വെള്ളറടയിൽ വീട്ടമ്മയുടെ മരണം കൊലപാതകം! കവർച്ചയ്ക്കിടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി!
വെള്ളറട: തനിച്ച് താമസിച്ചുവന്ന വെള്ളറട കത്തിപ്പാറ ഷാജി ഭവനിൽ പരേതനായ സെൽവരാജിന്റെ ഭാര്യ ബേബിയെ (58) മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പൊലീസിന് സൂചന ലഭിച്ചു. കവർച്ചയ്ക്കിടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക നിഗമനം. ബേബി ധരിച്ചിരുന്നതുൾപ്പെടെ വീട്ടിലുണ്ടായിരുന്ന ഇരുപത് പവനോളം സ്വർണം നഷ്ടപ്പെട്ടിട്ടുണ്ട്. സ്വർണം കവർച്ച ചെയ്യാനായി ബേബിയെ അപായപ്പെടുത്തിയതാകാമെന്നാണ് പൊലീസ് പറയുന്നത്.
മൂന്നുദിവസം പഴക്കമുള്ള മൃതദേഹം നെയ്യാറ്റിൻകര ഡിവൈ. എസ്.പി ഹരികുമാറിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് തയ്യാറാക്കി പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നാവ് പുറത്തേക്ക് നീട്ടി കടിച്ചുപിടിച്ച നിലയിലാണ് ബേബിയുടെ മൃതദേഹം കാണപ്പെട്ടിരിക്കുന്നത്. ശരീരത്തിന് പുറമേ കാര്യമായ പരിക്കുകളുള്ളതായി വ്യക്തമല്ല. ശ്വാസം മുട്ടിച്ചാകാം കൊലപ്പെടുത്തിയത്. പോസ്റ്റുമോർട്ടത്തിനുശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാൻ കഴിയൂ.

ബുധനാഴ്ച ഉച്ചവരെ ഫോണിൽ സംസാരിച്ച മാതാവിനെ പിന്നീട് ഫോണിൽ കിട്ടാത്തതിനെ തുടർന്ന് ഇളയമകൾ കഴിഞ്ഞദിവസം വീട്ടിലെത്തി. അമ്മയുടെ മുറി പൂട്ടിയ നിലയിലായതിനാൽ ഇവർ പുറത്ത് പോയതാകാമെന്ന് കരുതി രാത്രിവരെ കാത്തു. പിന്നീട് സംശയം തോന്നി പാറശാല താമസിക്കുന്ന മൂത്തസഹോദരിയെ വിവരം അറിയിച്ചു. ഇരുവരും ചേർന്ന് നടത്തിയ തെരച്ചിലിൽ മാതാവിന്റെ മുറിയുടെ താക്കോൽ സ്റ്റെയർകേസിന്റെ അടിയിൽ ഉപേക്ഷിക്കപ്പെട്ടനിലയിൽ കണ്ടെത്തി. തുടർന്ന് വാതിൽ തുറന്നപ്പോഴാണ് ബേബിയെ കട്ടിലിൽ മരിച്ച നിലയിൽ കണ്ടത്.
സയന്റിഫിക് വിദഗ്ദ്ധർ ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ദ്ധർ എന്നിവർ തെളിവുകൾ ശേഖരിച്ചു. നെയ്യാറ്റിൻകര ഡിവൈ. എസ്. പി ഹരികുമാർ, വെള്ളറട സി. ഐ അജിത് കുമാർ, എസ്. ഐ സതീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ പൊലീസെത്തി അന്വേഷണം ആരംഭിച്ചു.
കൊലപാതകവുമായി ബന്ധപ്പെട്ട് പ്രദേശമാകെ അരിച്ചുപെറുക്കിയ പൊലീസ് സിസി ടിവി കാമറകളുടെയും സൈബർ സെല്ലിന്റെയും സഹായത്തോടെ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ബേബിയുമായി ചിലർക്ക് സാമ്പത്തിക ഇടപാടുകളുള്ളതായി സൂചന ലഭിച്ചിരുന്നു. ഇതുൾപ്പെടെ എല്ലാം അന്വേഷണ പരിധിയിലാണെന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന നെയ്യാറ്റിൻകര ഡിവൈ.എസ് പി ഹരികുമാർ പറഞ്ഞു.












Click it and Unblock the Notifications