ഭീതി വിതച്ച് ചെള്ളുപനി; തിരുവനന്തപുരത്ത് വീണ്ടും മരണം
തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും ചെള്ളുപനി മരണം. പരശുവയ്ക്കല്‍ സ്വദേശി സുബിത (38) ആണ് മരിച്ചത്.കഴിഞ്ഞദിവസം തിരുവനന്തപുരത്ത് ഒരു വിദ്യാര്‍ഥിനിയും ചെള്ള് പനി ബാധിച്ച് മരിച്ചിരുന്നു. വര്‍ക്കല മരടുമുക്ക് സ്വദേശി അശ്വതിയാണ് മരിച്ചത്. 15 വയസായിരുന്നു.
പനിയും ഛര്‍ദിയും ബാധിച്ച അശ്വതി വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് മരുന്ന് നല്‍കി ആശുപത്രി അധികൃതര്‍ വീട്ടിലേക്ക് തിരികെ അയച്ചു.

പിറ്റേദിവസം അശ്വതി വീട്ടില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും അശ്വതിയുടെ ഓക്‌സിജന്‍ ലെവല്‍ കുറയുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയുമായിരുന്നു. മെഡിക്കല്‍ പരിശോധനയിലാണ് അശ്വതിക്ക് ചെള്ള് പനി സ്ഥിരീകരിച്ചത്.
ഹിറ്റ് മേയ്ക്കര്‍ക്കൊപ്പമെന്ന് റിമി, ഇത് നമ്മുടെ മച്ചാനല്ലേ എന്ന് ആരാധകര്‍
സംസ്ഥാനത്ത് വീണ്ടും ചെള്ളുപനി മരണം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. പ്രതിരോധം ശക്തമാക്കുന്നതാണെന്നും ചെള്ളുകളെ നശിപ്പിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വീണാ ജോര്‍ജ്ജ് അറിയിച്ചിരുന്നു.
ഓറിയന്‍ഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന പകര്‍ച്ചവ്യാധിയാണ് ചെള്ളുപനി അഥവാ സ്‌ക്രബ് ടൈഫസ്. പ്രധാനമായും എലി, അണ്ണാന്‍, മുയല്‍ തുടങ്ങിയ കരണ്ടു തിന്നുന്ന ജീവികളിലാണ് ഈ രോഗാണുക്കള്‍ കാണപ്പെടുന്നത്. ചെറുപ്രാണികളായ മൈറ്റുകളുടെ ലാര്‍വ ദശയായ ചിഗ്ഗര്‍ മൈറ്റുകള്‍ വഴിയാണ് മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത്.
ചിഗ്ഗര്‍ മൈറ്റ് കടിച്ച് 10 മുതല്‍ 12 ദിവസം കഴിയുമ്പോഴാണ് രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. ചിഗ്ഗര്‍ കടിച്ച ഭാഗം തുടക്കത്തില്‍ ഒരു ചെറിയ ചുവന്ന തടിച്ച പാടായി കാണുകയും പിന്നീട് കറുത്ത വ്രണമായി (എസ്‌കാര്‍) മാറുകയും ചെയ്യുന്നു. കക്ഷം, കാലിന്റെ ഒടി, ജനനേന്ദ്രിയങ്ങള്‍, കഴുത്ത് തുടങ്ങിയ ശരീര ഭാഗങ്ങളില്‍ ആണ് സാധാരണയായി ഇത്തരം പാടുകള്‍ കാണുന്നത്.
വിറയലോടുകൂടിയ പനി, തലവേദന, കണ്ണ് ചുവക്കല്‍, കഴലവീക്കം, പേശീവേദന, വരണ്ട ചുമ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. ചിലരില്‍ തലച്ചോറിനെയും ഹൃദയത്തേയും ബാധിക്കുന്ന തരത്തിലുള്ള സങ്കീര്‍ണതകളും ഉണ്ടാകാറുണ്ട്. രോഗലക്ഷണമുള്ളവര്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടേണ്ടതാണ്. ഒരാഴ്ചയില്‍ നീണ്ടുനില്‍ക്കുന്ന പനിയാണെങ്കില്‍ ചെള്ളുപനിയല്ലെന്ന് ഉറപ്പ് വരുത്തണം. നേരത്തെ കണ്ടെത്തിയാല്‍ സ്‌ക്രബ് ടൈഫസിനെ ആന്റി ബയോട്ടിക് മരുന്നുകള്‍ ഉപയോഗിച്ച് ഫലപ്രദമായി ചികിത്സിക്കാന്‍ കഴിയും.












Click it and Unblock the Notifications