യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച മൂന്ന് പേരെ പിടികൂടി..
മലയിൻകീഴ്: യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച നാലംഗ സംഘത്തിലെ മൂന്ന് പേരെ മാറനല്ലൂർ പൊലീസ് പിടികൂടി. കണ്ടല മുണ്ടൻചിറ പാറയിൽ വീട്ടിൽ മുകേഷിനെ (അംബി-30)യാണ് ആക്രമിച്ച് 3,000 രൂപ തട്ടിയെടുത്ത ആക്രമികൾ ബൈക്കും കത്തിച്ചു. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി 8.30 യ്ക്കാണ് സംഭവം.
ബൈക്കിൽ വരികയായിരുന്ന മുകേഷിനെ നാലംഗസംഘം തടഞ്ഞു നിറുത്തി ആയുധങ്ങൾ ഉപയോഗിച്ച് ക്രൂരമായി ആക്രമിക്കുകയായിരുന്നു.
തലയ്ക്ക് അടിയേറ്റതിനെ തുടർന്ന് ഒാടി രക്ഷപ്പെടുന്നതിനിടെയാണ് പോക്കറ്റിൽ ഉണ്ടായിരുന്ന പണം തട്ടിയെടുത്തത്.പ്രതികളിൽ മൂന്ന് പേരെ മലയിൻകീഴ് പൊലീസ് അറസ്റ്റ് ചെയ്തു . കണ്ടല സ്വദേശി സതികുമാർ (തത്ത ബിനു-29), കാരങ്കോട് ഉൗരൂട്ടമ്പലം സ്വദേശി കിരൺ (26), കള്ളിക്കാട് സ്വദേശി ബിനോയ് (അനൂപ്-29) എന്നിവരാണ് അറസ്റ്റിലായത്. നന്ദു എന്ന മറ്റൊരാൾ ഇപ്പോഴും ഒളിവിലാണ്.

മുൻ വൈരാഗ്യത്തെ തുടർന്നാണ് ആക്രമണമെന്ന് പൊലീസ് പറഞ്ഞു. നിരവധി കഞ്ചാവ് കേസുകളിൽ പ്രതികളാണ് അറസ്റ്റിലായവരെന്നും പൊലീസ് വ്യക്തമാക്കി. മാറനല്ലൂർ എസ്.ഐ ആർ. രാജീവിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.












Click it and Unblock the Notifications