പൂജപ്പുര തമലം ത്രിവിക്രമംഗലം ക്ഷേത്രത്തിൽ മോഷണം: മുഖചാർത്തും പണവും നഷ്ടമായി
തിരുവനന്തപുരം:പൂജപ്പുര തമലം ത്രിവിക്രമംഗലം മഹാവിഷ്ണു ക്ഷേത്രത്തിൽ വൻ കവർച്ച. ശ്രീകോവിലിന്റെ വാതിലുകൾ പൊളിച്ച് ഭക്തൻ നേർച്ചയായി സമർപ്പിച്ച മുഖചാർത്തും കാണിക്ക വഞ്ചികളിലുണ്ടായിരുന്ന പണവും കവർന്നു. നാല്പതിനായിരം രൂപ വിലയുള്ള വെള്ളി മുഖചാർച്ചും കാണിക്കപ്പണവുമാണ് മോഷണംപോയത്.
ഇന്നലെ പുലർച്ചെ 5ന് നടതുറക്കാൻ കീഴ്ശാന്തി രാജേഷ് എത്തിയപ്പോഴാണ് ശ്രീകോവിലിന്റെ ഇരുമ്പ് ഗ്രില്ലും വാതിലുകളും തുറന്നുകിടക്കുന്ന നിലയിൽ കണ്ടത്. തുടർന്ന് രാജേഷ് സബ് ഗ്രൂപ്പ് ഓഫീസറെ വിവരം അറിയിക്കുകയായിരുന്നു. പൂജപ്പുര പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ ക്ഷേത്രത്തിന് സമീപത്തെ വിളയിൽ നിന്നും കാണിക്കവഞ്ചികൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.

നാലമ്പലത്തിനുള്ളിലാണ് കാണിക്ക വഞ്ചികൾ സൂക്ഷിച്ചിരുന്നത്. മാസംതോറും കാണിക്ക എണ്ണുമ്പോൾ 25,000 മുതൽ 30,000 രൂപ വരെ നടവരവ് കിട്ടിയിരുന്നു. ഇന്നലെ കാണിക്കവഞ്ചി തുറക്കാനിരിക്കുമ്പോഴാണ് മോഷണം നടന്നത്. വിരലടയാള വിദഗ്ദ്ധർ സ്ഥലത്തെത്തി തെളിവെടുത്തു. പൊലീസ് നായ കരമനയാറിന് കരയിലെ പാതയിലൂടെ ഓടിയെങ്കിലും അല്പദൂരം കഴിഞ്ഞ് മടങ്ങി. പൂജപ്പുര പൊലീസിനാണ് അന്വേഷണ ചുമതല.
കഴിഞ്ഞ വർഷവും കർക്കിടക മാസത്തിൽ ക്ഷേത്രത്തിൽ മോഷണം നടന്നിരുന്നു. അന്ന് പുരാതനമായ മുഖച്ചാർത്തും കാണിക്ക പണവും മോഷണംപോയിരുന്നു. ഈകേസിലെ മോഷ്ടാക്കളെ ഇനിയും പിടികൂടിയിട്ടില്ല. അതിന് ശേഷമാണ് ഭക്തർ പുതിയ മുഖചാർത്ത് സമർപ്പിച്ചത്.












Click it and Unblock the Notifications