തിരുവനന്തപുരം കോര്‍പറേഷനിലെ മേയര്‍ ബിജെപിയില്‍ നിന്നായിരിക്കും, അവകാശവാദവുമായി എസ് സുരേഷ്
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബിജെപി മികച്ച മുന്നേറ്റമുണ്ടാക്കുമെന്ന് അവകാശപ്പെട്ട് ബിജെപി മുന്‍ ജില്ലാ അധ്യക്ഷന്‍ എസ് സുരേഷ്. തിരുവനന്തപുരം കോര്‍പറേഷനിലെ മേയര്‍ ബിജെപിയില്‍ നിന്നായിരിക്കുമെന്ന് എസ് സുരേഷ് പ്രതികരിച്ചു. അക്കാര്യത്തില്‍ ബിജെപി നേതൃത്വത്തിന് യാതൊരു വിധത്തിലുളള സംശയവും ഇല്ലെന്നും സുരേഷ് പറഞ്ഞു.
തിരുവനന്തപുരം കോര്‍പറേഷനിലെ കേവല ഭൂരിപക്ഷമായ 51 എന്ന മാന്ത്രിക സംഖ്യയോ അതില്‍ കൂടുതലോ പിടിച്ച് ബിജെപി ശക്തമായ മുന്നേറ്റമുണ്ടാക്കുമെന്ന് എസ് സുരേഷ് പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വരുന്നതോടെ സംസ്ഥാനത്തെ രണ്ട് മുന്നണികളുടേയും പരാജയത്തിന് തുടക്കം അടയാളപ്പെടുത്തുമെന്നും എസ് സുരേഷ് വ്യക്തമാക്കി.

തിരുവനന്തപുരത്ത് മാത്രമല്ല സംസ്ഥാനത്ത് കാസര്‍കോട് വരെ ബിജെപി അതിശക്തമായ മുന്നേറ്റമുണ്ടാക്കും. ബിജെപിക്ക് തദ്ദേശ തിരഞ്ഞെടുപ്പില്‍ ലഭിക്കുന്ന വോട്ടിന് ആനുപാതികമായി ജനപ്രാതിനിധ്യവും ഇക്കുറി ഉണ്ടാകുമെന്നും എസ് സുരേഷ് റിപ്പോര്‍ട്ടര്‍ ചാനലിനോട് പറഞ്ഞു. തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂരില്‍ ബിജെപിക്ക് വലിയ ഭൂരിപക്ഷം ലഭിക്കുമെന്ന് സുരേഷ് പറഞ്ഞു.
തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം ലക്ഷ്യമിട്ട് എസ് സുരേഷിനെ ആണ് വെങ്ങാനൂരില്‍ ബിജെപി മത്സരത്തിന് ഇറക്കിയിരിക്കുന്നത്. തിരുവനന്തപുരം ബിജെപിക്ക് മികച്ച നേതാക്കളുളള ജില്ല ആണെന്ന് സുരേഷ് പറഞ്ഞു. പാര്‍ട്ടിക്ക് തലസ്ഥാനത്ത് മികച്ച സംഘടനാ ശക്തിയുണ്ട്. ജനകീയ അടിത്തറയും ബിജെപിക്കുണ്ട്. കേരളത്തിലെ മലിനമായ രാഷ്ട്രീയ സംവിധാനത്തിനെ എതിര്‍ത്ത് ആദ്യം ജനവിധി ഉണ്ടാകുന്ന ജില്ല കൂടിയാവും തിരുവനന്തപുരം. തലസ്ഥാന ജില്ല ബിജെപി പിടിക്കുമെന്നും എസ് സുരേഷ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
കോര്‍പഷേറനില്‍ 40 മുതല്‍ 50 വാര്‍ഡുകള്‍ വരെ ബിജെപിക്ക് ലഭിക്കുമെന്നും ഇക്കുറി ബിജെപിയാവും ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്നും ബിജെപി സംസ്ഥാന സെക്രട്ടറി എസ് സുരേഷ് പ്രതികരിച്ചിരുന്നു. ജില്ലാ പഞ്ചായത്തിലെ 4 ഡിവിഷനുകളിലും ബിജെപി വിജയിക്കുമെന്നും എസ് സുരേഷ് പറഞ്ഞു.












Click it and Unblock the Notifications