മണി എക്സ്ചേഞ്ചിൽനിന്ന് വിദേശികൾ പണം തട്ടിയെടുത്തു. കവർന്നത് 7500 സൗദി റിയാലും 75 കുവൈറ്റ് ദിനാറും
ആറ്റിങ്ങൽ: വിദേശികളായ സ്ത്രീയും പുരുഷനും ആറ്റിങ്ങലിലെ ഫോറിൻ മണി എക്സ്ചേഞ്ചിൽ നിന്ന് ഒന്നേമുക്കാൽ ലക്ഷം രൂപയ്ക്കുള്ള വിദേശ കറൻസികൾ തട്ടിയെടുത്തതായി പരാതി. കച്ചേരി ജംഗ്ഷൻ- ചിറയിൻകീഴ് റോഡിലെ വി.എസ്. അസോസിയേറ്റ്സിൽ നിന്ന് ഇന്നലെ ഉച്ചയ്ക്ക് 12.50 ഓടെയാണ് പണം കവർന്നത്.1000 ദർഹത്തിന് ചെയിഞ്ച് വേണമെന്ന് ആവശ്യപ്പെട്ടാണ് ഇവർ എത്തിയത്. കൗണ്ടറിൽ ഉണ്ടായിരുന്ന ആൾ ചെയിഞ്ച് എടുക്കാൻ അകത്തേയ്ക്കു പോയ തക്കംനോക്കി , മേശയിൽ ഉണ്ടായിരുന്ന വിദേശ കറൻസികൾ തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നു . 7500 സൗദി റിയാൽ, 75 കുവൈറ്റ് ദിനാർ എന്നിവയാണ് കവർന്നത്. ഇതേരീതിയിൽ ഒരാഴ്ച മുൻപ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഫോറിൽ മണി എക്ചേഞ്ച് സ്ഥാപനത്തിൽ തട്ടിപ്പു നടത്തിയിരുന്നു.

ആറ്റിങ്ങലിലെ സ്ഥാപനഉടമ തിരുവനന്തപുരത്തെ സ്ഥാപനവുമായി ബന്ധപ്പെട്ട് അന്നത്തെ സി.സി ടി.വി ദൃശ്യംവരുത്തി പരിശോധിച്ചപ്പോൾ അവർതന്നെയാണ് ഇവിടെയും തട്ടിപ്പ് നടത്തിയതെന്ന് മനസിലായിട്ടുണ്ട് .
ആറ്റിങ്ങലിലെ സ്ഥാപനത്തിൽ കുറച്ചു ദിവസമായി സി.സി.ടി.വി കാമറ വർക്ക് ചെയ്യാത്തതിനാൽ ആ ദൃശ്യങ്ങൾ ലഭ്യമായിരുന്നില്ല. ആറ്റിങ്ങൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ദേശീയ പാതയിൽ സ്ഥാപിച്ചിട്ടുള്ള കാമറകളിൽ നിന്ന് വിദേശികളുടെ ദൃശ്യങ്ങൾ ശേഖരിച്ചുവരുന്നു.അഞ്ചുമാസം മുമ്പ് ഉള്ളൂരിന് സമീപത്തെ ഫോറിൻ എക്സ് ചേഞ്ച് സ്ഥാപനത്തിലും ഇവർ തട്ടിപ്പ് നടത്തിയതായി പൊലീസ് സ്ഥിരീകരിച്ചു. ഉള്ളൂരിലെ സ്ഥാപനത്തിൽ നിന്ന് ലഭിച്ച സിസി ടിവി ദൃശ്യങ്ങളിൽ നിന്നാണ് ഇവർ തന്നെയാണ് ആറ്റിങ്ങലിലും തട്ടിപ്പ് നടത്തിയതെന്ന് സ്ഥിരീകരിച്ചത്.












Click it and Unblock the Notifications