തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ സ്കൂളുകൾക്ക് തിങ്കളാഴ്ച അവധി; കുടിവെള്ള പ്രശ്നം രൂക്ഷം
തിരുവനന്തപുരം: കുടി വെള്ള പ്രശ്നം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കോർപറേഷൻ പരിധിയിലെ സ്കൂളുകളുടെ കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കാൻ കളക്ടർക്ക് നിർദ്ദേശം നൽകിയതായി മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. കുടി വെള്ള പ്രശ്നം എപ്പോൾ തീരുമെന്ന് അറിയാത്ത സാഹചര്യത്തിലാണ് അധികൃതരുടെ നീക്കം. എന്നാൽ ഓണപ്പരീക്ഷ അടുത്ത സഹാചര്യത്തിൽ അവധി നൽകുന്നതും പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്.
നേരത്തെ വെള്ള പ്രശ്നം വൈകുന്നേരത്തോടെ പരിഹരിക്കപ്പെടുമെന്ന് അറിയിച്ചെങ്കിലും രാത്രിയായിട്ടും പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. വീണ്ടും ഒന്നര മണിക്കൂർ കൂടി വേണമെന്നാണ് മന്ത്രി പറയുന്നത്. അതേ സമയം, പൈപ്പ് മാറ്റിയിടൽ അവസാന ഘട്ടത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. തിരുവനന്തപുരം കന്യാകുമാരി റെയിൽ വേ ലൈൻ ഇരട്ടിപ്പിക്കലിന് മുന്നോടിയായി പ്രധാന പൈപ്പ് മാറ്റിയിടുന്നതിന് വാട്ടർ അതോറിറ്റി തുടങ്ങി വെച്ച പണിയാണ് വെള്ളം പ്രശ്നം ഉണ്ടാക്കിയത് എന്നാണ് പറയുന്നത്.

നാൽപ്പത്തിയെട്ട് മണിക്കൂർ പറഞ്ഞ പണി നാല് ദിവസമായിട്ടും തീർന്നിട്ടില്ല. തിരുവനന്തപുരം നഗരസഭയിലെ നാൽപ്പത്തിനാല് വാർഡുകളിൽ ഇത്രയും ദിവസമായി വെള്ളം എത്തിയില്ല. പ്രതിഷേധം ശക്തമാകുന്നതിനിടെ രാവിലെ തുടങ്ങിയ പരീക്ഷണ പമ്പിംഗ് വാൽവിലെ ചോർച്ചയെ തുടർന്ന് നിർത്തിവെച്ചിരുന്നു. ടാങ്കറിൽ വെള്ളം എത്തിക്കുമെന്ന പ്രഖ്യാപനം പലയിടങ്ങളിലും നടന്നില്ല.
മണിക്കൂറുകൾ കൊണ്ടാണ് ചോർച്ചയുള്ള വാൽവിൽ അറ്റകുറ്റപ്പണി നടത്തിയത്. പൈപ്പ് മാറ്റിയിടുന്നത് അടക്കമുള്ള പ്രവർത്തനങ്ങൾ പൂർത്തിയാക്കിയിട്ട് വേണം പമ്പിംഗ് തുടങ്ങാൻ. ആദ്യ മണിക്കൂറുകളിൽ പൈപ്പ് ലൈൻ വൃത്തിയാക്കും. പിന്നീട് വേണം കുടി വെള്ളം എത്തിക്കാൻ.
നഗരത്തിലെ കുടി വെള്ള പ്രതിസന്ധി പൂർണമായും പരിഹരിക്കാൻ ഇനിയും മണിക്കൂറുകൾ വേണം. താഴ്ന്ന പ്രദേശങ്ങളിൽ കുടി വെള്ള വിതരണം പുനസ്ഥാപിക്കാൻ സാധിച്ചെങ്കിലും ഉയർന്ന പ്രദേശങ്ങളിൽ ഇനിയും വെള്ളം എത്തിയില്ല. ഇന്ന് കുടി വെള്ള വിതരണം പുനരാരംഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു പ്രദേശത്ത് ഉള്ളവർ. എന്നാൽ ഇന്ന് പുലർച്ചെ ഭാഗികമായി തുടങ്ങിയ പമ്പിംഗ് പിന്നീട് നിർത്തിവെച്ചതോടെ പ്രതീക്ഷ മങ്ങി. ഉച്ചയ്ക്ക് മുൻപായി താഴ്ന്ന പ്രദേശങ്ങളിൽ വെള്ളനെത്തിക്കുമെന്നായിരുന്നു മന്ത്രി ശിവൻകുട്ടി ഇന്നലെ പറഞ്ഞത്. ഉയർന്ന പ്രദേശങ്ങളിൽ വൈകീട്ടോടെ കുടി വെള്ള വിതരണം പുന സ്ഥാപിക്കാനാകുമെന്നാണ് വാട്ടർ അതോറിറ്റി അറിയിച്ചത്.












Click it and Unblock the Notifications