വീട് കുത്തിതുറന്ന് മോഷണം നടത്തി: അന്തർ സംസ്ഥാന മോഷ്ടാവ് തിരുവനന്തപുരത്ത് പിടിയിൽ
നേമം: പാപ്പനംകോടിന് സമീപം ആളില്ലാത്ത വീടിന്റെ കതക് കുത്തിതുറന്ന് മോഷണം നടത്തിയ അന്തർ സംസ്ഥാന മോഷ്ടാവിനെ അറസ്റ്റ് ചെയ്തു. വയനാട് ജില്ലയില്‍ കല്പറ്റ ചരുവിള പുത്തന്‍ വീട്ടില്‍ ജോയി (51) ആണ് അറസ്റ്റിലായത്. പുതിയ കരയ്ക്കാമണ്ഡപം എസ്റ്റേറ്റ് ഹൈസ്കൂൾ റോഡിൽ മണിമന്ദിരത്തിൽ വിജയ് എസ് നായരുടെ വീട്ടിൽ ജൂലൈ 7ന് പുലർച്ചെ നടന്ന മോഷണവുമായി ബന്ധപ്പെട്ടാണ് ഇയാളെ നേമം പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവിടെ നിന്നും മാലകളും വളകളും ഉള്‍പ്പെടെ 45 പവന്‍ സ്വര്‍ണ്ണം മോഷണം പോയിരുന്നു. മോഷ്ടിച്ച സ്വര്‍ണ്ണാഭരണങ്ങള്‍ ഒരു ജുവലറിയിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് മോഷ്ടാവിനെ പിടികൂടാന്‍ സഹായിച്ചത്.

മറ്റൊരു കേസിൽ കോഴിക്കോട് ജില്ല ജയിലില്‍ നിന്നും ഏപ്രില്‍ മാസം ഇറങ്ങിയ ഇയാൾ സംസ്ഥാനത്ത് പലയിടങ്ങളിലും നിരവധി മോഷണ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. കന്യാകുമാരി, തൃശൂര്‍, കൊല്ലം, ആറ്റിങ്ങല്‍, കുന്ദംകുളം, മലയിൻകീഴ് തുടങ്ങിയ പോലീസ് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ 45 ഓളം മോഷണകേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. രാത്രി കാലങ്ങളില്‍ അടച്ചിട്ട വീട് കേന്ദ്രീകരിച്ചാണ് ഇയാള്‍ മോഷണങ്ങള്‍ നടത്തുന്നതത്രെ.
നേമം ഇന്‍സ്പെക്ടര്‍ കെ.പ്രദീപിന്‍റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍മാരായ എസ് .എസ്.സജി, സഞ്ജു ജോസഫ് ,ബിജു സി.പി.ഒ പത്മകുമാര്‍ എന്നിവരടങ്ങിയ സംഘമാണ് മോഷ്ടാവിനെ പിടികൂടിയത്.












Click it and Unblock the Notifications