പോലീസ് ചമഞ്ഞ് വീട്ടമ്മയിൽ നിന്ന് 10 ലക്ഷം തട്ടിയ കേസിൽ സ്ത്രീ പിടിയിൽ
പാലോട്: സൈബർസെൽ പൊലീസ് ചമഞ്ഞ് വീട്ടമ്മയിൽ നിന്ന് 10 ലക്ഷം തട്ടിയെടുത്ത സംഘത്തിലെ രണ്ടാംപ്രതി പിടിയിൽ. ഇലവുപാലം തേരിയിൽ ബർക്കത്ത് മൻസിലിൽ മദീനബീവിയാണ് (30) അറസ്റ്റിലായത്. കേസിലെ ഒന്നാം പ്രതിയായ അബ്ദുൽ ഷിബുവിന്റെ ഭാര്യയാണ് മദീനബീവി.
വിദേശത്ത് കഴിയുന്ന ഷിബുവിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. മാസങ്ങൾക്ക് മുമ്പ് പരാതിക്കാരിയായ വീട്ടമ്മയെ വിളിച്ച് കുടുംബത്തിൽ ചിലരുടെ നഗ്നഫോട്ടോകൾ സൈബർ സെല്ലിന് ലഭിച്ചതായും അത് ഡിലീറ്റ് ചെയ്യണമെങ്കിൽ 10 ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

രണ്ടു തവണയായി 10 ലക്ഷം കൊടുത്തു. എന്നാൽ നിരന്തരം ശല്യപ്പെടുത്തിയതിനെ തുടർന്നാണ് വീട്ടമ്മ പരാതി നൽകിയത്. മൂന്നും നാലും പ്രതികളായ ഷാൻ, മുഹമ്മദ് ഷാഫി എന്നിവരെ കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തിരുന്നു. പാലോട് സിഐ കെ.ബി. മനോജ്കുമാർ, എസ്.ഐമാരായ അഷറഫ്, ഭുവനചന്ദ്രൻനായർ, എ.എസ്.ഐ അൻസാരി, സിപിഒമാരായ പ്രദീപ്, രാജേഷ്, റിയാസ്, അനൂപ്, വനിത സി.പി.ഒമാരായ നസീറ, ശിൽപ എന്നിവരടങ്ങുന്ന സംഘമാണ് ബീമാപള്ളിയിലെ ബന്ധുവീട്ടിൽ നിന്ന് പ്രതിയെ അറസ്റ്റ് ചെയ്‌തത്.












Click it and Unblock the Notifications