ഇന്ധനം വാങ്ങിയ വകയില്‍ ഒന്നരക്കോടി രൂപ കുടിശ്ശിക; പോലീസിന്റെ പെട്രോള്‍ പമ്പ് പൂട്ടി
തിരുവനന്തപുരം: തിരുവനന്തപുരത്തെ പോലീസ് പെട്രോൾ പമ്പ് പൂട്ടിയതായി റിപ്പോർട്ട്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെയാണ് പമ്പ് പൂട്ടിയത്. എസ്.എ.പി ക്യാമ്പിലെ പമ്പാണ് പ്രവർത്തനം നിർത്തിയത്. ഇതോടെ പോലീസ് വാഹനങ്ങൾക്കുള്ള ഇന്ധന വിതരണം നിലച്ചു. ഇന്ധനം വാങ്ങിയ വകയിൽ ഒന്നരക്കോടി രൂപ കുടിശ്ശിക വരുത്തിത് കൊണ്ട് ഇന്ധന കമ്പനികൾ വിതരണം നിർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പമ്പ് അടയ്ക്കേണ്ട സാഹചര്യമുണ്ടായത്. പ്രതിസന്ധി മറികടക്കാൻ പോലീസ് വാഹനങ്ങൾ സ്വകാര്യ പമ്പുകളിൽ നിന്ന് ഇന്ധനം നിറയ്ക്കാൻ ഡി.ജി.പി സർക്കുലർ ഇറക്കി.
എസ്എപി ക്യാമ്പിൽ നിന്ന് ഇന്ധനം നിറച്ചിരുന്ന പോലീസ് വാഹനങ്ങൾ ഔദ്യോഗിക ഡ്യൂട്ടികൾക്ക് തടസ്സമുണ്ടാകാത്ത തരത്തിൽ ബദൽ മാർഗങ്ങൾ കണ്ടെത്താനാണ് സർക്കുലറിൽ നിർദ്ദേശിക്കുന്നത്. പേരൂർക്കട എസ്.എ.പി ക്യാമ്പിൽ പ്രവർത്തിക്കുന്ന പോലീസ് പെട്രോൾ പമ്പിലേക്ക് ഇന്ധനം വാങ്ങുന്നതിനുള്ള തുക അനുവദിക്കാനുള്ള അപേക്ഷ സർക്കാരിന്റെ പരിഗണനയിലാണ്.

സാമ്പത്തിക പ്രതിസന്ധി പരിഗണിച്ചാണ് സർക്കാർ തീരുമാനം വൈകുന്നത്. ഇന്ധന പ്രതിസന്ധി കണക്കിലെടുത്ത് മറ്റ് യൂണിറ്റുകളിൽ നിന്ന് തിരുവനന്തപുരത്തേക്ക് ഡ്യൂട്ടിക്കായി വരുന്ന പോലീസ് വാഹനങ്ങൾ ഡ്യൂട്ടി നിർവഹണത്തിന് ആവശ്യമായ ഇന്ധനം നിറയ്ക്കുന്നതിനുള്ള തുക കൂടി കരുതണമെന്നാണ് ഡിജിപി നിർദ്ദേശം.
അതേസമയം, ബഡ്‌ജറ്റ് നിർദേശങ്ങൾ നിലവിൽ വന്നതോടെ പെട്രോളിന്റെയും ഡീസലിന്റെയും മദ്യത്തിന്റെയും വില സംസ്ഥാനത്ത് ഉയർന്നു. പെട്രോളിനും ഡീസലിനും ഇന്ന് മുതൽ 2 രൂപ അധികം നൽകണം. ഇന്ധന വില കുതിച്ചുയരുന്നതിനിടയിൽ ധനപ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് രണ്ട് രൂപ സെസ്സ് സർക്കാർ ഏർപ്പെടുത്തിയത്. ക്ഷേമെ പെൻഷനുകൾ നൽകാൻ പണം കണ്ടെത്താനായാണ് സെസ് ബജറ്റിൽ പ്രഖ്യാപിച്ചത്. കൂടാതെ മദ്യവിലയും ഉയരും. മദ്യത്തിന് പത്ത് രൂപയുടെ വരെ വ്യത്യാസം ഉണ്ടാകും എന്നാണ് വിലയിരുത്തുന്നത് . ഭൂമിയുടെ ന്യായവിലയും ഭൂനികുതിയും കൂടും.
വെള്ളക്കരത്തിന്റെ വർധന നിലവിൽ വന്നുകഴിഞ്ഞു. വൈദ്യുതി നിരക്ക് വർധന ജൂൺ 30നകം വരും. മദ്യത്തിനു മിനിമം പത്തു രൂപയെങ്കിലും കൂടും. ആയിരം വിലയുള്ള മദ്യത്തിന് 20 രൂപയും ആയിരത്തിനു മുകളിലുള്ള മദ്യത്തിനു 40 രൂപ നിരക്കിലുമാണു വർധന വരുന്നത്. ഭൂമിയുടെ ന്യായവിലയിൽ 20 ശതമാനം വർധനവാണ് നടപ്പാകുന്നത്. 13 വർഷത്തിനിടെ അഞ്ച് തവണയാണ് സംസ്ഥാനത്ത് ന്യായവില കൂടിയത്.












Click it and Unblock the Notifications