ഇത് കേരളമാണ്, ഇവിടെ ഇങ്ങനെയാണ്; നബിദിന ഘോഷയാത്രയെ നിലവിളക്കുമായി സ്വീകരിച്ച് ക്ഷേത്രം
തിരുവനന്തപുരം: മതനിരപേക്ഷ നിലപാടുയര്‍ത്തി സമൂഹത്തിന് മാതൃകയായി തിരുവനന്തപുരത്തെ പീരപ്പന്‍കോട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം. നബി ദിനത്തില്‍ പേരയത്തുമുകള്‍ ജുമാ മസ്ജിദിലെ ഘോഷയാത്രയെ നിലവിളക്ക് കൊണ്ടാണ് ക്ഷേത്ര സമിതി സ്വീകരിച്ചത്. ഘോഷയാത്ര കടന്നുപോകുന്ന വഴിയിലായിരുന്നു ക്ഷേത്രം. ഘോഷയാത്ര ഇവിടെ എത്തിയപ്പോഴാണ് സ്വീകരണം നല്‍കിയത്.

image credit: social media
ക്ഷേത്രത്തിന്റെ സ്വീകരണത്തിന് പേരായത്തമുകള്‍ മുഖ്യ ഇമാം ഷാഫി ബാക്കാവി നന്ദി അറിയിച്ചു. ഈ മാതൃക ചടങ്ങിന് സാക്ഷിയായി നിരവധി പേരുമുണ്ടായിരുന്നു. പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനമാണ് നബിദിനമായി ആഘോഷിക്കുന്നത്. വിപുലമായ പരിപാടികളാണ് വിവിധ സ്ഥലങ്ങളില്‍ നടക്കുന്നത്. ലോകമൊട്ടുക്കുമുള്ള മുസ്ലിംഭരണകൂടങ്ങളും, സംഘടനകളും കൂട്ടങ്ങളും വ്യക്തികളുമൊക്കെ മീലാദുന്നബി സംഘടിപ്പിക്കാറുണ്ട്.
ക്രിസ്തുവര്ഷം 571 ഏപ്രില്‍ 21 ന് പുലര്‍ച്ചെ അടുത്ത സമയത്താണ് മുഹമ്മദ് നബി ജനിച്ചത്. മുഹമ്മദ് നബി മരണപ്പെട്ടതും അറുപത്തിമൂന്നാം വയസ്സില്‍ ഇതെ ദിവസം തന്നെയാണ്. ഹിജ്ര വര്‍ഷം റബീഉല്‍ അവ്വല്‍ 12നാണ് നബിദിനം. പ്രവാചകന്‍ മുഹമ്മദിന്റെയോ അനുചരരുടെയോ ജീവിത കാലത്ത് ഇത്തരം ആചാരങ്ങള്‍ നടന്നിട്ടില്ലാത്തതിനാല്‍ മൗലിക വാദികള്‍ നബിദിനം നിഷിദ്ധമാണെന്നു വിശ്വസിക്കുന്നവരാണ്.
അതേസമയം, വിപുലമായ പരിപാടികളാണ് കേരളത്തില്‍ നടക്കുന്നത്. നേരത്തെ നബി ദിനാഘോഷവുമായി ബന്ധപ്പെട്ട ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നബി ദിന റാലിയില്‍ രമ്യ ഹരിദാസ് എം പി ഗാനം ആലപിക്കുന്ന വീഡിയോയാണിത്. തന്റെ മണ്ഡലത്തില്‍ നടന്ന ഒരു പരിപാടിയിലാണ് രമ്യ ഹരിദാസ് ഗാനം ആലപിക്കുന്നത്. വിദ്യാര്‍ത്ഥികളും ചുറ്റും ആളുകളുമൊക്കെ നിറഞ്ഞ സ്ഥലത്തായിരുന്നു എം പിയുടെ ഗാനാലാപനം. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ എം പി അഭിനന്ദിച്ച് രംഗത്തെത്തുന്നത്.












Click it and Unblock the Notifications