മോഷണക്കേസിലെ പ്രതി ഷാഡോ പോലീസിന്റെ പിടിയിലായി
ആറ്റിങ്ങൽ: നിരവധി സ്ഥലങ്ങളിൽ മോഷണം നടത്തിയ ശേഷം ഒളിവിൽ കഴിഞ്ഞയാളെ ആറ്റിങ്ങൽ പൊലീസ് പിടികൂടി. ആലംകോട് വഞ്ചിയൂർ റംസി മൻസിലിലെ അണ്ടൂർക്കോണം കൊയിത്തൂർക്കേണം വാവറമ്പലം കരീം മൻസിലിൽ വാടകയ്ക്ക് താമസിക്കുന്ന അയൂബ് ഖാനാണ് (54) പിടിയിലായത്. ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിക്ക് മുൻവശത്തെ കടകളിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തിലാണ് ഇയാൾ ഷാഡോ പൊലീസിന്റെ പിടിയിലായത്.
ഇയാളുടെ പേരിൽ ജില്ലയിലെ പാലോട്, വെഞ്ഞാറമൂട്, നെടുമങ്ങാട് എന്നിവിടങ്ങളിലും മലപ്പുറം ജില്ലയിലെ അരീക്കോട്, വണ്ടൂർ, ഇടവണ്ണ പൊലീസ് സ്റ്റേഷനുകളിലും നിരവധി കേസുകളുണ്ട്. മലപ്പുറം ജില്ലയിൽ ഇയാൾ അറിയപ്പെടുന്നത് അബ്ദുൾ റഷീദ് എന്നാണ്. വാടകയ്‌ക്ക് താമസിക്കുന്ന വിലാസങ്ങൾ ഉപയോഗിച്ച് വ്യാജ ഐ.ഡി കാർഡ് എടുക്കുന്നതാണ് ഇയാളുടെ രീതി. മോഷണം നടത്തി ലഭിക്കുന്ന പണം ഉപയോഗിച്ച് വാഹനങ്ങൾ വാങ്ങി അതിൽ കറങ്ങിയാണ് വീണ്ടും മോഷണം നടത്തുക.

ആറ്റിങ്ങൽ ഡിവൈ.എസ്.പി പി. അനിൽകുമാറിന്റെ നിർദ്ദേശപ്രകാരം എസ്.എച്ച്.ഒ ഒ.എ സുനിൽ, പ്രിൻസിപ്പൽ എസ്.ഐ തൻസീം അബ്ദുൽ സമദ്, എസ്.ഐമാരായ ശ്യാം, ബിജു, പ്രദീപ്, എസ്.സി.പി.ഒ മാരായ ജയൻ, മഹേഷ്, ഷോഡോ ടീം അംഗങ്ങളായ സിജു കെ.എൽ. നായർ, ഫിറോസ്ഖാൻ, ബിജുഹക്ക്, ദിലീപ്, ബിജുകുമാർ, റിയാസ്, ജ്യോതിഷ് എന്നിവരാണ് പ്രതിയെ അറസ്റ്റുചെയ്‌തത്. ഇയാളെ റിമാൻഡ് ചെയ്‌തു.












Click it and Unblock the Notifications