രാഷ്ട്രീയക്കാരെ തമ്മിലടിപ്പിക്കുന്ന സംഘം തിരുവനന്തപുരത്ത് പിടിയിൽ: കൊടി കീറി കൊടി മരങ്ങള് നശിപ്പിച്
തിരുവനന്തപുരം: രാഷ്ട്രീയ പാർട്ടികളുടെ കൊടിമരങ്ങളും കൊടികളും നശിപ്പിക്കുകയും എതിർ പാർട്ടികൾ തമ്മിൽ സംഘർഷം നിലനിൽക്കുന്ന ഭാഗങ്ങളിൽ ബൈക്കിലെത്തി നാടൻ പടക്കമെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തിരുന്ന സംഘം പിടിയിൽ. ഞാണ്ടൂർക്കോണം പുളിയങ്കോട് സ്വദേശി അഖിൽ, വട്ടപ്പാറ മൂക്കംപാല സ്വദേശി ഉണ്ണി, പോത്തൻകോട് പൂലന്തറ സ്വദേശി ഷിയാസ്, കല്ലറ മിതൃമല സ്വദേശി അമൽ ദാസ് എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ദിവസങ്ങളിൽ ഞാണ്ടൂർക്കോണത്തും വട്ടപ്പാറയിലും ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവത്തെ തുടർന്നുള്ള അന്വേഷണത്തിലാണ് സംഘം പിടിയിലായത്. വിശദമായ ചോദ്യം ചെയ്യലിലാണ് വർഷങ്ങളായി നടക്കുന്ന സാമൂഹ്യ വിരുദ്ധ പ്രവർത്തനം വെളിച്ചത്തായത്. ഒരു പ്രദേശത്ത് ഏറ്റവും കൂടുതൽ ശക്തിയുള്ള രാഷ്ട്രീയ പാർട്ടിയുടെ കൊടിമരങ്ങളും തോരണങ്ങളും നശിപ്പിക്കുന്നതിലൂടെ എതിർപാർട്ടിക്കാരാണ് നശിപ്പിച്ചതെന്ന അനുമാനത്തിൽ പ്രദേശത്ത് സംഘർഷം ഉടലെടുക്കും. പ്രതിഷേധ യോഗങ്ങളും പൊലീസ് പട്രോളിംഗും ഏർപ്പെടുത്തുമ്പോൾ സംഘാംഗങ്ങൾ ഒന്നും അറിയാത്തമട്ടിൽ നടക്കാറാണ് പതിവ്.

ഒരു മാസം മുൻപ് പുളിയങ്കോട് സ്വദേശി ദേവരാജന്റെ വീട്ടിൽ നാടൻ ബോംബെറിഞ്ഞതും, ആറു മാസം മുൻപ് പോത്തൻകോട് പഞ്ചായത്തിലെ ബി.ജെ.പി.മെമ്പർ അനിതകുമാരിയുടെ വീട്ടിലും, വട്ടപ്പാറ കുറ്റിയാണിയിലെ ആളൊഴിഞ്ഞ പറമ്പിൽ നാടൻ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതും ഇക്കൂട്ടരാണെന്ന് തെളിഞ്ഞതായി പൊലീസ് പറഞ്ഞു.
കൂടാതെ ചേങ്കോട്ടുകോണം, പൗഡിക്കോണം, സ്വാമിയാർമഠം, ഞാണ്ടൂർക്കോണം, ആനന്ദേശ്വരം എന്നിവിടങ്ങളിൽ എല്ലാ പാർട്ടികളുടെയും കൊടികളും ഫ്ലക്സ് ബോർഡുകളും നശിപ്പിച്ച് പരസ്പര സംഘർഷം സൃഷ്ടിക്കാൻ ശ്രമിച്ചതായും പൊലീസ് പറഞ്ഞു. കഴക്കുട്ടം സി.ഐ എസ്. വൈ സുരേഷ്, എസ്.ഐമാരായ സുധീഷ് കുമാർ, റോയ്, ഷാജി, വിജയകുമാർ , അസി സബ് ഇൻസ്പെക്ടർ ബിജു, സി.പി.ഒ മാരായ പ്രസാദ്, വിനോദ്, അൻസിൽ ,അരുൺ , പ്രിൻസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.












Click it and Unblock the Notifications