കടമെടുത്ത് 12 ലക്ഷം, പലിശ അടക്കം നൽകാനുണ്ടായത് 40 ലക്ഷം രൂപ; കടം താങ്ങാനാവാതെ കൂട്ടാത്മഹത്യ!!!!
തിരുവനന്തപുരം∙ കഠിനംകുളത്ത് ഒരു കുടുംബത്തിലെ മൂന്നു പേർ ആത്മഹത്യ ചെയ്ത വാർത്ത വളരെ ഞെട്ടലോടെയാണ് നമ്മൾ കേട്ടത്. പൊള്ളലേറ്റ് മരിച്ചനിലയിലായിരുന്നു ഇവരെ കണ്ടെത്തിയത്. ഇപ്പോൾ സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്.
പലിശക്കുരുക്കിൽപ്പെട്ടാണ് ഇവർ ആത്മഹത്യ ചെയ്തതെന്നാണ് വിവരം..
12 ലക്ഷം രൂപ വിവിധ ആവശ്യങ്ങൾക്കായി സ്വകാര്യ വ്യക്തികളിൽ നിന്നും കടമെടുത്ത കുടുംബം പലിശ അടക്കം 40 ലക്ഷം രൂപയാണ് തിരികെ നൽകാനുണ്ടായിരുന്നത്. വസ്തുവും വീടും വിറ്റ് കടം വീട്ടാൻ ശ്രമിച്ചെങ്കിലും ഇതു നടക്കാതെ ആയതോടെയാണ് കുടുംബം ആത്മഹത്യ ചെയ്തത്. കഠിനംകുളം പടിഞ്ഞാറ്റുമുക്ക് ചിറയ്ക്കൽ കാർത്തിക വീട്ടിൽ രമേശൻ (48), ഭാര്യ സുലജ കുമാരി (46), മകൾ രേഷ്മ (23) എന്നിവരാണ് കിടപ്പുമുറിയില്‍ തീ കൊളുത്തി മരിച്ചത്. ഇന്നലെ ആണ് രമേശൻ വിദേശത്തു നിന്ന് നാട്ടിൽ വന്നത്...

സുലജ കുമാരിയുടെ അച്ഛൻ വിദേശത്തുപോകാനായി വർഷങ്ങൾക്കു മുൻപ് പണം പലിശയ്ക്കെടുത്തിരുന്നു. പിന്നീട് വിവിധ ആവശ്യങ്ങൾക്കായും കടം വാങ്ങിയ പണം തിരികെ നൽകാനും പലിശയ്ക്കു പണം വാങ്ങി. കടം വർധിച്ചതോടെ കടം തീർക്കാനായി ഗൾഫിൽപോകാൻ രമേശനും കടം വാങ്ങിയിരുന്നു. മുതൽ തിരിച്ചടച്ചതായാണ് ബന്ധുക്കൾ പറയുന്നത്. പലിശയിനത്തിൽ വലിയ തുക തിരിച്ചടയ്ക്കണം എന്ന് ഭീഷണിയുണ്ടായിരുന്നതായാണ് പറയുന്നത്. പണം കടം നൽകിയവർ വീട്ടിലെത്തി ബഹളമുണ്ടാക്കി. 22 പേർക്കാണ് പണം നൽകാനുണ്ടായിരുന്നത്.

പണം തിരിച്ചടയ്ക്കാനാണ് രമേശൻ ഗൾഫിലേക്ക് പോയത്. എന്നാൽ, ഇത്രയധികം പലിശ തുക ശമ്പളത്തിൽനിന്ന് തിരിച്ചടയ്ക്കാൻ കഴിയാതെ വന്നു. വസ്തുവും വീടും വിറ്റ് പണം തിരികെ നൽകാൻ ആലോചിച്ചെങ്കിലും പണം കടം കൊടുത്തവരിൽ ചിലർ സഹകരിച്ചില്ല. പണവുമായി സ്ഥലം വിടുമെന്ന് ആരോപിച്ച് അവരിൽ ചിലർ കേസ് കൊടുത്തതോടെ വീടും സ്ഥലവും വാങ്ങാനെത്തിയവർ വീടും സ്ഥലവും വാങ്ങുന്നതിൽ നിന്നും പിന്മാറി. ലോൺ എടുത്ത് കടം അടയ്ക്കാൻ നോക്കിയെങ്കിലും അതും നടക്കാതെ പോയി..

ഇന്നലെയാണ് രമേശൻ വിദേശത്തുനിന്നെത്തിയത്. ലോൺ ശരിയായെന്നാണു പറഞ്ഞിരുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു. ഉച്ചയ്ക്കും രാത്രിയും കുടുംബാംഗങ്ങൾ ഒന്നിച്ചു ഭക്ഷണം കഴിച്ചു. മറ്റു പ്രശ്നങ്ങളുള്ളതായി ബന്ധുക്കൾക്കു തോന്നിയില്ല. പിന്നീടാണു കിടപ്പുമുറിയിൽ തീ കൊളുത്തി മൂന്നു പേരും മരിച്ചത്. മകൻ സംഭവ സമയത്ത് വീട്ടിൽ ഇല്ലായിരുന്നു.

8 വർഷം മുൻപ് കടം വാങ്ങിയ 12 ലക്ഷത്തിന്റെ കടമാണ് പലിശ കയറി വലിയ തുകയായതെന്നു ബന്ധുക്കൾ പറഞ്ഞു. മുതൽ കൊടുത്തെങ്കിലും പലിശ കൊടുക്കാൻ കഴിഞ്ഞില്ല. ഒരാൾക്കും മാത്രം 46,000 രൂപ മാസം പലിശ കൊടുത്തിരുന്നു. സ്ഥലം വില്‍ക്കാൻ നോക്കിയിരുന്നുവെങ്കിലും നടക്കാതെ വന്നതോടെയാണ് രമേശൻ ഗൾഫിൽ ഡ്രൈവറായി പോയത്.












Click it and Unblock the Notifications