• search
 • Live TV
തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ബുറെവി ചുഴലിക്കാറ്റിനെ നേരിടാൻ സജ്ജമായി തിരുവനന്തപുരം, 48 വില്ലേജുകളിൽ പ്രത്യേക ശ്രദ്ധ

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ചുഴലിക്കാറ്റായി മാറിയേക്കുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം ജില്ലയിൽ അടിയന്തര ദുരന്ത നിവാരണ പ്രവർത്തനങ്ങൾ തുടങ്ങി. മുന്നൊരുക്കങ്ങൾ പൂർത്തിയാക്കി ജില്ലയിലെ എല്ലാ ദുരന്ത നിവാരണ വിഭാഗങ്ങളും പൂർണ പ്രവർത്തന സജ്ജമായി. അടിയന്തര സാഹചര്യമുണ്ടായാൽ നേരിടാൻ കര, നാവിക, വ്യോമ സേനകളുടേയും ദേശീയ ദുരന്ത നിവാരണ സേനയുടേയും മാനവശേഷി, ലോഗിസ്റ്റിക്സ് സഹായം ഉറപ്പാക്കിയിട്ടുണ്ട്.

cmsvideo
  തിരുവനന്തപുരം; ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം;തലസ്ഥാന ജില്ലയിൽ അതീവ ജാഗ്രതാ നിർദേശം

  ജില്ലയിൽ ഡിസംബർ മൂന്നിന് അതിതീവ്ര മഴയുണ്ടാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. രണ്ടിനും നാലിനും ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതു മുൻനിർത്തി ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു. അടിയന്തര സാഹചര്യമുണ്ടായാൽ ആളുകളെ ഒഴിപ്പിക്കാൻ റവന്യൂ - തദ്ദേശ സ്വയംഭരണ വകുപ്പുകൾ ഒരുക്കം തുടങ്ങി. ദുരിതാശ്വാസ ക്യാംപുകൾ ആരംഭിക്കേണ്ട സ്ഥലങ്ങളുടേയും സ്ഥാപനങ്ങളുടേയും വിശദമായ പട്ടിക തയാറാക്കി. തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വോട്ടെടുപ്പു കേന്ദ്രങ്ങളായി നിശ്ചയിച്ചിരിക്കുന്ന സ്ഥാപനങ്ങൾ ഒഴിവാക്കിയാണു ദുരിതാശ്വാസ ക്യാംപുകളുടെ പട്ടിക തയാറാക്കിയിരിക്കുന്നത്. ക്യാംപുകൾ തുറക്കേണ്ടിവന്നാൽ ഇവിടങ്ങളിൽ വൈദ്യുതിയും വെള്ളവും ഭക്ഷണ സാധനങ്ങളുമെത്തിക്കാൻ യഥാക്രമം, കെ.എസ്.ഇ.ബി, വാട്ടർ അതോറിറ്റി, സിവിൽ സപ്ലൈസ് വകുപ്പുകൾക്കു നിർദേശം നൽകി.

  അതിതീവ്ര മഴയുടെ പശ്ചാത്തലത്തിൽ വെള്ളപ്പൊക്ക സാധ്യത മുന്നിൽക്കണ്ട് ജില്ലയിലെ പ്രധാന നദികളിലെ ജലനിരപ്പ് അപ്പപ്പോൾ നിരീക്ഷണ വിധേയമാക്കാൻ ഹൈഡ്രോളജി വകുപ്പിന് നിർദേശം നൽകി. നിലവിൽ രാവിലെ എട്ടിനും ഉച്ചയ്ക്കു 12നും വൈകിട്ട് നാലിനുമാണ് നദികളിലെ ജലനിരപ്പ് പരിശോധിക്കുന്നത്. വരുന്ന മൂന്നു ദിവസങ്ങളിൽ വൈകിട്ട് ആറിനും എട്ടിനും കൂടി പരിശോധിക്കും. നെയ്യാർ, കിള്ളിയാർ, കരമനയാർ എന്നിവിടങ്ങളിലെ ജലനിരപ്പാകും ഈ രീതിയിൽ പരിശോധിക്കുക.

  വെള്ളക്കെട്ട് നിവാരണത്തിന് ഇറിഗേഷൻ വകുപ്പിന്റെ വെള്ളായണി മധുപാലം പമ്പ് ഹൗസിലെ അഞ്ചു മോട്ടോറുകൾ പൂർണ പ്രവർത്തനക്ഷമമാക്കി. പൂവാർ, വേളി പൊഴികളുടെ കടലിലേക്കുള്ള ഒഴുക്ക് കൂടുതൽ സുഗമമാക്കും. മൈനർ ഇറിഗേഷൻ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കനാലുകൾ വൃത്തിയാക്കുന്ന നടപടികൾ അടിയന്തരമായി പൂർത്തിയാക്കുന്നതിനും നിർദേശം നൽകി. അതിതീവ്ര മഴയുണ്ടാകുമെന്ന കാലാവസ്ഥാ പ്രവചനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ പ്രധാന അണക്കെട്ടുകളിൽനിന്നു പരമാവധി ജലം തുറന്നുവിടാൻ നിർദേശം നൽകി. ആവശ്യമായ മുന്നറിയിപ്പുകൾ നൽകിയാകണം ഡാമുകൾ തുറക്കേണ്ടത്. രാത്രി ഡാം തുറക്കേണ്ട സാഹചര്യം പരമാവധി ഒഴിവാക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

  നെയ്യാർ ഡാമിന്റെ നാലു ഷട്ടറുകളിൽ നിലവിൽ 20 സെന്റീമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്. നാളെ (ഡിസംബർ 02) രാവിലെ എട്ടിന് പത്തു സെന്റിമീറ്റർ കൂടി ഷട്ടറുകൾ ഉയർത്തി കൂടുതൽ ജലം തുറന്നുവിടും. നിലവിൽ 84.05 മീറ്ററാണ് ഡാമിന്റെ ജലനിരപ്പ്. 84.75 മീറ്ററാണ് ഫുൾ റിസർവോയർ ലെവൽ. അരുവിക്കര ഡാമിന്റെ ആറു ഷട്ടറുകളിൽ ഒരെണ്ണം നിലവിൽ 20 സെന്റിമീറ്റർ തുറന്നിട്ടുണ്ട്. നിലവിൽ 46.41 മീറ്ററാണ് അരുവിക്കരയിലെ ജലനിരപ്പ്. 46.6 മീറ്ററാണു പരമാവധി ജലനിരപ്പ്. പേപ്പാറ ഡാമിൽ നിലവിൽ 106.6 മീറ്ററാണു ജലനിരപ്പ്. 107.5 മീറ്ററാണു പരമാവധി ജലനിരപ്പ്.

  ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ 48 വില്ലേജുകളിൽ പ്രത്യേക ശ്രദ്ധ നൽകാൻ റവന്യൂ, പൊലീസ്, തദ്ദേശ സ്വയംഭരണ അധികൃതർക്കു നിർദേശം നൽകി. കരിംകുളം, കാഞ്ഞിരംകുളം, അതിയന്നൂർ, വെങ്ങാനൂർ, കുളത്തുമ്മൽ കള്ളിക്കാട്, ആര്യനാട്, വെള്ളനാട്, ഉഴമലയ്ക്കൽ, തൊളിക്കോട്, കോട്ടുകാൽ, പള്ളിച്ചൽ, മലയിൻകീഴ്, മാറനല്ലൂർ, കല്ലിയൂർ, വിളപ്പിൽ, വിളവൂർക്കൽ, കാരോട്, പാറശാല, തിരുപുറം, ചെങ്കൽ, കുളത്തൂർ, കൊല്ലയിൽ, ആനാവൂർ, പെരുങ്കടവിള, കീഴാറൂർ, ഒറ്റശേഖരമംഗലം, വാഴിച്ചൽ, അരുവിക്കര, ആനാട്, പനവൂർ, വെമ്പായം, കരിപ്പൂർ, തെന്നൂർ, കുരുപ്പുഴ, കോലിയക്കോട്, പാങ്ങോട്, കല്ലറ, കോട്ടുകാൽ, വെള്ളറട, കരകുളം, പുല്ലമ്പാറ, വാമനപുരം, പെരുമ്പഴുതൂർ, വിതുര, മണക്കാട്, അമ്പൂരി, മണ്ണൂർക്കര വില്ലേജുകളിലാണു പ്രത്യേക ശ്രദ്ധ നൽകാൻ നിർദേശിച്ചിരിക്കുന്നത്. ഇവിടങ്ങളിൽ റവന്യൂ വകുപ്പിന്റെ പ്രത്യേക സംഘം നിരീക്ഷണം തുടങ്ങി. തഹസിൽദാർമാരുടെ നേതൃത്വത്തിൽ ജില്ലാതലത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. താലൂക്ക് അടിസ്ഥാനത്തിൽ 24 മണിക്കൂർ കൺട്രോൾ റൂമുകളും തുറന്നിട്ടുണ്ട്.

  ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ കടൽ അതിപ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ ജില്ലയുടെ തീരപ്രദേശങ്ങളിൽനിന്ന് കടലിൽ പോകുന്നതിന് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ പൂർണ നിരോധനം ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ അറിയിച്ചു. നിലവിൽ മത്സ്യബന്ധനത്തിനു പോയിട്ടുള്ളവർ ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്ത് എത്തണം. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിൽ എ.ഡി.എം. വി.ആർ. വിനോദ്, ജില്ലാ പൊലീസ് മേധാവി ബി. അശോകൻ, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ഇ. മുഹമ്മദ് സഫീർ, കര, വ്യോമ സേനാ വിഭാഗങ്ങളുടേയും കോസ്റ്റ് ഗാർഡിന്റേയും പ്രതിനിധികൾ, വിവിധ സർക്കാർ വകുപ്പുകളുടെ ജില്ലാ മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.

  Thiruvananthapuram

  English summary
  Thiruvananthapuram district is prepared to face Burevi cyclone
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X