ക്ഷേത്ര ദർശനത്തിനിടെ വീട്ടമ്മയ്ക്ക് പീഡനം; കഴുത്തിൽ വാൾവെച്ച് ഭീഷണി, സംഭവം വർക്കലയിൽ...
തിരുവനന്തപുരം: പുലർച്ചെ ക്ഷേത്ര ദർശനത്തിന് പോകും വഴി വീട്ടമ്മയുടെ കഴുത്തിൽ വാൾവച്ച് ഭീഷണിപ്പെടുത്തിയശേഷം പീഡിപ്പിക്കാൻ ശ്രമം. ചെമ്മരുതി പഞ്ചായത്തിലെ പനയറ പോരിട്ടക്കാവ് ക്ഷേത്രത്തിന് സമീപം ഇന്ന് പുലർച്ചെ 5.30 ഓടെയായിരുന്നു സംഭവം.
പനയറ സ്വദേശിയായ അമ്പതുകാരിക്കുനേരെയാണ് അതിക്രമമുണ്ടായത്. തനിച്ച് നടന്നുവരികയായിരുന്ന ഇവരെ ക്ഷേത്രത്തിന് അൽപ്പം അകലെവച്ചാണ് ബൈക്കിൽ ജാക്കറ്റ് ധരിച്ചെത്തിയ യുവാവ് ആക്രമിച്ചത്. ബൈക്ക് വേഗം കുറച്ച് നിർത്തുന്നത് കണ്ട് ഭയന്നോടിയ വീട്ടമ്മയെ പിന്തുടർന്ന ഇയാൾ കഴുത്തിൽ വാളുപോലുള്ള ആയുധം വച്ചശേഷം ഇവരുടെ വായ പൊത്തിപ്പിടിച്ച് അതിക്രമത്തിന് ശ്രമിക്കുകയായിരുന്നു.

ക്ഷേത്രത്തിലേക്കുള്ള റോഡിൽ വിജനമായ സ്ഥലത്തുവച്ചായിരുന്നു സംഭവം. പിടിവലിക്കും ഉന്തിനും തള്ളിനുമിടയിൽ കുതറിഓടിയ വീട്ടമ്മ നിലവിളിച്ച് ബഹളം കൂട്ടി. അൽപ്പദൂരം വീണ്ടും ഇയാൾ വീട്ടമ്മയെ പിന്തുടർന്നെങ്കിലും ആളുകൾ ഓടിക്കൂടിയപ്പോഴേക്കും അക്രമി ബൈക്കും ആയുധവും സ്ഥലത്തുപേക്ഷിച്ചശേഷം രക്ഷപ്പെട്ടു. നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് അയിരൂർ പൊലീസെത്തി ബൈക്കും ആയുധവും കസ്റ്റഡിയിലെടുത്തു. നാടകത്തിലും മറ്റും ഉപയോഗിക്കുന്ന വാളാണ് ഇതെന്ന് പൊലീസ് പറഞ്ഞു.
കടയ്ക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് ഏതാനും ദിവസം മുമ്പ് മോഷണം പോയ പൾസർ ബൈക്കാണ് കസ്റ്റഡിയിലായത്. മോഷ്ടാവാണ് ഇയാളെന്ന് സംശയിക്കുന്നുണ്ടെങ്കിലും വീട്ടമ്മ മാലയോ മറ്റ് ആഭരണങ്ങളോ അണിഞ്ഞിരുന്നില്ല. അതിനാൽ പീഡന ശ്രമമാകാമെന്നാണ് പൊലീസിന്റെ നിഗമനം. ആറ്റിങ്ങൽ ഡിവൈ.എസ്.പി അനിൽകുമാറിന്റെ നേതൃത്വത്തിൽ പൊലീസെത്തി വീട്ടമ്മയിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. അക്രമിയെ കണ്ടെത്താൻ ശ്രമം തുടർന്നുവരികയാണെന്ന് പൊലീസ് പറഞ്ഞു.












Click it and Unblock the Notifications