ത കിരീടം എന്ന ചിത്രം തിയ്യേറ്ററുകളെ കരയിച്ചത്. സേതുമാധവൻ പിന്തിരിഞ്ഞു നടക്കുന്ന രംഗവും സേതുമാധവന്റെയും ദേവിയുടെയും പ്രണയ രംഗങ്ങളും അടുത്ത കൂട്ടുകാരൻ ആയ കേശുവുമായി സംസാരിക്കുമ്പോഴും ഒരു പാലം ഒരു മുഖ്യകഥാപാത്രം പോലെ സിനിമയോട് ചേർന്ന് നിൽക്കുന്നു.
കിരീടം പാലം എന്നും തിലകൻ പാലം എന്നുമൊക്കെ പ്രദേശവാസികൾ വിളിക്കുന്ന ഈ പാലം നിൽക്കുന്നത് നേമം മണ്ഡലത്തിൽ ആണ്. നേമം മണ്ഡലത്തിലെ ജനപ്രതിനിധി എന്ന നിലയിൽ ഈ പാലം സ്ഥിതി ചെയ്യുന്ന വെള്ളായണി തടാക പ്രദേശം ഒരു മാതൃകാ ടൂറിസ്റ്റ് കേന്ദ്രമായി ഉയർത്താൻ പദ്ധതി കൊണ്ടു വരുമെന്ന് അറിയിക്കുകയാണ്.
പ്രകൃതി രമണീയമാണ് ഈ ഭൂപ്രദേശം. വിവിധ ഇനം പക്ഷികൾ ഈ പ്രദേശത്ത് കണ്ടുവരുന്നു. കായലിനോട് ചേർന്ന് കുടുംബത്തോടെ വന്നിരിക്കാനുള്ള കേന്ദ്രങ്ങൾ, കായലിൽ ബോട്ടിങ്, കായൽ വിഭവങ്ങൾ രുചിക്കാനുള്ള സൗകര്യം എന്നിവയൊക്കെ ഒരുക്കി സഞ്ചരികൾക്ക് മികച്ച ആസ്വാദനം ഉറപ്പുവരുത്തുന്ന പദ്ധതി ആകുമിത്. ലോക ടൂറിസം ദിനത്തിൽ തന്നെ ഇങ്ങനെ ഒരു പ്രഖ്യാപനം നടത്തുന്നതിൽ അതിയായ സന്തോഷമുണ്ട്''. ഒരു സിനിമയുടെ പേരിൽ ഒരു ടൂറിസം പദ്ധതി പ്രഖ്യാപിക്കപ്പെട്ടതിനെ സന്തോഷപൂർവ്വം സ്വാഗതം ചെയ്യുന്നതായി കിരീടം സിനിമയുടെ സംവിധായകൻ സിബി മലയിൽ പ്രതികരിച്ചു. കിരീടം ടൂറിസം പദ്ധതിയ്ക്ക് എല്ലാ വിധ ആശംസകളും നേരുന്നതായും സിബി മലയിൽ വ്യക്തമാക്കി.












Click it and Unblock the Notifications