ജിവി രാജ സ്കൂൾ പ്രിൻസിപ്പലിനെ മാറ്റിയതിൽ പ്രതിഷേധം ശക്തം; മന:പൂർവം കുടുക്കാനുള്ള ശ്രമമെന്ന്...
തിരുവനന്തപുരം: അടിക്കടിയുണ്ടാവുന്ന ഭക്ഷ്യവിഷബാധ ആസൂത്രിതമാണെന്ന് സ്‌പെഷ്യൽ ബ്രാഞ്ചിന്റെ റിപ്പോർട്ടിന് പിന്നാലെ ജി.വി രാജ സ്‌കൂളിലെ പ്രിൻസിപ്പലിനെ സർക്കാർ സ്ഥലംമാറ്റിയതിൽ പ്രതിഷേധം ശക്തമാകുന്നു. പ്രിൻസിപ്പൽ പ്രദീപ് നിരപരാധിയാണെന്നും ഇദ്ദേഹത്തെ മന:പൂർവം കുടുക്കാൻ സ്‌കൂളിലെ ചില അദ്ധ്യാപകരും ജീവനക്കാരും ശ്രമിക്കുന്നുവെന്നാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും പറയുന്നത്. പ്രിൻസിപ്പലിനെ സ്ഥലം മാറ്റിയതിനെതിരെ വിദ്യാർത്ഥികൾ സമരം നടത്തിയിരുന്നു.
ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ കാരണം കണ്ടെത്തും മുമ്പ് പൊലീസ് അന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയത് പ്രൻസിപ്പൽ പ്രദീപിനെ ഉന്നമിട്ടാണെന്നാണ് ആരോപണം. സ്‌കൂളിൽ പാകം ചെയ്യുന്ന ആഹാരം തങ്ങൾക്കൊപ്പമിരുന്നാണ് പ്രിൻസിപ്പൽ കഴിക്കുന്നതെന്നാണ് കുട്ടികൾ പറയുന്നത്. അസുഖത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും പിറ്റേന്ന് സുഖം പ്രാപിച്ചതോടെ പരിശീലനത്തിന് തയാറായി ഗ്രൗണ്ടിലെത്തിയപ്പോൾ വിശ്രമിക്കാനാണ് സ്‌കൂളിലെ ഒരു സാർ നിർദേശം നൽകിയത്.

ആശുപത്രിയിൽ നിന്നെത്തിയ കുട്ടികളിൽ ചിലർ പരിശീലനത്തിന് തയ്യാറായിരുന്നു. എന്നാൽ വിശ്രമിക്കാനായിരുന്നു നിർദ്ദേശം. ഇദ്ദേഹം തന്നെയാണ് കുട്ടികൾ കിടന്നുറങ്ങുന്നത് മൊബൈലിൽ പകർത്തി പ്രചരിപ്പിച്ചതെന്നും കുട്ടികൾ പറയുന്നു. പ്രദീപ് സാർ എത്തിയ ശേഷം എല്ലാം സുതാര്യമാണ്. സംഭവത്തിന് പിന്നിൽ വേറെ എന്തൊക്കെയോ നടന്നിട്ടുണ്ട്. ഞങ്ങൾ കായികമന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകിയിട്ടുണ്ടെന്നും വിദ്യാർത്ഥികൾ പറയുന്നു.












Click it and Unblock the Notifications