രണ്ട് വയസുകാരിയുടെ തിരോധാനം; സഹോദരങ്ങളുടെ മൊഴിയില്‍ അവ്യക്തത, കുഴഞ്ഞ് പൊലീസ്
തിരുവനന്തപുരം: പേട്ടയില്‍ രണ്ട് വയസുകാരിയായ നാടോടി ബാലികയെ കാണാതായിട്ട് ഒമ്പത് മണിക്കൂര്‍ പിന്നിടുന്നു. പൊലീസ് നഗരം കേന്ദ്രീകരിച്ചും മറ്റും അന്വേഷണം വ്യാപിപ്പിക്കുന്നുണ്ടെങ്കിലും യാതൊരു സൂചനയും ഇതുവരെ ലഭിച്ചിട്ടില്ല. അതിനിടെ സംഭവത്തില്‍ കുട്ടിയുടെ സഹോദരങ്ങളുടെ മൊഴിയിലെ അവ്യക്തതയാണ് പൊലീസിനെ കുഴപ്പിക്കുന്നത്.
സഹോദരിയെ ചോക്ലേറ്റ് കാണിച്ച് പ്രലോഭിപ്പിച്ച് സ്‌കൂട്ടറില്‍ കയറ്റി കൊണ്ടുപോകുന്നത് കണ്ടു എന്നായിരുന്നു മൂത്ത സഹോദരന്‍ പൊലീസിനോട് പറഞ്ഞത്. ഇളയസഹോദരനാണ് ഇക്കാര്യം തന്നോട് പറഞ്ഞത് എന്നും മൂത്തകുട്ടി പൊലീസിനോട് പറഞ്ഞിരുന്നു. എന്നാല്‍ താന്‍ അമ്മയുടെ കരച്ചില്‍ കേട്ടാണ് എഴുന്നേറ്റത് എന്നാണ് ഇളയ സഹോദരന്‍ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി.

തട്ടിക്കൊണ്ടുപോയ വാഹനം കണ്ടിട്ടില്ല എന്നും ഇളയസഹോദരന്‍ പൊലീസിനോട് പറഞ്ഞു. പരസ്പര വിരുദ്ധമായ ഈ മൊഴിയാണ് പൊലീസിനെ കുഴപ്പിക്കുന്നത്. അതേസമയം സി സി ടി വി ദൃശ്യങ്ങള്‍ ശേഖരിക്കുന്നുണ്ട് എന്നും ഇതുവരെ സൂചനകളൊന്നും ഇല്ല എന്നും പൊലീസ് പറഞ്ഞു. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് അന്വേഷണ ചുമതല. കറുപ്പില്‍ വെള്ളപുള്ളിയുള്ള ടീ ഷര്‍ട്ടാണ് കാണാതാകുമ്പോള്‍ കുട്ടി ധരിച്ചിരുന്നത്.
മേരിക്ക് മൂന്നടി ഉയരവും മെലിഞ്ഞ ശരീരവുമാണ് എന്നാണ് എഫ് ഐ ആറില്‍ പറഞ്ഞിരിക്കുന്നത്. പൊലീസ് നായ കുട്ടിയെ കാണാതായ 400 മീറ്റര്‍ അകലെ വരെ മണം പിടിച്ച് എത്തിയിരുന്നു. പൊലീസിന് ലഭിച്ച മൊഴി അനുസരിച്ച് മഞ്ഞ ആക്ടീവ സ്‌കൂട്ടര്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. തിരുവനന്തപുരം പേട്ട ഓള്‍ സെയിന്റ്‌സ് കോളേജിന് സമീപം താമസിച്ചിരുന്ന നാടോടി ദമ്പതികളുടെ രണ്ടു വയസുകാരി മകള്‍ മേരിയെ ആണ് തട്ടിക്കൊണ്ടുപോയത്.
അതീവ സുരക്ഷയുള്ള മേഖലയില്‍ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയതിന്റെ ഞെട്ടലിലാണ് നാട്ടുകാര്‍. തിരുവനന്തപുരത്ത് ഏറ്റവുമധികം അതിഥി തൊഴിലാളികള്‍ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന സ്ഥലമാണിത്. അതിഥി തൊഴിലാളികളെ കേന്ദ്രീകരിച്ചും മയക്കുമരുന്ന് സംഘങ്ങളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. തേന്‍ ശേഖരിക്കുന്ന തൊഴിലാളികളായ അമര്‍ദ്വീപ് - റമീനദേവി ദമ്പതികളാണ് കാണാതായ മേരിയുടെ മാതാപിതാക്കള്‍.
അതേസമയം കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 0471- 2743195 എന്ന നമ്പറിലോ പൊലീസ് കണ്‍ട്രോള്‍ റൂം നമ്പറായ 112 ലോ ബന്ധപ്പെടണം. ജനങ്ങളുടെ സഹകരണത്തോടെ ഊര്‍ജിതമായ അന്വേഷണം നടക്കുന്നുണ്ട് എന്ന് ആന്റണി രാജു എം എല്‍ എ പറഞ്ഞു. ഉന്നത പൊലീസ് ഉദ്യോ?ഗസ്ഥരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.












Click it and Unblock the Notifications