പ്രളയം: എന്‍ജിനീയറിംഗ് വിദ്യാർത്ഥികളടക്കം 17 പേരെ രക്ഷിച്ചു, ഹെലിക്കോപ്റ്ററിൽ വർക്കലയിലെത്തിച്ചു
വർക്കല: പ്രളയത്തിൽ ആണ്ടുപോയ പത്തനംതിട്ട ജില്ലയിലെ അഞ്ച് എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥികളും മൂന്ന് കുടുംബങ്ങളുമടക്കം 17 പേരെ രക്ഷപ്പെടുത്തി വ്യോമസേനയുടെ ഹെലിക്കോപ്പ്റ്ററിൽ വർക്കലയിലെത്തിച്ചു. രക്ഷപ്പെടുത്തിയവരിൽ രണ്ട് വയസ്സുളള ഒരു കുഞ്ഞും ഉൾപ്പെടുന്നു. ഇവരെ ശിവഗിരി ഹയർസെക്കന്ററി സ്കൂളിനു സമീപം ശിവഗിരി മഠത്തിന്റെ കൺവെൻഷൻ സെന്ററിൽ തുറന്ന ദുരിതാശ്വാസ ക്യാമ്പിൽ പാർപ്പിച്ചു. ആറന്മുള കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ മൂന്നാം വർഷ വിദ്യാർത്ഥികളാണ് പ്രളയദുരിതത്തിൽ അകപ്പെട്ടുപോയത്.
ഇവർ താമസിച്ചിരുന്ന കോഴിപ്പാലം പൊസ്റ്റാഫീസിനു സമീപത്തുളള വാടകവീട്ടിൽ വെളളം കയറിയതിനെ തുടർന്ന് 200 മീറ്റർ മാറി സഹപാഠിയായ എലിജോജോണിന്റെ ഷാരോൺവില്ലയിൽ അഭയം പ്രാപിക്കുകയായിരുന്നു. ആ കെട്ടിടത്തിന്റെ താഴത്തെ നില വെളളത്തിനടിയിലായി. രണ്ടാമത്തെ നിലയിൽ വീട്ടുകാർക്കൊപ്പം വിദ്യാർത്ഥികളും അഭയംതേടി. ചുറ്റുപാടും പ്രളയത്തിൽ അകപ്പെട്ടുപോയതു മൂലം പുറത്തിറങ്ങാൻ കഴിയാതെ ഒറ്റപ്പെട്ടുപോയ വിദ്യാർത്ഥികൾ വ്യാമസേനാ ഹെലിക്കോപ്റ്റർ കണ്ട് അപായസൂചന നൽകുകയായിരുന്നു. വിദ്യാർത്ഥികളുടെ നിസ്സാഹയാവസ്ഥ മനസ്സിലാക്കിയ വ്യോമസേനാംഗങ്ങൾ ഹെലിക്കോപ്റ്ററിൽ കയറ്റി രക്ഷപ്പെടുത്തുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കുടുംബാംഗങ്ങൾക്ക് ഹെലിക്കോപ്പ്റ്ററിൽ കയറാനായില്ല. ചിറയിൻകീഴ് സരസിൽ അതുൽവിനോദ് (21), കണ്ണൂർ ചെറുകുന്ന് താവത്ത് നന്ദനത്തിൽ സനൽകുമാർ (20), ഇടുക്കി സ്വദേശി രാഹുൽ പി രാജ്(20), വയനാട് പുത്തൻപുരയ്ക്കൽ മനുജോൺ (20), മലപ്പുറം ഇഴിഞ്ഞില്ലത്ത് നന്ദഗോപൻ (20) എന്നിവരെയാണ് വ്യാമസേന രക്ഷപ്പെടുത്തി വർക്കലയിലെത്തിച്ചത്.

ആറന്മുള വെരിശ്ശേരിൽ അഡ്വ. സാം ജി മാത്യു (68) ഭാര്യ സൂസൻമാത്യു (67) മകൾ സിജി (47), അവരുടെ മക്കളായ സോഫിയജോർജ്ജ്(9), ഏയ്ഡൻജോർജ്ജ് (7), രണ്ട് വയസ്സുകാരിയായ സാറാ ജോർജ്ജ് എന്നിവർ താമസിച്ചിരുന്ന ഇരുനിലവീട് പ്രളയത്തിൽ അകപ്പെട്ടു. താഴത്തെനില വെളളത്തിൽ മുങ്ങിയതിനെ തുടർന്ന് ഇവരെല്ലാം രണ്ടാം നിലയിലും ടെറസ്സിന്റെ മുകളിലുമായി കഴിയുകയായിരുന്നു. തൊട്ടടുത്ത് താമസിക്കുന്ന സാം ജി മാത്യുവിന്റെ സഹോദരൻ തോമസ്മാത്യുവിന്റെ വീടും പ്രളയത്തിലകപ്പെട്ടു. തോമസ് മാത്യുവിന്റെ ഭാര്യ സുജ (47), മക്കളായ റെയ് മ (16), നെവൻ (10) എന്നിവർ സാം ജി മാത്യുവിന്റെ വീട്ടിൽ രക്ഷതേടുകയായിരുന്നു. വ്യാമസേനാംഗങ്ങൾ ഇവരെ രക്ഷപെടുത്തി ഹെലിക്കോപ്റ്ററിൽ വർക്കലയിലെത്തിച്ചു












Click it and Unblock the Notifications