തിരുവനന്തപുരത്ത് മെഡിക്കൽ കോളേജ് ഹയർസെക്കന്ററി സ്കൂൾ വിദ്യാർഥികൾക്ക് കുത്തേറ്റു
ഉള്ളൂർ: മെഡിക്കൽ കോളജ് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികളെ പൂർവവിദ്യാർഥികൾ കുത്തി പരിക്കേൽപ്പിച്ചു. പേയാട് സ്വദേശി ആദർശ് (17) തമ്പാനൂർ സ്വദേശി അനൂപ് (17) എന്നിവർക്കാണ് പരിക്കേറ്റത്. സ്കൂളിൽ നിന്നും മെഡിക്കൽ കോളേജ് ബസ് സ്റ്റാന്റിലേക്ക് ഓട്ടോയിൽ വരികയായിരുന്ന ഇവരെ റോഡിൽ തടഞ്ഞു നിർത്തിയായിരുന്നു ആക്രമിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ ഇരുവരെയും മെഡിക്കൽകോളേജ് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു .
ആദർശിന് വലത് തോളിനാണ് കുത്തേറ്റത്. അനൂപിന്റെ വലത് തോളിനും ഇടതുകൈയിലും കുത്തേറ്റു. ഇന്നലെ വൈകിട്ട് നാലു മണിയോടെയാണ് സംഭവം. പൂർവ വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. ഇന്നലെ ഉച്ചയോടെ ചെറിയ പ്രശ്നങ്ങൾ ഉണ്ടാവുകയും സ്കൂൾ അധികൃതർ പൊലീസിന്റെ സഹായം തേടുകയും ചെയ്തിരുന്നു. എന്നാൽ രേഖാമൂലം പരാതി നൽകുവാൻ സ്കൂള്‍ അധികൃതർ തയ്യാറായില്ല.

ചില കുട്ടികളുടെ രക്ഷിതാക്കളെ സ്കൂളിലേക്ക് വിളിച്ചു വരുത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കഴക്കൂട്ടം സൈബർസിറ്റി എ സി അനിൽകുമാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തി സ്ഥിതിഗതികൾ വിലയിരുത്തി. സർജറി വിഭാഗത്തിൽ പ്രവേശിപ്പിച്ച വിദ്യാർഥികളുടെ പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മെഡിക്കൽകോളേജ് പൊലീസ് അന്വേഷണം ആരംഭിച്ചു.












Click it and Unblock the Notifications