ഇന്ധന സെസിനെതിരെയുള്ള പ്രതിഷേധത്തിനിടെ യൂത്ത് കോൺഗ്രസുകാർ നിയമസഭയ്ക്ക് മുന്നിൽ വാഹനം കത്തിച്ചു
ബൈക്ക് കൊണ്ടുവന്ന് നിയമസഭയ്ക്ക് മുന്നിലിട്ട് കത്തിക്കുകയായിരുന്നു. പ്രതിഷേധക്കാർ നിയമസഭയ്ക്കു മുന്നിൽ റോഡ് ഉപരോധിച്ചു.

തിരുവനന്തപുരം: ബജറ്റിലെ ഇന്ധന സെസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് തിരുവനന്തപുരത്ത് നടത്തിയ മാർച്ചിനിടെ വാഹനം കത്തിച്ചു. ബൈക്ക് കൊണ്ടുവന്ന് നിയമസഭയ്ക്ക് മുന്നിലിട്ട് കത്തിക്കുകയായിരുന്നു. പ്രതിഷേധക്കാർ നിയമസഭയ്ക്കു മുന്നിൽ റോഡ് ഉപരോധിച്ചു. പോലീസും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കാനുള്ള ശ്രമം തുടരുകയാണ്.
ഇന്ധന സെസ് ഉൾപ്പെടെ ബജറ്റിലെ നികുതി നിർദേശങ്ങൾക്കെതിരെ യുഡിഎഫ് എംഎൽഎമാർ നിയമസഭാ കവാടത്തിൽ സത്യഗ്രഹം തുടങ്ങി. ഷാഫി പറമ്പിൽ, മാത്യു കുഴൽനാടൻ, നജീബ് കാന്തപുരം, സി.ആർ.മഹേഷ് എന്നിവരാണു സത്യഗ്രഹം ഇരിക്കുന്നത്. നികുതി വർധനയിൽ നിയമസഭയ്ക്കുള്ളിലും പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചു. ചോദ്യോത്തരവേള തുടങ്ങിയതും പ്ലക്കാർഡും ബാനറും ഉയർത്തി പ്രതിഷേധിച്ചു. മുദ്രാവാക്യം വിളിച്ചും പ്രതിഷേധിച്ചശേഷം പ്രതിപക്ഷം ചോദ്യോത്തരവേളയുമായി സഹകരിച്ചു. എംഎല്‍എമാര്‍ പ്ലക്കാര്‍ഡുകളുമായിട്ടാണ് സഭയിലേക്ക് എത്തിയത്.
അതേസമയം, കേരള സർക്കാർ ബജറ്റിലൂടെ നടത്തിയ ജനദ്രോഹ നടപടികൾക്കും നികുതി കൊള്ളയ്ക്കും എതിരെ കേരളം സ്തംഭിപ്പിക്കുന്ന പ്രക്ഷോഭം കോൺഗ്രസ് സംഘടിപ്പിക്കുമെന്ന് കെപിസിസി അറിയിച്ചു. ഫെബ്രുവരി 7ന്( ചൊവ്വാഴ്ച)ഡിസിസികളുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്കും മറ്റു ജില്ലകളിൽ കളക്ട്രേറ്റുകളിലേക്കും പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറൽ സെക്രട്ടറി ടി യു.രാധാകൃഷ്ണൻ പറഞ്ഞു.
ജനത്തിന്റെ നടുവൊടിക്കുന്ന നികുതി നിർദ്ദേശങ്ങൾ പിൻവലിക്കുന്നത് വരെ അതിശക്തമായ സമരപരിപാടികളാണ് കെപിസിസി ആസൂത്രണം ചെയ്യുന്നത്. കേരളത്തിന്റെ ചരിത്രത്തിൽ ഇതുപോലൊരു നികുതി വർധനവ് ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ കേരളം ഇതുവരെ കാണാത്തതിലും വലിയ പ്രക്ഷോഭമായിരിക്കും ഉണ്ടാകാൻ പോകുന്നതെന്നും ടി യു രാധാകൃഷ്ണൻ പറഞ്ഞു.












Click it and Unblock the Notifications