മഴക്കെടുതി: തിരുവനന്തപുരത്ത് ആദിവാസിമേഖലകൾ ഒറ്റപ്പെട്ടു, പേപ്പാറ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു!
വിതുര: മഴയുടെ തോട് കുറഞ്ഞെങ്കിലും താഴ്ന്ന പ്രദേശങ്ങളൊക്കെ വെള്ളത്തിനടിയിൽ തന്നെ. പേപ്പാറ ഡാമിലെ മൂന്ന് ഷട്ടറുകളും തുറന്നു വിട്ടിരിക്കുകയാണ്. ഡാമിൻെറ വൃഷ്ടിപ്രദേശങ്ങളിൽ അതിശക്തമായ മഴ കോരിച്ചൊരിഞ്ഞതിനെ തുടർന്ന് ശക്തമായ തോതിൽ മലവെള്ളപ്പാച്ചിൽ ഉണ്ടാകുകയും, പൊടിയക്കാല ആദിവാസിമേഖലയിലേക്ക് പോകുന്ന റോഡ് വെള്ളത്തിൽ മുങ്ങുകയും ചെയ്തിരുന്നു.വ്യാഴാഴ്ച രാത്രിയിലാണ്.റോഡിൽ വെള്ളം നിറഞ്ഞത്.
ഇതോടെ പൊടിയക്കാലയിൽ അധിവസിക്കുന്ന എഴുപതോളം കുടുംബങ്ങൾ ഒറ്റപ്പെട്ടു.ഇന്നലെ ഉച്ചയോടെ മഴക്ക് ശമനമുണ്ടായതോടെ റോഡിൽ നിന്നും വെള്ളം വലിയുകയും ഗതാഗതം പുനസ്ഥാപിക്കുകയും ചെയ്തു. എന്നിരുന്നാലും ആദിവാസികൾ പുറംലോകവുമായി ബന്ധപ്പെടുന്നില്ല.വിതുരയിലോ മറ്റോ എത്തി മടങ്ങും മുൻപേ വീണ്ടും വെള്ളം കയറുമെന്ന ഭീതി ഇപ്പോഴും നിലനിൽക്കുകയാണ്.പൊടിയക്കാല നിവാസികൾക്ക് വേണ്ട സഹായങ്ങൾ വനംവകുപ്പും, പൊലീസും സന്നദ്ധസംഘടനകളും ലഭ്യമാക്കുന്നുണ്ട്. മറ്റൊരു ആദിവാസി മേഖലയായ ചാത്തൻകോട് ചെമ്മാംകാല ഭാഗത്തേക്ക് പോകുവാനുള്ള റോഡും വ്യാഴാഴ്ച മണിക്കൂറുകളോളം വെള്ളത്തിൽ മുങ്ങി. ഇതോടെ ഇൗ ആദിവാസി ഉൗരുകളും ഒറ്റപ്പെടുകയായിരുന്നു. പേപ്പാറ ഡാമിലെ വെള്ളമാണ് ഇവിടെയുള്ള റോഡിലും നിറഞ്ഞത്.

വാമനപുരം നദി ഇപ്പോഴും നിറഞ്ഞൊകുകകയാണ്. നദിയിലുള്ള പൊന്നാംചുണ്ട്, ചെറ്റച്ചൽ പാലങ്ങൾ വീണ്ടും പ്രത്യക്ഷമായി. ഇന്നലെ രാവിലെ വരെ പാലത്തിന് മുകളിലൂടെ ജലപ്രവാഹം ഉണ്ടായിരുന്നു. കല്ലാർ ഇപ്പോഴും നിറഞ്ഞൊഴുകയാണ്. തൊളിക്കോട് പഞ്ചായത്തിലെ ചിറ്റിപ്പാറയുടെ അടിയിൽ അധിവസിച്ചിരുന്ന നൂറിൽപരം കുടുംബങ്ങൾ ഇപ്പോഴും, വിനോബാനികേതൻ, കടുക്കാക്കുന്ന് സ്കൂളുകളിലെ ദുരിതാശ്വാസക്യാമ്പുകളിൽ കഴിയുകയാണ്. പഞ്ചായത്തും, പൊലീസും, രാഷ്ട്രീയകക്ഷികളും, സന്നദ്ധസംഘടനകളും, യുവജനസംഘടനകളും, സ്കൂളുകളും ഇവർക്ക് വേണ്ട സഹായങ്ങൾ എത്തിച്ചുകൊടുക്കുന്നുണ്ട്.












Click it and Unblock the Notifications