ആറ്റിങ്ങലിൽ ബൈക്ക് യാത്രക്കാരൻ കാട്ടിലേക്ക് തെറിച്ചു; പോലീസ് തിരച്ചിലോട് തിരിച്ചിൽ, പിന്നീട് നടന്നത്
ആറ്റിങ്ങൽ: അപകടത്തിൽപ്പെട്ട് കാട്ടിലേക്ക് തെറിച്ചുവീണ യുവാവിനായി പോലീസും ഫയർഫോഴ്സും മണിക്കൂറുകളോളം തെരച്ചിൽ നടത്തുമ്പോൾ ഇതൊന്നുമറിയാതെ യുവാവ് കഴക്കൂട്ടം പൊലീസ് സ്റ്റേഷനിൽ ഹാജർ! ആറ്റിങ്ങൽ മാമത്താണ് ഇന്ന് രാവിലെ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
അഞ്ചരയോടെ മാമം പാലത്തിന് സമീപം നിയന്ത്രണം വിട്ട ബൈക്ക് ലോറിയിലും ആട്ടോയിലും ഇടിച്ചു. അപകടശബ്ദം കേട്ട് നാട്ടുകാർ ഓടിക്കൂടിയപ്പോൾ ഒരാളെ മാത്രമാണ് ബൈക്കിന് സമീപം കാണാൻ കഴിഞ്ഞത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെ തന്റെ കൂടെ ഒരാൾ കൂടെയുണ്ടായിരുന്നെന്ന് പറഞ്ഞു. ഇതോടെ ആറ്റിങ്ങൽ ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് പാലത്തിന് സമീപം കാടുമൂടിക്കിടക്കുന്ന പ്രദേശം മുഴുവൻ മണിക്കൂറുകളോളം തിരഞ്ഞു.

എന്നാൽ കാടിനുള്ളിൽ കാണാതായെന്ന് പറയുന്ന ആൾ ഇതേ സമയം കഴക്കൂട്ടം പൊലീസ് സ്റ്റേഷനിൽ സുരക്ഷിതനായി എത്തി. അപകടത്തിന്റെ ആഘാതത്തിൽ കാട്ടിലേക്ക് തെറിച്ച് വീണ യുവാവ് ഒരുവിധം നടന്ന് റോഡിലെത്തി അതുവഴി വന്ന വാഹനത്തിൽ ലിഫ്റ്റ് ചോദിച്ച് കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. തനിക്കൊപ്പമുണ്ടായിരുന്നയാൾ അപകടത്തിൽപ്പെട്ട് മരിച്ചെന്ന് നിലവിളിച്ചെത്തിയ ഇയാളെ പൊലീസുകാർ സമാധാനിപ്പിച്ചശേഷം ആറ്റിങ്ങൽ പൊലീസിൽ വിവരം അറിയിച്ചു. അതോടെ കാര്യങ്ങൾക്ക് വ്യക്തതയായി.












Click it and Unblock the Notifications