പരാതിക്കാരനെ പോലീസ് സ്റ്റേഷനിൽ കയറി ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ മർദ്ദനം; ഒരാൾ അറസ്റ്റിൽ
ബാലരാമപുരം: ബാലരാമപുരം ജനമൈത്രി സ്റ്റേഷനിൽ എഎസ്ഐക്കും പൊലീസിനും മുന്നിൽ ഡിവൈഎഫ്ഐ നേതാവിന്റെ നേതൃത്വത്തിൽ പരാതിക്കാരനെ മർദ്ദിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ബാലരാമപുരം എ.വി സ്ട്രീറ്റ് കല്ലുതട്ട് വീട്ടിൽ ഷാജഹാനാണ് അറസ്റ്റിലായത്. ഡിവൈഎഫ്ഐ ഏരിയാ സെക്രട്ടറി പേട്ടനട കച്ചേരിക്കുളത്തിനു സമീപം സാദിഖ് അലി, മേലെ പരുത്തിത്തോപ്പ് വീട്ടിൽ സക്കീർ എന്നിവർ ഒളിവിലാണ്.
കാട്ടാക്കട റോഡ്, ഷാജി കോട്ടേജിൽ ഷാജിമോനാണ് മർദ്ദനമേറ്റത്. വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയെന്ന ഷാജഹാന്റെ പരാതിയിൽ ഷാജിമോനെതിരെയും പൊലീസ് കേസെടുത്തു. ഷാജിമോനും ഷാജഹാനും തമ്മിൽ മുമ്പ് സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു. ഞായറാഴ്‌ച രാത്രി 10ന് ബാലരാമപുരത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചിറങ്ങിയ ഷാജിമോനെയും സുഹൃത്ത് അൽഅമീനെയും ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘം മർദ്ദിക്കുകയായിരുന്നു.

തുടർന്ന് പരാതി കൊടുക്കാൻ സ്റ്റേഷനിലെത്തിയ ഷാജിമോനെ പൊലീസ് നോക്കി നിൽക്കെ അവിടെയെത്തിയ സാദിഖ് അലിയും സംഘവും മർദ്ദിക്കുകയായിരുന്നു. അതേസമയം കേസ് ഒതുക്കിത്തീർക്കാനും ശ്രമം നടക്കുകയാണെന്ന് ആക്ഷേപമുണ്ട്. മുമ്പ് ഓപ്പറേഷൻ കുബേരയുടെ ഭാഗമായി ഷാജിമോന്റെ പരാതിയെ തുടർന്ന് ഷാജഹാനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിന്റെ തുടർച്ചയാണ് കഴിഞ്ഞ ദിവസം നടന്ന അക്രമം.












Click it and Unblock the Notifications