സ്കൂൾ വിട്ട് മടങ്ങിവരികയായിരുന്ന പെൺകുട്ടിയെ ഒളിച്ചിരുന്ന് കടന്നുപിടിച്ചു; യുവാവിന് 7 വർഷം തടവ്
തിരുവനന്തപുരം:സ്കൂൾ വിട്ട് മടങ്ങിവരികയായിരുന്ന പെൺകുട്ടിയെ കടന്നുപിടിച്ച പോക്സോ കേസിലെ പ്രതിയെ തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി ആർ രേഖ ശിക്ഷ വിധിച്ചു. സ്കൂളിൽ നിന്ന് വീട്ടിലേക്ക് വരുന്ന വഴി എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെയാണ് പ്രതി കടന്നുപിടിച്ചത്. കേസിലെ പ്രതി ചിറ്റാഴ മുല്ലക്കാരക്കോണം വീട്ടിൽ രാജേഷിനെ ( 30 ) ഏഴ് വർഷം വെറും തടവിനും ഇരുപതിനായിരം രൂപ പിഴഅടക്കാനുമാണ് ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കിൽ അഞ്ച് മാസം കൂടുതൽ ശിക്ഷ അനുഭവിക്കണം. 2022 നവംബർ 25 ന് മൂന്ന് മണിക്ക് മുക്കോല മരുതൂർ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂളിൽ നിന്ന് പതിമൂന്ന്കാരിയായ കുട്ടി വീട്ടിലേക്ക് തിരിച്ച് വരുന്ന വഴി ഒരു വീടിന് മുന്നിൽ നിന്ന് ബഹളം വെയ്ക്കുകയായിരുന്നു ഈ പ്രതി. ഇത് കണ്ട് പേടിച്ച കുട്ടി അതേ വീട്ടിൽ കയറി കുറച്ച് സമയം നിന്നു. പ്രതി പോയിക്കഴിഞ്ഞ ശേഷം പോയാൽ മതിയെന്ന് വീട്ടിലുള്ളവർ കുട്ടിയോട് പറഞ്ഞു.

കുറച്ച് നേരം കഴിഞ്ഞ് പ്രതി പോയിക്കാണും എന്ന് കരുതി കുട്ടി തിരിച്ച് പോകുമ്പോഴാണ് ഒളിഞ്ഞ് നിന്ന പ്രതി കുട്ടിയോട് അശ്ലീലച്ചുവയോടെ സംസാരിച്ച് കടന്ന് പിടിച്ചത്. കുട്ടി പ്രതിയെ തട്ടിമാറ്റി ഓടി രക്ഷപ്പെട്ടു.
വീട്ടിൽ എത്തി സംഭവം പറഞ്ഞതിനെ തുടർന്ന് വീട്ടുകാർ സ്ഥലത്തെത്തിയപ്പോൾ പ്രതി അവിടെ ഉണ്ടായിരുന്നില്ല. ഇയാളെ ആദ്യം കണ്ട വീട്ടുകാരെ ഇയാൾ അസഭ്യം വിളിച്ചപ്പോൾ താൻ ചിറ്റാഴയുള്ള രാജേഷ് ആണെന്നും തന്നെ നിങ്ങൾക്കൊന്നും ചെയ്യാനാവില്ലെന്ന് പറഞ്ഞാണ് ഭീഷണിപ്പെടുത്തിയത്.
ഇങ്ങനെയാണ് ഇയാളുടെ വിവരം പോലിസ് ശേഖരിച്ചത്. കുട്ടി മണ്ണന്തല പോലീസിൽ പരാതി നൽകി. തുടർന്നുള്ള അന്വേഷണത്തിൽ ഇതേ പേരിലുള്ള പ്രതി ഒരു സ്ത്രീയെ ഉപദ്രവിച്ച കേസിൽ ജയിലിൽ കിടക്കുകയാണെന്ന വിവരം പോലീസിന് ലഭിച്ചു.
ഇതേ ദിവസം വൈകിട്ട് തന്നെ സ്ത്രീയെ ഉപദ്രവിച്ച കേസിൽ വട്ടപ്പാറ പോലീസ് ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയിലെത്തിച്ചിരുന്നു. ഇയാളെ റിമാൻഡ് ചെയ്യുകയും ചെയ്തു.പ്രതിയുടെ ഫോട്ടോ കുട്ടിയെ കാണിച്ച് തിരിച്ചറിയുകയായിരുന്നു. മണ്ണന്തല എസ് ഐ ആർ എൽ രാഹുലാണ് കേസ് അന്വേഷിച്ചത്.












Click it and Unblock the Notifications