തിരുവനന്തപുരത്ത് യുവാവിനെ കൊന്ന് കത്തിച്ച കേസ്: മുഖ്യപ്രതി പിടിയിൽ,
തിരുവനന്തപുരം: യുവാവിനെ കൊലപ്പെടുത്തിയശേഷം ആളറിയാതിരിക്കാൻ തമിഴ്നാട്ടിലെ ശുചീന്ദ്രത്തിനു സമീപം കൊണ്ടുപോയി കത്തിച്ച കേസിൽ മുഖ്യപ്രതിയായ സുഹൃത്ത് പൊലീസിന്റെ പിടിയിലായി. വലിയതുറ വാട്സ് റോഡ് ടി.സി. 71/641ൽ അൽഫോൺസമ്മയുടെ മകൻ അനു അജുവാണ് (27) പിടിയിലായത്. കഠിനംകുളം പാടിക്കവിളാകം ക്ഷേത്രത്തിനു സമീപം മണക്കാട്ടു വീട്ടിൽ ആകാശാണ് (കൊച്ചുമോൻ 22) കൊല്ലപ്പെട്ടത്. നേരത്തെ അറസ്റ്റിലായ കേസിലെ കൂട്ടുപ്രതിയും ഇയാളുടെ മാതാവുമായ അൽഫോൺസമ്മയെ ഇന്ന് കോടതിയിൽ ഹാജരാക്കും. കേസിൽ അനുവിന്റെ രണ്ടാം ഭാര്യയും എൻജിനീയറിംഗ് ബിരുദധാരിയുമായ മണക്കാട് സ്വാഗത് നഗറിൽ രേഷ്മയെ (27)നേരത്തെ അറസ്റ്രിലായിരുന്നു.
തമിഴ്നാട്ടിലെ രഹസ്യതാവളത്തിൽ ഒളിവിൽ കഴിഞ്ഞ അനുഅജുവിനെ ഇന്നലെയാണ് പൊലീസ് പിടികൂടിയത്. കൺട്രോൾ റൂം അസി.കമ്മിഷണർ സുരേഷ് കുമാർ, ശംഖുംമുഖം അസി.കമ്മിഷണർ ഷാനിഹാൻ എന്നിവരുടെ നേതൃത്വത്തിൽ ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

ബൈക്ക് മോഷണക്കേസുമായി ബന്ധപ്പെട്ട് ഇപ്പോൾ ജയിലിൽ കഴിയുന്ന കേസിലെ കഴക്കൂട്ടം ഗേറ്റ്മുക്ക് പൂക്കാരിവിളാകം വീട്ടിൽ ജിതിനും (ജിത്തു-22) അഞ്ചുമാസം മുമ്പുണ്ടായ കൊലപാതകത്തിൽ പ്രതിയാണ്. ജയിലിലെത്തി പ്രാഥമിക ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ഇയാളെ അനുഅജുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ ചോദ്യം ചെയ്യാനായി ഇയാളെ കസ്റ്റഡിയിൽ വാങ്ങാനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നുണ്ട്.
കൂട്ടുമോഷണമുൾപ്പെടെ നിരവധി കുറ്റകൃത്യങ്ങളിൽ പങ്കാളികളായിരുന്നു അനു അജുവും ആകാശും. നേരത്തെ ആകാശ് പ്രതിയായ ഒരു പോക്സോ കേസിന്റെ വിചാരണ നടന്നുവരികയാണ്. കേസിന്റെ ആവശ്യത്തിനായി തനിക്ക് ഒരു ലക്ഷം രൂപ വേണമെന്ന് ആകാശ് ആവശ്യപ്പെട്ടിരുന്നു. ഇരുവരും ഒരുമിച്ച് മോഷ്ടിച്ച ബൈക്കുകൾ വിറ്റഴിച്ച് പണം നൽകണമെന്ന ആകാശിന്റെ ആവശ്യം അനുഅജു നിരസിച്ചു. ഇതേ തുടർന്ന് ഇരുവരും തമ്മിൽ വഴക്കായി. അനുഅജുവിന്റെ കഠിനം കുളത്തെ വീട്ടിൽ പലസ്ഥലങ്ങളിൽ നിന്നായി മോഷ്ടിച്ച് സൂക്ഷിച്ചിരുന്ന ബൈക്കുകളുടെ ഫോട്ടോകൾ ആകാശ് തന്റെ മൊബൈൽഫോണിൽ പകർത്തി. താൻആവശ്യപ്പെട്ട പണവും ഒരു ബൈക്കും നൽകാത്ത പക്ഷം ഇവ പൊലീസിന് കൈമാറി അനുഅജുവിനെ കേസിൽ കുടുക്കുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തി. പണം ആവശ്യപ്പെട്ട് കഠിനംകുളത്തെ അനുഅജുവിന്റെ വീട്ടിലെത്തിയ ആകാശും കൂട്ടുകാരും ഈ വീട് ആക്രമിക്കുകയും അനുവിന്റെ നാനോ കാർ അടിച്ചുതകർക്കുകയും ചെയ്തിരുന്നു. ഇതേതുടർന്നാണ് ആകാശിനെ വകവരുത്താൻ അനുഅജു പദ്ധതിയിട്ടത്. ജിതിനും മാതാവ് അൽഫോൺസമ്മയും ഭാര്യ രേഷ്മയും ഇതിനാവശ്യമായ സഹായങ്ങൾ നൽകി.
അനുവും ജിത്തുവും ചേർന്ന് മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയുടെ അടിസ്ഥാനത്തിൽ മാർച്ച് 30ന് രേഷ്മയുടെ ഫോണിൽ നിന്ന് ആകാശിനെ വിളിച്ചു. വലിയതുറ വേളാങ്കണ്ണി ജംഗ്ഷനിലെ അനുവിന്റെ ടൂവീലർ വർക്ക് ഷോപ്പിൽ ആകാശിനെ സൗഹൃദം നടിച്ച് വിളിച്ചുവരുത്തിയ ശേഷം മദ്യത്തിൽ മയക്കുഗുളിക കലർത്തി നൽകി. അബോധാവസ്ഥയിലായ ആകാശിനെ രേഷ്മയുടെ ചുരിദാറിന്റെ ഷാൾ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തി. മൃതദേഹം വർക്ക്ഷോപ്പിൽ സൂക്ഷിച്ചു. കൊലപാതകശേഷം
ആകാശിന്റെ മൊബൈൽ ടവർ ലൊക്കേഷൻ മറ്റൊരു സ്ഥലത്താണെന്ന് കാണിക്കുന്നതിനായി ഇവർ ആകാശിന്റെ ഫോണുമായി കൊല്ലത്തേക്ക് പോയി. ആകാശിന്റെ ഫേസ്ബുക്കിൽ നിന്ന് പത്തനംതിട്ടയിലേക്ക് പോകുകയാണെന്ന രീതിയിലുള്ള സ്റ്റാറ്റസ് ഇടുകയും ചെയ്തു. കൊല്ലത്തുനിന്നു തിരിച്ചെത്തിയ ശേഷം അടുത്ത ദിവസം പുലർച്ചെ തന്റെ പരിചയക്കാരന്റെ പക്കൽ നിന്ന് ഓട്ടത്തിനെന്ന വ്യാജേന വാടകയ്ക്കെടുത്ത സ്കോർപ്പിയോ കാറിൽ മൃതദേഹം കയറ്റി
ശുചീന്ദ്രം കൊറ്റയടി ഭാഗത്തുള്ള വിജനമായ പ്രദേശത്തെ കുളത്തിന് സമീപത്തെത്തിച്ച് കത്തിക്കുകയായിരുന്നു.












Click it and Unblock the Notifications