തിരുവനന്തപുരം കോർപറേഷൻ ചുവന്ന് തന്നെ, ഭരണം നിലനിർത്തി എൽഡിഎഫ്, യുഡിഎഫിന് ദയനീയ തകർച്ച
തിരുവനന്തപുരം: തലസ്ഥാന ജില്ല പിടിച്ചാല്‍ കേരളം പിടിച്ചു എന്ന മട്ടിലാണ് ഇക്കുറി തിരുവനന്തപുരം ജില്ലയിലെ തദ്ദേശ തിരഞ്ഞെടുപ്പ് നടന്നത്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം പിടിക്കാമെന്ന കടുത്ത ആത്മവിശ്വാസത്തിലായിരുന്നു ബിജെപി. ശക്തമായ മത്സരം തിരുവനന്തപുരത്ത് ബിജെപി കാഴ്ച വെച്ചുവെങ്കിലും കോര്‍പറേഷന്‍ ഭരണം എല്‍ഡിഎഫ് നിലനിര്‍ത്തുന്ന കാഴ്ചയാണ് തിരുവനന്തപുരത്ത്.
തിരുവനന്തപുരം കോര്‍പറേഷനിലെ 100 സീറ്റുകളില്‍ എല്‍ഡിഎഫ് ഇതിനകം കേവല ഭൂരിപക്ഷം മറികടന്നിരിക്കുകയാണ്. കേവല ഭൂരിപക്ഷമായ 50 സീറ്റുകള്‍ എല്‍ഡിഎഫ് മറികടന്നു. 51 സീറ്റുകളില്‍ ആണ് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നത്. ഇത് കഴിഞ്ഞ തവണത്തേക്കാള്‍ ഉയര്‍ന്ന സീറ്റ് നിലയാണ്. അതേസമയം ബിജെപി 34 സീറ്റുകളില്‍ ആണ് തിരുവനന്തപുരം കോര്‍പറേഷനില്‍ ലീഡ് ചെയ്യുന്നത്.

എന്നാല്‍ തലസ്ഥാന ജില്ലയില്‍ അതീവ ദയനീയമായ പ്രകടനാണ് സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷമായ യുഡിഎഫ് കാഴ്ച വെച്ചിരിക്കുന്നത്. വെറും പത്ത് സീറ്റുകളില്‍ മാത്രമാണ് തിരുവനന്തപുരത്ത് യുഡിഎഫ് ലീഡ് ചെയ്യുന്നത്. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ക്കേ തന്നെ മത്സരം എല്‍ഡിഎഫും എന്‍ഡിഎയും തമ്മില്‍ ആയിരുന്നു. തുടക്കം മുതല്‍ക്കേ തന്നെ എല്‍ഡിഎഫ് കോര്‍പ്പറേഷനില്‍ ലീഡ് നിലനിര്‍ത്തി. ഇടയ്ക്ക് പോരാട്ടം ഇഞ്ചോടിഞ്ച് ആയിരുന്നുവെങ്കിലും പിന്നീട് വ്യക്തമായ ലീഡിലേക്ക് എല്‍ഡിഎഫ് എത്തുകയായിരുന്നു.
മുൻ മേയറും മേയർ സ്ഥാനാർത്ഥികളായി കണക്കാക്കിയിരുന്നവരും തോറ്റത് വിജയത്തിളക്കത്തിനിടയിലും എൽഡിഎഫിന് തിരിച്ചടിയായി. കരിക്കകം വാര്‍ഡിലാണ് മേയർ കെ ശ്രീകുമാര്‍ തോല്‍വി ഏറ്റുവാങ്ങിയിരിക്കുന്നത്. ബിജെപി സ്ഥാനാര്‍ത്ഥിയോടാണ് മേയറുടെ തോല്‍വി. കരിക്കകം ബിജെപി കഴിഞ്ഞ തിരഞ്ഞെടുപ്പിലും വിജയിച്ച സീറ്റാണ്. ബിജെപിയിലെ ടിജി കുമാരനാണ് മേയറെ പരാജയപ്പെടുത്തിയിരിക്കുന്നത്. 116 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ആണ് ബിജെപി കരിക്കകത്ത് വിജയിച്ചത്.
Recommended Video

മേയര്‍ സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ എസ് പുഷ്പലത, പ്രൊഫസര്‍ എജി ഒലീന എന്നിവരും തോറ്റു. നെടുങ്കാട് വാര്‍ഡില്‍ നിന്നാണ് പുഷ്പലത പരാജയപ്പെട്ടത്. എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റായ കുന്നുകുഴി വാര്‍ഡിലാണ് ഒലീന തോറ്റത്. 2015ലെ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 43 സീറ്റുകള്‍ ആയിരുന്നു ലഭിച്ചിരുന്നത്. എന്‍ഡിഎയ്ക്ക് 35 സീറ്റുകളും കോണ്‍ഗ്രസിന് 21 സീറ്റുകളും ലഭിച്ചു. ഈ സീറ്റുകള്‍ പോലും ഇക്കുറി നിലനിര്‍ത്താന്‍ യുഡിഎഫിന് സാധിച്ചിട്ടില്ല. അതേസമയം എല്‍ഡിഎഫ് വലിയ തോതില്‍ നില മെച്ചപ്പെടുത്തി.












Click it and Unblock the Notifications