'സ്ത്രീധനം ചോദിച്ചത് 150 പവനും 15 ഏക്കറും ബിഎംഡബ്ല്യൂ കാറും'; ഷഹന മനോവിഷമത്തിലായി..
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യുവ ഡോക്ടർ ഷഹനയുടെ മരണത്തിൽ ആരോപണവുമായി ഷഹനയുടെ കുടുംബം. വിവാഹം മുടങ്ങിയതാണ് ഷഹനയുടെ ആത്മഹത്യയ്ക്ക് കാരണം എന്നാണ് കുടുംബം പറയുന്നത്. വിവാഹം ഉറപ്പിച്ചിരുന്നുവെന്നും സ്ത്രീധനവുമായി ബന്ധപ്പെട്ട തർക്കം മൂലം വിവാഹം മുടങ്ങിയതായും ബന്ധുക്കൾ ആരോപിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സർജറി വിഭാഗത്തിൽ പി ജി ചെയ്യുകയായിരുന്ന ഷഹന കൂടെ പഠിക്കുന്ന ഡോക്ടറുടെ വിവാഹ ആലോചന വന്നപ്പോൾ 50 പവൻ സ്വർണവും 50 ലക്ഷം രൂപയുടെ സ്വത്തും കാറും നൽകാമെന്ന് കുടുംബം അറിയിച്ചിരുന്നു. എന്നാൽ യുവാവിന്റെ വീട്ടുകാർ 150 പവനും 15 ഏക്കർ ഭൂമിയും ഒരു ബി എം ഡബ്ല്യൂ കാറും സ്ത്രീധനമായി ആവശ്യപ്പെട്ടതായി ഷഹനയുടെ ബന്ധുക്കൾ പറഞ്ഞതായി മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

വരന്റെ വീട്ടുകാർ കൂടുതൽ തുകയും വില കൂടിയ കാറും ആവശ്യപ്പെട്ടതോടെ കൂടുംബം അത് കൊടുക്കാൻ പറ്റാതെ പ്രതിസന്ധിയിലായി. വരൻ വിവാഹത്തിൽ നിന്ന് പിന്മാറി. ഇതിന്റെ മനോവിഷമത്തിലാണ് ഷഹന ആത്മഹത്യ ചെയ്തത് എന്നാണ് കുടുംബം പറയുന്നത്. ഇക്കാര്യങ്ങൾ വിശദമാക്കി കുടുംബം മെഡിക്കൽ കോളേജ് പോലീസിൽ പരാതി നൽകി.
അനസ്തേഷ്യ മരുന്ന് കുത്തിവെച്ചാണ് ഷഹന ജീവനൊടുക്കിയതെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ ദിവസം രാത്രി 11. 20 നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിന് സമീപമുള്ള ഫ്ലാറ്റ് മുറിയിൽ അബോധാവസ്ഥയിൽ ഡോ ഷഹനയെ കണ്ടെത്തിയത്. സഹാപാഠികളാണ് ഷഹനയെ കണ്ടത്. ഉടൻ പോലീസിനെ അറിയിച്ച് ഷഹനയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
ഇതിന് പിന്നാലെയാണ് ഫ്ലാറ്റിൽ പോലീസ് നടത്തിയ പരിശോധനയിൽ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്. എല്ലാവർക്കും വേണ്ടത് പണമാണ്, എല്ലാത്തിലും വലുത് പണമാണ് എന്നായിരുന്നു ഷഹനയുടെ കുറിപ്പിൽ ഉണ്ടായിരുന്നത്.
വെഞ്ഞാറമൂട് സ്വദേശിയായ ഷഹനയുടെ പിതാവ് വർഷങ്ങളായി വിദേശത്ത് ആയിരുന്നു. ഉയർന്ന മാർക്കോടെയാണ് ഷഹന എല്ലാ പരീക്ഷകളും പാസായത്. മെറിറ്റ് സീറ്റിലാണ് എം ബി ബി എസിന് ചേർന്നത്. ഷഹനയുടെ പിതാവ് മാസങ്ങൾക്ക് മുമ്പാണ് മരിച്ചത്. ഇതോടെ കുടുംബം സാമ്പത്തിക പ്രതിസന്ധിയിലായി. പണത്തിന്റെ പേരിൽ വിവാഹവും മുടങ്ങിയതോടെ ഡോക്ടർ ഷഹാന വിഷമത്തിലായി.












Click it and Unblock the Notifications