മഴക്കെടുതി: കിളിമാനൂരിൽ കനത്ത നാശനഷ്ടം, വീടുകള്‍ തകര്‍ന്നു, കൃഷിയിടങ്ങള്‍ വെള്ളത്തിനടിയിലായി!
കിളിമാനൂർ: കാലവർഷം കനത്തതോടെ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ കിളിമാനൂരിലും പരിസര പ്രദേശങ്ങളിലും കനത്ത നാശനഷ്ടം.നിരവധി വീടുകൾ പൂർണമായും ഭാഗികമായും തകർന്നു കൃഷിയിടങ്ങൾ വെള്ളത്തിനായിലായി,വൈദ്യുതി ബന്ധം പൂർണമായും നിലച്ചു.വാമനപുരം നദിയും ചിറ്റാറും കരകവിഞ്ഞു ഒഴുകുകയാണ്. നദീ തീരങ്ങളിലെ വീടുകളിൽ വെള്ളം കയറി.
പഴയകുന്നുമ്മേൽ, കിളിമാനൂർ, നഗരൂർ, പുളിമാത്ത്, മടവൂർ പഞ്ചായത്തുകളിലാണ് നാശനഷ്ടങ്ങൾ ഏറെയും.ചിറ്റാറിനു സമീപത്തുള്ള ജയ മന്ദിരത്തിൽ വിജയലക്ഷ്മിയുടെ വീടു പൂർണമായും വെള്ളത്തിനടിയിലായി.സമീപത്തെ നേതാജി പാരലൽ കോളേജിന്റെ ഒരു ഷെഡിൽ വെള്ളം കയറി, വയ്യാറ്റിൻകര കുളപ്പാറ മുബീന മനസിലിൽ കമാലുദ്ദീന്റെ വീട് ഭാഗികമായും, വയ്യാറ്റിൻകര വയലിൽ വീട്ടിൽ റജിയുടെ വീട്, മേലെ പുതിയകാവ് വിജയസദനത്തിൽ രാജമ്മയുടെ വീട്, പാപ്പാല പൂവത്തൂർ വീട്ടിൽ ഉഷയുടെ വീട്, മഹാദേവേശ്വരം വിളയിൽ വീട്ടിൽ രമണിയുടെ വീട്, കുന്നുമ്മൽ കുന്നിൽ വീട്ടിൽ പ്രീത എന്നിവരുടെ വീടുകളും ഭാഗികമായി തകർന്നു. മടവൂർ പഞ്ചായത്തിൽ ലക്ഷം വീട് കോളനിയിലെ 22 വീടുകളിൽ പകുതിയോളം വീടുകൾ തകർന്നു. ഇവിടുള്ളവരെ ബന്ധുവീടുകളിൽ പാർപ്പിച്ചിരിക്കുകയാണ്. തട്ടത്തുമല സജു ഭവനിൽ സിമിയുടെ വീടിന്റെ പിൻവശവും അടുക്കളയും തകർന്നു.

തട്ടത്തുമല ദിയ മൻസിലിൽ റിയാസിന്റെ വീടിന്റെ സംരക്ഷണഭിത്തി തകർന്നു. മടവൂർ റിസാന മൻസിലിൽ റംസിയുടെ അടുക്കള ഇടിഞ്ഞു വീണു. ഓടിട്ട കെട്ടിടം ഭാഗികമായി തകർന്നു. മടവൂർ ലക്ഷം വീടു കോളനിയിൽ ജയ വിലാസത്തിൽ വിജയലക്ഷ്മിയുടെ വീട് തകർന്നു. കോളനിയിലെ ഗീതാമന്ദിരത്തിൽ സത്യഭാമയുടെ സംരക്ഷണഭിത്തിയില്ലാത്ത കിണർ നിറഞ്ഞ് അപകട ഭീഷണിയിലാണ്.
തുമ്പോട് ചരുവിള വീട്ടിൽ ഓമനയുടെ വീടിന് മുകളിലൂടെ തേക്ക് മരം കടപുഴകി, ആൾ അപായമില്ല. നിരവധി കൃഷിയിടങ്ങൾ വെള്ളത്തിനടിയിലാണ്. എങ്ങും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ജനപ്രതിനിധികളും റവന്യൂ ഉദ്യോഗസ്ഥരും പൊലിസും ദുരിത ബാധിത പ്രദേശത്ത് സഹായം എത്തിക്കുന്നുണ്ട്. കിളിമാനൂർ അയ്യപ്പൻകാവ് നഗറിൽ പൊന്നമ്മയുടെയും അരുണിന്റെയും വീടിനിടയിലൂടെ കഴിഞ്ഞ ദിവസം പുലർച്ചെ തേക്ക് മരം കടപുഴകിയെങ്കിലും രണ്ട് വീടുകളിലുണ്ടായിരുന്നവരും അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്. പൊന്നമ്മയുടെ വിടിലെ കുളിമുറിയും കിണറും തകർന്നു, അരുണിന്റെ വീടിന്റെ കാർ പോർച്ചിന്റെ ഷീറ്റ് തകർന്നു. വെഞ്ഞാറമൂട് ഫയർ ഫോഴ്സും കിളിമാനൂർ പൊലീസും രക്ഷാപ്രവർത്തനം ഊർജിതമാക്കി.












Click it and Unblock the Notifications