കുഴമ്പ് രൂപത്തിൽ കടത്താൻ ശ്രമിച്ച ഒന്നേകാൽ കിലോ സ്വർണം പിടികൂടി
തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുഴമ്പ് രൂപത്തിൽ കടത്താൻ ശ്രമിച്ച ഒന്നേകാൽ കിലോ സ്വർണം പിടികൂടി. 40ലക്ഷം രൂപവിലവരുമെന്നാണ് കണക്കാക്കുന്നത്. പരിശോധനകളും മെറ്റൽ ഡിറ്റക്ടറും കടന്ന സ്വർണം രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസിന് പിടികൂടാനായത്.
പിന്നിൽ സ്ഥിരം കടത്ത് സംഘമെന്നാണ് നിഗമനം. ഇന്നലെ പുലർച്ചെ 2.30ന് എത്തിയ ദുബായ് തിരുവനന്തപുരം എയർ ഇന്ത്യാ എക്സ്പ്രസിലെ യാത്രക്കാരനായ കൊല്ലം തഴവ സ്വദേശി അലിയിൽ (24)നിന്നാണ് സ്വർണ്ണം പിടികൂടിയത്. ഒന്നേകാൽ കിലോ വരുന്ന സ്വർണം ദ്രാവകരൂപത്തിലാക്കി പ്രോട്ടീൻ പൗഡറും രാസവസ്തുക്കളും കലർത്തി കുഴമ്പ് രൂപത്തിലാക്കിയ നിലയിലായിരുന്നു. അടിവസ്ത്രത്തിനടിയിൽ ബെൽറ്റിനുള്ളിൽ ഒളിപ്പിച്ച് സ്വർണ്ണവുമായി എത്തിയ ഇയാളെ പരിശോധനകളിലൊന്നും തിരിച്ചറിയാനായില്ല.

രഹസ്യവിവരം കിട്ടിയതിനാൽ പ്രത്യേക പരിശോധന നടത്തിയതിലൂടെയാണ് ഇയാളിൽ നിന്ന് കസ്റ്റംസിന്സ്വർണ്ണം കണ്ടെത്താനായത്. 7മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിലാണ് കെമിക്കൽ പോസസിംഗിലൂടെ സ്വർണ്ണം വേർതിരിച്ചെടുത്തത്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ എ.ദാസ്,സൂപ്രണ്ടുമാരായ ഗോമതി, സിനി തോമസ്, സീതാരാമൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
സ്ഥിരം കടത്ത് സംഘത്തിലെ കണ്ണിയാണ് ഇയാളെന്ന് കസ്റ്റംസ് അധികൃതർ പറഞ്ഞു. പരിശോധനകൾ അതിജീവിച്ചും വിമാനത്താവളങ്ങൾ വഴി നടക്കുന്നുണ്ടെന്ന് ഇത് വ്യക്തമാക്കുകയാണ് ഈ സംഭവം. രഹസ്യവിവരം ലഭിച്ചില്ലായിരുന്നുവെങ്കിൽ ഇതും പിടിക്കെപ്പെടുമായിരുന്നില്ല. പിടിയിലായ ആളിൽ നിന്നും സ്വർണകടത്ത് സംഘത്തെകുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള ശ്രമത്തിലാണ് കസ്റ്റംസ് സംഘം.












Click it and Unblock the Notifications