ആറ്റുകാൽ പൊങ്കാല ഉത്സവത്തിന് തുടക്കം: പൊങ്കാലയിടാൻ പ്രതീക്ഷിക്കുന്നത് 50 ലക്ഷം പേരെ
ഇന്നു മുതൽ തോറ്റം പാട്ടിനും തുടക്കമാകും. ദേവിക്ക് മുന്നിൽ പ്രത്യേകം നിർമിച്ച പന്തലിലാണ് തോറ്റംപാട്ട് ഉണ്ടാകുക,.

തിരുവനന്തപുരം: ∙ആറ്റുകാൽ പൊങ്കാല ഉത്സവത്തിന് തുടക്കം. മാർച്ച് ഏഴിനാണ് ആറ്റുകാൽ പൊങ്കാല. ഇന്നു പുലർച്ചെയാണ് കാപ്പു കെട്ടി കുടിയിരുത്തിയത്. ഒരേ സമയം 3,000 പേർക്ക് ക്യൂവിൽ നിന്ന് ദർശനം നടത്താനാകും.
ക്യൂവിൽ നിൽക്കുന്നവർക്ക് ശുദ്ധജലം വിതരണം ചെയ്യും. ക്ഷേത്രത്തിലെ അംബ, കാർത്തിക ഓഡിറ്റോറിയങ്ങളിലായി ദിവസവും കാൽലക്ഷത്തോളം പേർക്ക് അന്നദാനം ഉണ്ടാകും. ഉത്സവ ദിവസങ്ങളിൽ എല്ലാ ദിവസവും അംബ, അംബിക, അംബാലിക സ്റ്റേജുകളിൽ കലാപരിപാടികളുണ്ടാകും. ഇന്നു മുതൽ തോറ്റം പാട്ടിനും തുടക്കമാകും. ദേവിക്ക് മുന്നിൽ പ്രത്യേകം നിർമിച്ച പന്തലിലാണ് തോറ്റംപാട്ട് ഉണ്ടാകുക,.
ഇത്തവണ പൊങ്കാലയിടാൻ 50 ലക്ഷം പേർ എത്തുമെന്നാണ് കരുതുന്നത്. അതിനാൽ വൻ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്നാണ് മന്ത്രിമാരായ വി.ശിവൻകുട്ടി, ആന്റണി രാജു, കലക്ടർ ജെറോമിക് ജോർജ്, സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്.നാഗരാജു എന്നിവർ പറഞ്ഞിരിക്കുന്നത്.
സുരക്ഷയ്ക്കും തിരക്കു നിയന്ത്രിക്കുന്നതിനുമായി 5 എസ്പിമാരുടെ നേതൃത്വത്തിൽ 800 വനിതകൾ ഉൾപ്പെടെ 3300 പൊലീസുകാരെ നിയോഗിക്കും. 65 സ്ഥലങ്ങളിൽ പുതിയ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കും. ആകെ നിരീക്ഷണ കാമറകളുടെ എണ്ണം 120. ഉത്സവമേഖലയിൽ ലഹരി പദാർഥങ്ങളുടെ ഉപയോഗവും വിപണനവും കർശനമായി തടയാനുള്ള നടപടികളും ഉണ്ടാകും.
പൊങ്കാലയോട് അനുബന്ധിച്ച് ഭക്ഷ്യസുരക്ഷ, ഉച്ചഭാഷിണി ഉപയോഗം, റോഡ് ഗതാഗതം എന്നിവ നിയമാനുസൃതമായിരിക്കണമെന്ന് മന്ത്രി ശിവൻകുട്ടി അഭ്യർഥിച്ചു. ഉച്ചഭാഷിണി ഉപയോഗത്തിന് മുൻകൂർ അനുമതി വാങ്ങണം. ചൂടുകാലത്ത് വൃത്തിഹീനമായ ഭക്ഷണവും ദാഹശമനികളുമല്ല വിതരണം ചെയ്യുന്നതെന്ന് പ്രത്യേകം ഉറപ്പാക്കണം. ഗതാഗതം തടസ്സപ്പെടുത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് ഒഴിവാക്കുമെന്നും മന്ത്രി പറഞ്ഞു.
ഭക്ഷണം വിതരണം ചെയ്യുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഓൺലൈൻ റജിസ്‌ട്രേഷൻ നിർബന്ധമാക്കി. ഹരിത പ്രോട്ടോക്കോൾ പരിശോധനയ്ക്കായി സ്‌ക്വാഡ് സജീവമായി പ്രവർത്തിക്കും. അഗ്നിരക്ഷാസേനയുടെ 6 കൺട്രോൾ റൂമുകൾ പ്രവർത്തനം ആരംഭിക്കും. ഫീൽഡിൽ ഡ്യൂട്ടിക്കായി 15 സ്റ്റേഷൻ ഓഫിസർമാരും,10 സ്‌പെഷൽ ടാസ്‌ക് ഫോഴ്‌സും, 110 സിവിൽ ഡിഫൻസ് വൊളന്റിയർമാരെയും നിയോഗിച്ചു. പ്രത്യേക ബസ് സർവീസുകൾ നടത്താനും കൺട്രോൾ റൂമുകൾ ആരംഭിക്കാനും തീരുമാനിച്ചു. ബസുകൾക്ക് പാർക്കിങ് സൗകര്യവും കണ്ടെത്തും.
ആരോഗ്യ വകുപ്പിന്റെ പ്രത്യേക മെഡിക്കൽ ക്യാംപുകൾ ഉണ്ടാകും. ഹെൽത്ത് സർവീസിന്റെ 10 ആംബുലൻസും 108ന്റെ 2ആംബുലൻസും കോർപറേഷന്റെ മൂന്ന് ആംബുലൻസും പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷന്റെ 10 ആംബുലൻസും സജ്ജമാക്കി. 6മെഡിക്കൽ ക്യാംപുകളും ഇതിന്റെ ഭാഗമായി ഉണ്ടാകും.
ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ ഇന്ന്
രാവിലെ 7.15 ന് കളഭാഭിഷേകം ,8.30 ന് പന്തീരടി പൂജ, ദീപാരാധന 11.30ന് ഉച്ചപൂജ, 12.30 ന് ദീപാരാധന, 12.30 ന് ഉച്ച ശ്രീബലി,1.00 ന് നട അടയ്ക്കും. വൈകിട്ട് 5 ന് നടതുറക്കൽ 6.45 ന് ദീപാരാധന,രാത്രി 7.15 ന് ഭഗവതി സേവ, 9ന് അത്താഴപൂജ, 9.15 ന് ദീപാരാധന, 9.30 ന് അത്താഴ ശ്രീബലി, 12 ന് ദീപാരാധന, 1.00ന് നട അടയ്ക്കും.മെയിൻ സ്റ്റേജ് (അംബ) കലാപരിപാടികളുടെ ഉദ്ഘാടനം വൈകിട്ട് 6.30ന്.രാത്രി 8 ന് രമേഷ് നാരായൺ, മധുശ്രീ നാരായൺ എന്നിവരുടെ സംഗീതകച്ചേരി, 10 ന് മേതിൽ ദേവികയുടെ മോഹിനിയാട്ടം












Click it and Unblock the Notifications