കാണാതായ യുവതി വനത്തിനോട് ചേർന്ന ആളൊഴിഞ്ഞ വീട്ടിൽ കൊല്ലപ്പെട്ടനിലയിൽ; സുഹൃത്ത് പിടിയിൽ
വിതുരം: കഴിഞ്ഞ ദിവസം കാണാതായ യുവതിയെ വനത്തിനോട് ചേർന്നുള്ള ആളൊഴിഞ്ഞ വീട്ടിൽ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. വിതുര മണലി ചെമ്പിക്കുഞ്ഞ് അബി ഭവനിൽ സുനില ( 22 )യുടെ മൃതദേഹമാണ് ചൊവ്വാഴ്ച്ച വൈകീട്ടോടെ സമീപത്തെ ഊരായ കല്ലൻകുടി ഊറാൻമൂട്ടിലെ വീട്ടിൽ നിന്ന് കണ്ടെത്തിയത്.
കൊലപാതകം നടത്തി എന്ന് സംശയിക്കുന്ന സുഹൃത്ത് അച്ചു ( 24) വിനെ പാലോട് വനത്തിൽ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. കൂട്ടുകാരിക്കൊപ്പം മെഡിക്കൽ കോളേജിൽ പോകുന്നുവെന്ന് പറഞ്ഞ് തിങ്കളാഴ്ച പുലർച്ചയോടെ വീട്ടിൽ നിന്ന് പോയ സുനില വൈകീട്ടായിട്ടും മടങ്ങിവന്നില്ല. ഇതിന് പിന്നാലെയാണ് സുനിലയുടെ മാതാപിതാക്കളും ഭർത്താവ് സിബിയും പരാതി നൽകിയത്.

അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹം കല്ലൻകുടിയിലെ വീട്ടിൽ നിന്ന് കണ്ടെത്തിയത്. ഇതിനിടെ സംശയാസ്പദമായി കണ്ട അച്ചുവിനെ പാലോട് പോലീസ് ചോദ്യം ചെയ്തു. ഇതിൽ നിന്നാണ് കൊലപാതകത്തെക്കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ പുറത്ത് വന്നത്.
ഇരുവരും നേരത്തെ അടുപ്പത്തിലായിരുന്നുവെന്നും ഒരുമിച്ച് ജീവിക്കാൻ സാധിക്കാത്തത് കൊണ്ട് മരിക്കാൻ തീരുമാനിച്ചെന്നും സുനിലയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനാണ് തീരുമാനിച്ചതെന്നുമാണ് പ്രതി പറയുന്നത്. ഇയാളെ വിതുര പോലീസ് കൈമാറി.












Click it and Unblock the Notifications